ചെന്നൈ മെയിലിലെ വാഗൻ ട്രാജഡി
February 18, 2017, 12:10 am
കുടുംബജീവിതവും ഉദ്യോഗവും കൂട്ടിയിണക്കിക്കൊണ്ടുപോകാൻ ദിവസേന വളരെയധികം ദൂരം സഞ്ചരിക്കേണ്ടി വരുന്ന ഒരുപറ്റം വനിതകളുടെ പ്രതിനിധിയായാണ് ഈ കത്തെഴുതുന്നത്. എറണാകുളം - കോട്ടയം റൂട്ടിൽ സ്ഥിരം ട്രെയിൻ യാത്രക്കാരായ ഞങ്ങൾക്ക് ഫെബ്രു. 10 ന് നേരിടേണ്ടിവന്ന ദുരവസ്ഥയാണ് വിവരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി ചെന്നൈ മെയിൽ വൈകി വരുന്നതിനാൽ, പിറകെ വരാനുള്ള ട്രെയിനിലെ യാത്രക്കാരും ചെന്നൈ മെയിലിൽ കയറാൻ ശ്രമിക്കും. എന്നാൽ, രണ്ടാഴ്ച മുമ്പുവരെ ചെന്നൈ മെയിലിൽ 4 ജനറൽ കോച്ചുകളും, ഒരു ലേഡീസ് കോച്ചുമുണ്ടായിരുന്നതിനാൽ തിരക്ക് സഹിക്കാൻ കഴിയുമായിരുന്നു. പക്ഷേ, പുതിയ എൽ.എച്ച്.ബി. കോച്ചുകൾ മെയിലിന് ഘടിപ്പിച്ചതിനുശേഷം ലേഡീസ് കംപാർട്ട്മെന്റ് അടക്കം രണ്ടു കോച്ചുകൾ വെട്ടിക്കുറച്ചിരുന്നു. അതോടെ മറ്റൊരു വാഗൺ ട്രാജഡി ദുരന്തത്തിന് ഇടയാക്കുമെന്ന തരത്തിലുള്ള തിക്കും തിരക്കുമാണ് ഇപ്പോൾ ചെന്നൈ മെയിലിലുള്ളത്. അവിടെ ഞങ്ങൾ വനിതകൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. എന്നാൽ, റിസർവേഷൻ കോച്ചിൽ കയറിക്കോട്ടേ എന്നു ചോദിച്ചാൽ
ടി.ടി.ഇ മാർ അറപ്പുളവാക്കുന്ന മറുപടിയാണ് പറയുന്നത്. സീസൺ ടിക്കറ്റ് ഉണ്ടായിട്ടും സ്ളീപ്പർ ടിക്കറ്റിനുള്ള പണം അടയ്ക്കാമെന്ന് പറയുമ്പോൾ പിഴയായി 1000 രൂപയാണ് ചോദിക്കുന്നത്. ഗത്യന്തരമില്ലാതെ ജനറൽ കമ്പാർട്ട്മെന്റിൽ തന്നെ കയറേണ്ടിവരുന്നു. ടോയ്ല‌റ്റിന്റെ നാറ്റവും സഹിച്ച്, ആണുങ്ങൾക്കിടയിൽ മുഴുവൻ ദൂരവും യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥ, ഓർക്കുവാൻ സാധിക്കാത്ത തരത്തിൽ വേദനാജനകമാണ്. ചെന്നൈ മെയിലിൽ ലേഡീസ് കോച്ച് നിലനിറുത്തിയിരുന്നെങ്കിൽ ഞങ്ങൾക്ക് ഇത്രയും കഷ്ടതകൾ അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആ ടി.ടി.ഇ, തന്റെ വിവേചനാധികാരം ഉപയോഗിച്ച് സ്ളീപ്പർ ടിക്കറ്റിന്റെ പണം മാത്രം ഈടാക്കാൻ തയ്യാറായിരുന്നെങ്കിലും ആശ്വാസമേകിയേനെ. സംസ്ഥാന സർക്കാർ തീരെ അവഗണിക്കുന്ന വനിതാ ട്രെയിൻ യാത്രക്കാരുടെ ഈ സഹനയാത്രയക്ക് എന്ന് അറുതിവരും‌‌? ഏതെങ്കിലും നിയമസാധ്യതകളോ, അധികാരികളോ ഞങ്ങൾക്ക് വേണ്ട സഹായം ചെയ്ത് തരുമെന്ന പ്രതീക്ഷയോടെ,
മേരി കുര്യൻ, അസോസിയേറ്റ് പ്രൊഫസർ
സെന്റ് മേരീസ് കോളേജ്, മണർക്കാട്, കോട്ടയം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ