Monday, 27 March 2017 10.18 AM IST
മെട്രോക്കൊപ്പം എത്തുമോ റേഷൻ കാർഡ്
March 15, 2017, 2:00 am
കൊച്ചി മെട്രോ കൊച്ചിക്കാരുടെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും സ്വപ്നപദ്ധതികളിലൊന്നാണ്. 'മെട്രോമാൻ' ഇ, ശ്രീധരന്റെ നേതൃത്വത്തിലാണ് നിർമ്മാണമെന്നതിനാൽ പറഞ്ഞ തീയതിക്കു തന്നെ പദ്ധതി പൂർത്തിയാക്കി ട്രെയിൻ ഓടിത്തുടങ്ങുമെന്ന വിശ്വാസത്തിലായിരുന്നു ജനങ്ങൾ. എന്നാൽ സംസ്ഥാനത്തിന്റെ പരാധീനതകൾ കാരണം ലക്ഷ്യത്തിലെത്താൻ കുറച്ചു വൈകി. എങ്കിലും ആലുവാ മുതൽ പാലാരിവട്ടം വരെ പതിമൂന്നു കിലോമീറ്റർ വരുന്ന ഒന്നാംഘട്ടം അടുമാസം കമ്മിഷൻ ചെയ്യാൻ തീരുമാനമായിക്കഴിഞ്ഞു. മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ പ്രവർത്തന സജ്ജമാക്കിയശേഷം മതി ഉദ്ഘാടനമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ, യാത്രക്കാർക്കും അതായിരുന്നു ഏറെ സൗകര്യപ്രദം. നഗരത്തിലേക്കു വരുന്നവർ പാലാരിവട്ടത്തു യാത്ര അവസാനിപ്പിക്കേണ്ടി വരുമ്പോൾ ദുരിതം പിന്നെയും കൂടുകയാണ്. ഏതായാലും പണി തീർന്ന ഭാഗമെങ്കിലും പ്രവർത്തന സജ്ജമാകട്ടെ എന്ന മെട്രോ അധികൃതരുടെ നിലപാട് ഒടുവിൽ സർക്കാരും അംഗീകരിക്കുകയായിരുന്നു. സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കി ഏപ്രിൽ അവസാനവാരം ആലുവാ - പാലാരിവട്ടം റൂട്ടിൽ മെട്രോ വണ്ടികൾ ഓടിത്തുടങ്ങും. മഹാരാജാസ് വരെയുള്ള രണ്ടാംഘട്ടത്തിന്റെ പണി അവസാന റൗണ്ടിലാണ്. ജൂൺ മാസത്തോടെ അതും പ്രവർത്തനക്ഷമമാകുമെന്നാണ് ഉറപ്പ്.
മൂന്നുവർഷം മുൻപ് മെട്രോ പാത നിർമ്മാണം ആരംഭിച്ച വേളയിൽത്തന്നെയാണ് സംസ്ഥാനത്ത് മറ്റൊരു മഹാ സംരംഭത്തിനും തുടക്കമിട്ടത്. കാലാവധി എത്തിയ റേഷൻ കാർഡിനു പകരം പുതിയത് നൽകാനുള്ള പദ്ധതിയാണിത്. വളരെയധികം പ്രതിബന്ധങ്ങൾ താങ്ങി മെട്രോയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞെങ്കിലും അനായാസം പൂർത്തിയാക്കാമായിരുന്ന റേഷൻ കാർഡ് നിർമ്മാണം ഇനിയും വഴിയിലെവിടെയോ കിടക്കുകയാണ്. കാർഡ് വിതരണത്തിനു നിശ്ചയിക്കപ്പെട്ട തീയതികൾ പലകുറി മാറിമറിഞ്ഞു. മാർച്ചിൽത്തന്നെ എന്തായാലും വിതരണം നടക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായിരിക്കുകയാണ്. കാർഡിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിവിവരങ്ങളിൽ കടന്നുകൂടിയ തെറ്റുകൾ തിരുത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. തെറ്റുതിരുത്തൽ യജ്ഞം തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതികൾ ഉൾപ്പെടുന്ന മുൻഗണനാ വിഭാഗക്കാരിൽ അനർഹരായ ഒട്ടനവധി പേർ കടന്നു കൂടിയതിനാൽ വിശദമായ പരിശോധന വേണ്ടിവന്നതിനാലാണത്രെ കാർഡ് അച്ചടിയും വിതരണവും വൈകുന്നത്. ഈ പ്രക്രിയ എന്നു തീരുമെന്ന് ആർക്കും നിശ്ചയവുമില്ല. ഇതിനകം പുറത്തുവിട്ട പട്ടികയിൽ പത്തുപതിനഞ്ചു ലക്ഷം പേരെ അനർഹരുടെ പട്ടികയിൽപ്പെട്ടുപോയ ഹതഭാഗ്യരും ഏതാണ്ട് അത്രത്തോളം വരും. ലഭിച്ച പന്ത്രണ്ടു ലക്ഷത്തോളം പരാതികൾ പരിശോധിച്ച് സത്യസ്ഥിതി കണ്ടെത്താനുള്ള ഭഗീരഥ പ്രയത്നമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒറ്റനോട്ടത്തിൽത്തന്നെ ദുർഘടമായ ഈ ദൗത്യത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണരുക സ്വാഭാവികമാണ്. ഭക്ഷ്യവകുപ്പിൽ ഇതിനു നിയോഗിക്കാൻ മാത്രമുള്ള ഉദ്യോഗസ്ഥരില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കെ പരിശോധനയും സത്യം കണ്ടെത്തലും വലിയ പ്രഹസനമായി അവസാനിക്കാനാണ് സാദ്ധ്യത. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നത് ഇനിയും നീട്ടിക്കൊണ്ടു പോകാനാവാത്ത ഘട്ടമെത്തിയതിനാൽ ഏതു വിധേനയും കാർഡ് വിതരണം പൂർത്തിയാക്കി തലവേദന ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഒരു തടസവും കൂടാതെ ഏതാനും ആഴ്ചകൊണ്ട് നടന്നിരുന്ന കാർഡ് പുതുക്കൽ ഇത്തരത്തിൽ സങ്കീർണ്ണമാക്കിയതിനു പിന്നിലെ കള്ളക്കളികൾ അന്വേഷണ വിധേയമാക്കേണ്ടതാണ്. കാർഡ് ഉടമകളിൽ നിന്നു പൂരിപ്പിച്ചു വാങ്ങിയ അപേക്ഷയിലെ വിവരങ്ങൾ സത്യസന്ധമാണോ എന്ന് ആദ്യഘട്ടത്തിൽത്തന്നെ ഉറപ്പാക്കിയിരുന്നുവെങ്കിൽ പിന്നീടുണ്ടായ സങ്കീർണതകൾ പലതും ഒഴിവാക്കാൻ കഴിയുമായിരുന്നു. ഇത്തരത്തിൽ ശേഖരിച്ച ലക്ഷക്കണക്കിനു അപേക്ഷകളിൽ നല്ലൊരു ഭാഗം നഷ്ടപ്പെട്ടതായാണ് പരാതി ഉയർന്നത്. അപേക്ഷയിലെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കരടു പട്ടികയിൽ വ്യാപകമായ തെറ്റുകൾ എങ്ങനെ കടന്നുകൂടി? തെറ്റുകൾ തിരുത്തി നൽകിയിട്ടും പിന്നെയും പുതിയ തെറ്റുകൾ കടന്നുകൂടുകയായിരുന്നു. പതിറ്റാണ്ടുകളായി തുടർന്നുവരുന്ന റേഷൻ കുംഭകോണത്തിന് പുതിയ ഭക്ഷ്യസുരക്ഷാ നിയമം വിലങ്ങുതടിയാകുമെന്നു കണ്ട് ബോധപൂർവ്വം വരുത്തുന്ന അട്ടിമറിയാണ് കാർഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങളെന്നു സംശയിക്കണം.
അഭൂതപൂർവ്വമായ നഗരത്തിരക്കിൽ വീർപ്പുമുട്ടുന്ന കൊച്ചിയുടെ വിരിമാറിലൂടെ വെല്ലുവിളി മറികടന്ന് മെട്രോ പാത ഒരുക്കാൻ മൂന്നുവർഷമേ വേണ്ടിവന്നുള്ളൂ എന്നത് അതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിമാനിക്കാൻ വക നൽകുന്നതാണ്. ഇരുപതോ ഇരുപത്തി നാലോ പേജുമാത്രം വരുന്ന റേഷൻ കാർഡ് തെറ്റുകുറ്റങ്ങൾ ഇല്ലാതെ അച്ചടിച്ച് വിതരണം ചെയ്യാൻ മൂന്നുവർഷവും ചേരാതെ വന്നതിന്റെ വലിയ നാണക്കേട് ഏറ്റെടുക്കാൻ ആരുണ്ട്?
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ