Thursday, 30 March 2017 4.27 AM IST
സമൂഹത്തോട് ഒരു ബാദ്ധ്യതയുമില്ലേ?
March 16, 2017, 2:00 am
സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ആരംഭിച്ച അനിശ്ചിതകാല സമരത്തിന് ഏത് നിലയിൽ നോക്കിയാലും വലിയ ന്യായീകരണമോ ധാർമ്മികതയോ അവകാശപ്പെടാനാവില്ല. മെഡിക്കൽ കോളേജുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അവിഭാജ്യഘടകമായ ഇവരുടെ നിസഹകരണം അവിടെ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും രോഗശമനം തേടി എത്തുന്നവർക്കും എത്രമാത്രം വിഷമവും കഷ്ടപ്പാടുമുണ്ടാക്കുമെന്ന് അറിയാൻ ഒരുവട്ടം അവിടെ എത്തിയാൽ മതി. പി.ജി. വിദ്യാർത്ഥി സംഘടന ഉന്നയിച്ച ആവശ്യങ്ങളിൽ ഒട്ടുമിക്കവയും സർക്കാർ അംഗീകരിച്ചതാണ്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിനുകൂടി മൂന്നുവർഷ ബോണ്ട് നിബന്ധന പിവലിക്കണമെന്ന ആവശ്യത്തെച്ചൊല്ലിയാണ് സമരം നടക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ തൽക്കാലം സമരം ബാധിക്കുകയില്ലെന്ന് പറയുന്നുണ്ടെങ്കിലും ആവശ്യം അംഗീകരിക്കാൻ വൈകിയാൽ സമരം കടുപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം. ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും വിധത്തിൽ സമരം അവസാനിക്കുകതന്നെ ചെയ്യും. പക്ഷേ സമരം നീണ്ടുപോയാലുണ്ടാകാവുന്ന കെടുതിയുടെ ഇരകൾ രോഗികൾ മാത്രമാകും.
സർക്കാർ ആശുപത്രികളിൽ ഏത് വിഭാഗക്കാർ സമരത്തിനിറങ്ങിയാലും ദുരിതമനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണ്. സമരം നടത്തുന്നവർക്കോ സർക്കാരിനോ പ്രത്യേകിച്ചു ചേതമൊന്നുണ്ടാവുകയില്ല. വലിയ ഫീസ് നൽകി സ്വകാര്യ ആശുപത്രികളിൽ പോകാൻ നിർവ്വാഹകമില്ലാത്തവരാണ് അക്ഷരാർത്ഥത്തിൽ ഗതികേടിലാകുന്നത്. ഇതൊക്കെ സമരം ചെയ്യുന്നവർക്കും നല്ലപോലെ അറിയാം. എന്നാൽ തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കാൻ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന സമരമാർഗ്ഗം തന്നെ തിരഞ്ഞെടുക്കുന്നതിൽ ഡോക്ടർമാർ മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മുന്നിൽത്തന്നെയാണ്.
മെഡിക്കൽ പി.ജി. വിദ്യാർത്ഥികളുടെ ഇപ്പോഴത്തെ സമരത്തിനാധാരമായ ആവശ്യം ബോണ്ട് വ്യവസ്ഥ പിൻവലിക്കണമെന്നതാണ്. കോഴ്സ് പൂർത്തിയാക്കുന്ന മുറയ്ക്ക് മൂന്നുവർഷം സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിക്കണമെന്ന നിബന്ധന അധാർമ്മികമോ നീതിക്കുനിരക്കാത്തതോ അല്ല. ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട മെഡിക്കൽ കോളേജുകളിൽ ഇന്നത്തെ നിലയിൽ തീരെ നിസാരമായ ഫീസിൽ പഠിച്ചിറങ്ങുന്ന വിദഗ്ദ്ധർ മൂന്നുവർഷമെങ്കിലും സമൂഹത്തെ സേവിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ എന്താണ് അസ്വീകാര്യത? ബിരുദാനന്തര ബിരുദക്കാരെയും സൂപ്പർ സ്പെഷ്യാലിറ്റിക്കാരെയും പറയുന്ന ശമ്പളം നൽകി കൊത്തിക്കൊണ്ടുപോകാൻ ധാരാളം സ്വകാര്യ ആശുപത്രികൾ ഉണ്ടെന്നുള്ളത് ശരിതന്നെ. മൂന്നുവർഷത്തെ സർക്കാർ സേവനം കഴിഞ്ഞുചെന്നാലും അവരെ കൈനീട്ടി സ്വീകരിക്കാൻ ആൾക്കാരുണ്ട്. സർക്കാർ ചെലവിൽ ഉന്നത ബിരുദങ്ങളും ചികിത്സാനൈപുണ്യവും നേടുന്നവർക്ക് സമൂഹത്തോട് ഉത്തരവാദിത്വവും കടപ്പാടുമില്ലെന്ന് വന്നാൽ അത് അംഗീകരിക്കാൻ സർക്കാരിനെന്നല്ല, സമൂഹത്തിന്റെ പുരോഗതിയിൽ താത്പര്യമുള്ള ആർക്കും കഴിയില്ല. പി.ജിക്കാർക്കും മൂന്നുവർഷത്തെ ബോണ്ട് വ്യവസ്ഥയാണ് പുതുതായി ഏർപ്പെടുത്തിയത്. ഒത്തുതീർപ്പ് ചർച്ചയിൽ പി.ജിക്കാർക്ക് മൂന്നുവർഷത്തെ നിർബന്ധസേവനം നിലവിലുള്ള ഒരുവർഷമായി കുറവുചെയ്യാൻ ആരോഗ്യമന്ത്രി സന്നദ്ധയായി. ഈ ഇളവ് സൂപ്പർ സ്പെഷ്യാലിറ്റി പി.ജിക്കാർക്കും ബാധകമാക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. ഗ്രാമീണമേഖലയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം വേണ്ടത്ര ലഭ്യമാകാത്ത സാഹചര്യം രാജ്യത്തുപൊതുവേ ഉണ്ട്. അതുകൊണ്ടാണ് എം.ബി.ബി.എസുകാർക്കും ഗ്രാമസേവനം ഒരു ഘട്ടത്തിൽ നിർബന്ധമാക്കിയത്. പി.എസ്.സി നിയമനങ്ങളുടെ ഘട്ടത്തിൽ പലരും ഗ്രാമങ്ങളിലാണ് പോസ്റ്റിംഗ് എന്നറിയുമ്പോൾ വിട്ടുനിൽക്കാറാണ് പതിവ്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഒന്നുംരണ്ടും കോടിരൂപയാണ് പി.ജി, കോഴ്സിന് തലവരിയായും കഴുത്തറുപ്പൻ ഫീസായും ഈടാക്കുന്നത്. അതേ സ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലാകട്ടെ പേരും പ്രശസ്തിയുമുള്ള കിന്റർ ഗാർട്ടനിൽ ഈടാക്കുന്ന ഫീസിലും തുച്ഛമാണ് പഠനച്ചെലവ്. കഷ്ടപ്പെട്ട് പഠിച്ചു ഉയർന്ന റാങ്ക് വാങ്ങിയാണ് പ്രവേശനം നേടുന്നതെന്ന് സമ്മതിച്ചാൽപോലും നിർബന്ധസേവനത്തിന്റെ പേരിൽ മുഖം തിരിഞ്ഞുനിന്നുകൂടാത്തതാണ്. തങ്ങളും സമൂഹത്തിന്റെ ഭാഗംതന്നെയാണെന്ന വലിയ സത്യം ഡോക്ടർമാർ മറന്നുകൂടാ. ആരോഗ്യമേഖലയിൽ വിപുലമായ ചില പദ്ധതികൾ സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിർബന്ധസേവന വ്യവസ്ഥ കൊണ്ടുവന്നതുതന്നെ ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്വാർത്ഥലാഭം മാത്രം മുന്നിൽകണ്ട് സർക്കാരിന്റെ ഈ സദ്ദുദ്യമത്തെ തളർത്താൻ ശ്രമിക്കരുത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ