Thursday, 30 March 2017 4.25 AM IST
നിയമം ജനങ്ങൾ കൈയാളുന്ന സ്ഥിതി
March 17, 2017, 12:10 am
നിയമപാലകരിൽ നിന്ന് നീതി ലഭിക്കാതെ വരുമ്പോൾ ജനങ്ങൾ ചിലപ്പോൾ സഹികെട്ട് നിയമം കൈയിലെടുക്കാൻ തുനിയും. അധികാരവുംബലവും ഉപയോഗിച്ച് അവരെ അടിച്ചമർത്താൻ സാധിച്ചെന്നിരിക്കും. എന്നാൽ ജനരോഷം കൂടുതൽ ശക്തമാവുകയും നിയമപാലകർക്കെതിരെ വർദ്ധിച്ച പ്രതിരോധനിര രൂപപ്പെടുകയും ചെയ്താൽ കാര്യങ്ങൾ ഏതുവഴിക്കെല്ലാം തിരിയുമെന്ന് മുൻകൂട്ടി പറയാനാവില്ല. ഉഷ്ണക്കാറ്റിൽ പടരുന്ന മഹാമാരിപോലെ സംസ്ഥാനത്ത് ഇപ്പോൾ പീഡനസംഭവങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ്. സർക്കാർ മാത്രമല്ല, മുഴുവൻ ജനങ്ങളും നാണിച്ചു തലതാഴ്ത്തേണ്ടവിധം അത്യധികം പരിതാപകരമാണ് സ്ഥിതി. അതിക്രമങ്ങൾക്കിരയാകുന്നവരിൽ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പടുവൃദ്ധകൾ വരെയുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി മാത്രം പ്രത്യേക നിയമങ്ങളും കോടതികളുമൊക്കെ ഉണ്ട്. എല്ലാ സംവിധാനങ്ങളും ഉണ്ടെങ്കിലും ഇരകൾക്ക് പലപ്പോഴും നീതി ലഭിക്കാത്ത സന്ദർഭങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്തുണ്ടായ പല സംഭവങ്ങളിലും പൊലീസിന്റെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്ഥ ഇതിനകം സമൂഹത്തിൽ വലിയ പ്രതിഷേധത്തിനും മൂർച്ചയേറിയ വിമർശനത്തിനും കാരണമായിട്ടുണ്ട്. പീഡനക്കേസുകളുടെ അന്വേഷണത്തിൽ പൊലീസ് കാണിക്കുന്ന ഉദാസീനതയിൽ പ്രകോപിതരായി ജനങ്ങൾ പ്രതികളെ കൈകാര്യം ചെയ്യുന്ന ഘട്ടത്തോളം എത്തിയ സന്ദർഭങ്ങൾ കഴിഞ്ഞദിവസം ഉണ്ടായി. തിരുവനന്തപുരത്ത് കോവളത്ത് നഴ്സറി വിദ്യാർത്ഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിടുവിച്ച് കൈകാര്യം ചെയ്യാനുള്ള ശ്രമം നാട്ടുകാരും പൊലീസും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഇരുഭാഗത്തും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസിനെ ആക്രമിച്ചതിന്റെ പേരിൽ പലർക്കുമെതിരെ കേസും എടുത്തിട്ടുണ്ട്.പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത നരാധമന്മാരോടുള്ള സമൂഹത്തിന്റെ ആർത്തലച്ചുവരുന്ന കോപതാപമാണ് വാഴമുട്ടത്ത് കണ്ടത്. കൂട്ടത്തിൽ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസ് കൈകാര്യം ചെയ്യുന്ന രീതിയിലുള്ള കടുത്ത അമർഷവും പ്രകടമാണ്.
വാളയാറിൽ പതിനൊന്നും ഒൻപതും വയസ് പ്രായമുള്ള സഹോദരിമാർ പീഡനത്തിനിരയായി മരണപ്പെട്ട കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനായി കഴിഞ്ഞദിവസം കൊണ്ടുവന്നപ്പോഴും വാഴമുട്ടത്തുണ്ടായതുപോലെ നാട്ടുകാർ രോഷം അടക്കാനാകാതെ അവർക്ക് നേരെ തിരിഞ്ഞത് നിയമപാലകർക്കുള്ള മുന്നറിയിപ്പായി മാത്രം കണ്ടാൽ മതി. ഇവിടെയും മുന്നോട്ടാഞ്ഞുവന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ദേഹോപദ്രവമേൽക്കാതെ പ്രതികളെ രക്ഷപ്പെടുത്തികൊണ്ടുപോകാനും പൊലീസ് നന്നേ പാടുപെട്ടു. ശക്തമായ പൊലീസ് നിർദ്ദേശിച്ച പ്രതികളെ നാട്ടുകാർ അടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തുവെന്നാണ് റിപ്പോർട്ട്.
മുൻപൊരിക്കലുമുണ്ടാകാത്ത രീതിയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പീഡനക്കേസുകൾ പെരുകുന്നത് സംഭ്രമജനകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനൊപ്പം പൊലീസ് ഇത്തരം കേസുകളിൽ കാണിക്കുന്ന ഗുരുതരമായ കൃത്യവിലോപം ഉൽക്കണ്ഠയും ആശങ്കയും ജനിപ്പിക്കുന്നതാണ്. വാളയാർ കേസിന് സമാനമായി രണ്ടുമാസംമുൻപ് കുണ്ടറയിലും പത്തുവയസുള്ള ഒരു സാധുപെൺകുട്ടി ജനലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി അതിക്രൂരമാംവിധം ലൈംഗികപീഡനത്തിനിരയായതായി ചൂണ്ടിക്കാണിച്ചിരുന്നു. വാളയാറിലെന്നപോലെ പൊലീസ് യാതൊരു തുടർനടപടിയും എടുത്തില്ല. ഇപ്പോൾ സംഭവം വിവാദമായപ്പോൾ ബന്ധപ്പെട്ട സർക്കിൾ ഇൻസ്പെക്ടറെ സസ്‌പെൻസ് ചെയ്ത് കൈയിലെ പാപക്കറ കഴുകിക്കളയാൻ ശ്രമിക്കുകയാണ് പൊലീസ് മേധാവികൾ. ഇത്തരം കേസുകളിൽ എപ്പോഴും താഴെ തട്ടിലുള്ള പൊലീസ് ആഫീസർമാർ മാത്രമാണ് ശിക്ഷാനടപടികൾക്കിരയാകുന്നതെന്നത് ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ അവർ മാത്രമാണോ കൃത്യനിർവഹണത്തിൽ വീഴ്ച കാണിക്കുന്നത്. അവർക്ക് മുകളിലുള്ള ഏമാന്മാർ എന്താണ് ചെയ്യുന്നത്. സകല സൗകര്യങ്ങളോടുംകൂടി രാജകീയമായി ജീവിക്കുന്ന അവരൊന്നും സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഇതുപോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങൾ അറിയാറില്ലെന്ന് വരുമോ? വാളയാറിലും കുണ്ടറയിലും മറ്റു പലേടത്തും പീഡനം മാത്രമല്ല, കൊലപാതകം കൂടി ഉൾപ്പെട്ട കേസുകളായിട്ടും നിയമാനുസൃതമുള്ള നടപടികൾ മാസങ്ങളോളം വൈകിയതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കേണ്ടത്. പൊലീസിലെ ക്രമസമാധാനച്ചുമതല ഏൽപ്പിച്ചിരിക്കുന്നവർ ഉറക്കത്തിലായാൽ നാട്ടിലെമ്പാടും അരക്ഷിതാവസ്ഥയായിരിക്കും ഫലം. നീതിക്കായി രണ്ടും കല്പിച്ച് നിയമം കൈയിലെടുക്കാൻ ജനങ്ങൾ മുതിരുന്നത് അത്തരം സന്ദർഭങ്ങളിലാണ്. പതിനെട്ടുകാരിയായ പുത്രിയെ പൊടുന്നനെ കാണാതായ വിവരം അറിയിച്ച് സത്വര പരിഹാരത്തിന് വേവലാതി പൂണ്ട് പൊലീസ് സ്റ്റേഷനിൽ എത്തുന്ന മാതാപിതാക്കളെ സാങ്കേതികത്വം പറഞ്ഞ് മടക്കി അയയ്ക്കുന്ന പൊലീസുകാർ നിയമപാലകരാണെന്ന് എങ്ങനെ പറയാനാകും?
സമീപകാല പീഡനക്കേസുകൾ പൊലീസ് സേനയുടെ പ്രതിച്ഛായ വല്ലാതെ കളങ്കപ്പെടുത്തിയെന്നത് വസ്തുതയാണ്. ഒട്ടുമിക്ക കേസുകളിലും ഇരകൾ ദുർബലവിഭാഗങ്ങളിൽപ്പെട്ട പാവപ്പെട്ടവരായതുകൊണ്ടാണോ പൊലീസിന്റെ ഭാഗത്ത് ഈ ഉദാസീന സമീപനം ഉണ്ടായതെന്നറിയില്ല. അത്തരത്തിലൊരു സ്ഥിതി ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. മുഴുവൻ ജനങ്ങളുടെയും സംരക്ഷകരാകേണ്ട പൊലീസ് ആളും സ്ഥാനവലിപ്പവുമൊക്കെ നോക്കി നിയമം നടപ്പാക്കാൻ തുനിഞ്ഞാൽ ഗത്യന്തരമില്ലാതെ ആൾക്കാരിൽ ചിലരെങ്കിലും നിയമത്തിന് നിരക്കാത്ത പാതയിലേക്ക് തിരിഞ്ഞെന്നുവരും. അതിനുള്ള സാഹചര്യം സൃഷ്ടിക്കരുത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ