അയോഗ്യർ വീണ്ടും 'യോഗ്യ'രായി; യോഗ്യർ പലരും പിന്നിലായി
March 20, 2017, 10:06 am
രാജൻ പുരക്കോട്
തിരുവനന്തപുരം: അയോഗ്യത കല്പിച്ച് പുറത്താക്കിയവരെ പി.എസ്.സി പിന്നീട് യോഗ്യരാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ, ലിസ്റ്റിലെ ആദ്യ യോഗ്യതക്കാർ പലരും കളത്തിന് പുറത്തേക്കെന്ന് പരാതി. വിവിധ വകുപ്പുകളിലേക്കുള്ള ലൈറ്റ് ഡ്യൂട്ടി ഡ്രൈവർമാരുടെ നിയമനത്തിലാണ് ഈ വൈരുദ്ധ്യം. മൂന്ന് ജില്ലകളിൽ നിയമനം ആരംഭിക്കുകയും മറ്റ് ജില്ലകളിൽ ഷോർട്ട് ലിസ്റ്രാവുകയും ചെയ്തതാണ്. 2013 ലെ പി.എസ്.സി വിജ്ഞാപന പ്രകാരം ഏഴാം ക്ളാസും ലൈറ്റ് ഡ്യൂ‌‌ട്ടി വാഹനത്തിൽ മൂന്ന് കൊല്ലത്തെ ബാഡ്ജോടെയുള്ള ലൈസൻസുമായിരുന്നു യോഗ്യത. 2014 ഒക്ടോബർ 3ന് പരീക്ഷയും തുടർന്ന് 'എച്ച് ' ടെസ്റ്റും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടന്നു. മൂന്ന് കൊല്ലത്തെ ബാഡ്ജോടെയുള്ള ലൈസൻസില്ലാത്തവർ സർട്ടിഫിക്കറ്റ് പരിശോധനയിൽ പുറത്തായി. തുടർന്ന് തൊള്ളായിരത്തോളം പേരടങ്ങിയ കാസർകോട്, വയനാട്, പാലക്കാട് ജില്ലകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പാലക്കാട്ട് 42 പേർക്കും വയനാട്ടിൽ ഏഴ് പേർക്കും നിയമനം ലഭിച്ചു. കാസർകോട്ട് നിയമനമായില്ല. തിരുവനന്തപുരത്തൊഴിച്ചുള്ള മറ്റ് പത്ത് ജില്ലകളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞു.

മൂന്ന് ജില്ലകളിലെ റാങ്ക് ലിസ്റ്റ് പുറത്ത് വന്നപ്പോഴാണ് നേരത്തേ സർട്ടിഫിക്കറ്റ് പരിശോധനയിൽ പുറത്തായവരും റാങ്ക് ലിസ്റ്റിലുണ്ടെന്നറിയുന്നത്. അതിൽ പലരും റാങ്ക് ലിസ്റ്റിലെ ആദ്യ സ്ഥാനങ്ങളിലും. യോഗ്യരായി ആദ്യം കണ്ടെത്തിയ പലരും പിന്നിലായി. ഇതിൽ പ്രതിഷേധിച്ച് ഡ്രൈവേഴ്സ് പ്രീ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾ പി.എസ്.സി ഓഫീസ് പടിക്കൽ ധർണ നടത്തി. യോഗ്യരെ മാത്രം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അവർ ചെയർമാന് പരാതി നൽകി.

പി.എസ്.സി പറയുന്നത്
ബാഡ്ജില്ലാത്തതിന്റെ പേരിൽ പുറത്താക്കിയവരെ പിന്നീട് പരിഗണിച്ചത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയനുസരിച്ചാണെന്നാണ്
പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് നൽകിയ മറുപടി. യോഗ്യത സംബന്ധിച്ച സമാനമായൊരു കേസിൽ പരാതിക്കാരായ നാല് ഉദ്യോഗാർത്ഥികളെ ലിസ്റ്റിൽപ്പെടുത്താൻ ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഇതിന്റെ മറവിൽ ബാഡ്ജില്ലാത്തവരെയെല്ലാം ഈ തസ്തികയുടെ ലിസ്റ്റിൽപ്പെടുത്തിയെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ