കെ.എസ്.ആർ.ടി.സിക്ക് മാതൃകമറ്റൊരു കെ.എസ്.ആർ.ടി.സി
March 20, 2017, 12:10 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ഇവിടെ കെ.എസ്.ആർ.ടി.സി സി.എൻ.ജിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ഇറക്കിയത് 500 സി.എൻ.ജി ബസുകളാണ്.150 ഇലക്ട്രിക് ബസുകളും കർണാടകയിൽ ഉടൻ പുറത്തിറങ്ങും.
നമ്മുടെ കെ.എസ്.ആർ.ടി.സിയെ പോലെ നഷ്ടത്തിലല്ല കർണാടകക്കാരുടെ കെ.എസ്.ആർ.ടി.സി. പ്രതിവർഷം പത്തു കോടിയാണ് അവരുടെ ലാഭം. ഇവിടെ ബസ് സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോഴും അവിടെ ചില റൂട്ടുകളിൽ 24 മണിക്കൂറും ബസ് സർവീസുണ്ട്. പ്രതിവർഷം തൊള്ളായിരം കോടി നഷ്ടത്തിൽ പ്രവർത്തിക്കുന്ന കേരള ട്രാൻസ്പോർട്ട് കോർപറേഷന് നന്നാവണമെങ്കിൽ കർണാടകത്തിനെ കണ്ടു പഠിക്കണം.
കിഫ്ബിയിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന
മൂവായിരം കോടി രൂപയിലാണ് സി.എൻ.ജി ബസിന്റെ ഭാവി.
അതേസമയം കഴിഞ്ഞ ബഡ്ജറ്റിൽ 300 കോടി പ്രഖ്യാപിച്ചിട്ട് ഒരു കോടി രൂപ പോലും നൽകാത്ത സർക്കാർ ഇത്തവണ മൂവായിരം കോടി നൽകുമെന്ന് ഒരു ഉറപ്പുമില്ല.

സർക്കാർ സഹായം വാരിക്കോരി
പുതിയ ബസുകൾ വാങ്ങുന്നതിനുൾപ്പെടെ കർണാടക സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷന് അനുവദിച്ചത് മൂവായിരം കോടി രൂപയാണ്. കേരളത്തിലെ കോർപറേഷനെ പോലെ തന്നെ നഷ്ടത്തിലാണ് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനും പ്രവർത്തിക്കുന്നത്. തമിഴ്നാട് സർക്കാർ ബഡ്ജറ്റിൽ അനുവദിച്ചത് 2192 കോടി രൂപയാണ്. 100 ചെറിയ ബസുകൾ ഉൾപ്പെടെ 2100 ബസുകൾ വാങ്ങുന്നതിനാണ് കൂടുതൽ തുക. ഡീസൽ സബ്സിഡിയായി 564 കോടി രൂപ. സൗജന്യയാത്ര അനുവദിച്ച വകയിൽ 150 കോടി രൂപ വേറെയും അനുവദിച്ചു. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ 60 വയസു കഴിഞ്ഞവർക്ക് സൗജന്യയാത്രയാണ്. എല്ലാ സൗജന്യത്തിന്റെയും തുക അപ്പപ്പോൾ തന്നെ സർക്കാർ കോർപറേഷന് നൽകും. തമിഴ്നാടാകട്ടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന അവരുടെ ട്രാൻസ്പോർട്ട് കോർപറേഷന് പ്രതിവർഷം ആയിരംകോടി രൂപയെങ്കിലും അനുവദിക്കാറുമുണ്ട്.
കേരളത്തിന്റെ കാര്യമാണ് ദയനീയം. സർക്കാർ നൽകിയ കടത്തിന്റെ കണക്കുപോലും എഴുതി തള്ളിയിട്ടില്ല. വിവിധ സൗജന്യങ്ങൾ അനുവദിച്ച വകയിൽ 225 കോടി രൂപയാണ് കോർപറേഷന് സർക്കാർ നൽകേണ്ടത്, അതും നൽകിയിട്ടില്ല. സംസ്ഥാനത്ത് ആകെ സർവീസു നടത്തുന്ന ബസുകളുടെ എണ്ണത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിഹിതം 27 ശതമാനം മാത്രമാണ്.

കർണാടകത്തിൽ മിനിമം ചാർജ് ₹5
അഞ്ച് രൂപയാണ് കർണാടകത്തിലെ മിനിമം ചാർജ്. കെ.എസ്.ആർ.ടി.സി, നോർത്ത് വെസ്റ്റ് കെ.എസ്.ആർ.ടി.സി, നോർത്ത് ഈസ്റ്റ് കെ.എസ്.ആർ.ടി.സി എന്നിങ്ങനെ മൂന്ന് മേഖലയായി തിരിച്ചാണ് സർവീസ്. പണിമുടക്കുകളില്ല. യാത്രക്കാരോട് ജീവനക്കാരുടെ മാന്യമായ പെരുമാറ്റം.

തമിഴ്നാട്ടിൽ ₹3
സാധാരണക്കാരായ യാത്രക്കാരെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ വൈറ്റ് ബോർഡ് ബസുകളുണ്ട്. ഇതിലെ മിനിമം ചാർജ് മൂന്നു രൂപ മാത്രം. അടുത്ത വിഭാഗം ഗ്രീൻബോർഡ് ബസുകളാണ്, മിനിമം നിരക്ക് ആറു രൂപ. ബ്ലൂ ബോർഡ് ബസുകളുടെ മിനിമം നിരക്ക് ഒൻപതു രൂപയും.

കേരളത്തിൽ ₹7
ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപ. നഗരത്തിൽ ഓർഡിനറി ബസുകളെക്കാൾ കൂടുതൽ ഫാസ്റ്റ് ബസുകൾ. നോൺ എ.സി ജൻറം ബസുകളുടെ മിനിമം നിരക്ക് എട്ട്. എന്നിട്ടും കളക്‌ഷൻ കുറവ്. ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് പരാതികൾ.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ