വെള്ളാനകൾ വിളയാടിയ നാല് ജലപദ്ധതികൾക്ക് പൂട്ട്
March 20, 2017, 12:03 am
സി.പി. ശ്രീഹർഷൻ
പണിതീരാത്ത ജലസേചന പദ്ധതികൾക്ക് നാല് പതിറ്റാണ്ടായി മുടക്കിയത് 1720 കോടി
തിരുവനന്തപുരം: പതിറ്റാണ്ടുകളായി പണിതിട്ടും പണി തീരാതെ നാല് ജലസേചന പദ്ധതികൾ. കാരാപ്പുഴ, മൂവാറ്റുപുഴവാലി, ഇടമലയാർ, ബാണാസുര സാഗർ. 1970കളിലാണ് ഇവയുടെ പണി തുടങ്ങിയത്. ഇതുവരെ മുടക്കിയത് 1720.19 കോടി രൂപ! സർക്കാരിന്റെ സാമ്പത്തികാവലോകന രേഖ പ്രകാരമുള്ള കണക്കാണിത്. ഖജനാവിനെ മുടിക്കുന്ന ഈ പദ്ധതികൾക്ക് പൂട്ടിടാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. തീർന്നിടത്തോളം മതി എന്ന നിലപാടാണ് സർക്കാരിന്. പദ്ധതികൾ ഇങ്ങനെ അന്തമില്ലാതെ നീളുന്നത് കരാറുകാർക്കും ഒരുസംഘം ഉദ്യോഗസ്ഥർക്കും ഖജനാവ് കൊള്ളയടിക്കാനാണെന്ന തിരിച്ചറിവാണ് സർക്കാരിനെ ഈ നിലപാടിലേക്ക് നയിച്ചത്.

കാരാപ്പുഴ
1978ൽ ആസൂത്രണകമ്മിഷൻ 7.60 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയതാണ് കാരാപ്പുഴ ജലസേചന പദ്ധതി. കാരാപ്പുഴ നദിക്ക് കുറുകെ 76.50 ദശലക്ഷം മീറ്റർ ഘനയടി സംഭരണശേഷിയുള്ള അണക്കെട്ട് നിർമ്മിക്കാനായിരുന്നു തീരുമാനം. വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 5221 ഹെക്ടർ പ്രദേശത്ത് നെൽക്കൃഷിയുടെ രണ്ടാംവിളയ്ക്ക് ജലം ലഭ്യമാക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. 2010ലെ നിരക്കനുസരിച്ച് ഭേദഗതി ചെയ്ത അടങ്കൽത്തുക 441.50 കോടി രൂപയായി! 390 ഹെക്ടർ പ്രദേശത്ത് നേട്ടം കൈവരിച്ചുകൊണ്ട് 2010 ജൂൺ 20ന് പദ്ധതി ഭാഗികമായി കമ്മിഷൻ ചെയ്തു. 2016 മാർച്ച് 31ലെ കണക്കുപ്രകാരം ആകെ നേട്ടം കൈവരിക്കാനായത് 601 ഹെക്ടറിൽ. 2016 ഒക്ടോബർ വരെ ചെലവിട്ടത് 322.87കോടി. ഇതുവരെ പൂർത്തിയായിട്ടുള്ളത് സംഭരണിയിലെ പ്രധാന പണികളും ഇടത്, വലത് കര കനാലുകളുടെ പണിയും ബ്രാഞ്ച് കനാലുകളുടെ 47.26 ശതമാനവും ഡിസ്ട്രിബ്യൂട്ടറികളുടെ 5 ശതമാനം പണികളുമാണ്.

മൂവാറ്റുപുഴവാലി
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം പവർഹൗസിൽ നിന്നും തൊടുപുഴ നദിയുടെ സംഭരണപ്രദേശത്ത് നിന്നുമുള്ള മിച്ചജലം ഉപയോഗിച്ച് ജലസേചനസൗകര്യം ലഭ്യമാക്കാനുള്ള ഈ പദ്ധതി ആരംഭിച്ചത് 1974ൽ 20.86 കോടി രൂപ മതിപ്പ് ചെലവിലാണ്. ഇപ്പോഴത്തെ സി.പി.ഡബ്ളിയു.ഡി നിരക്ക് പ്രകാരം അടങ്കൽതുക 945 കോടി! 1994ൽ ഭാഗികമായി കമ്മിഷൻ ചെയ്തു. 2016 ഒക്ടോബർ വരെ മൊത്തം ചെലവ് 918 കോടി. 2000 മുതൽ 2009വരെ 154.96 കോടിക്ക് കേന്ദ്രസഹായം ലഭിച്ചിരുന്നു.

ഇടമലയാർ
പെരിയാർ നദിയിൽ നിന്നുള്ള വെള്ളം തിരിച്ച് പെരിയാർ, ചാലക്കുടി നദീതടങ്ങളിലെ 14394 ഹെക്ടർ കൃഷി പ്രദേശത്ത് ജലസേചനത്തിനായുള്ളതാണ് ഈ പദ്ധതി. 1981ൽ ആരംഭിച്ച ജലപദ്ധതിക്ക് എസ്റ്റിമേറ്റ് തുക 17.85 കോടി. 2012ലെ ഷെഡ്യൂൾ നിരക്ക് പ്രകാരം എസ്റ്റിമേറ്റ് 750 കോടിയായി! കനാലുകളുമായി ബന്ധിപ്പിച്ച് ചാലക്കുടി നദീവ്യതിയാന പദ്ധതിയുടെ മെച്ചപ്പെടുത്തലും ശേഷി കൂട്ടലും പദ്ധതിയുടെ ലക്ഷ്യം. 32.278 കി.മീ നീളമുള്ള പ്രധാന കനാലിന്റെയും 7.3 കി.മീ നീളത്തിൽ ലോ ലവൽ കനാലിന്റെയും പണി തീർന്നു. 2016 ഒക്ടോബർ വരെ ആകെ ചെലവ് 426.54 കോടി.

ബാണാസുര സാഗർ
വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലായി 2800 ഹെക്ടർ കൃഷിഭൂമിയിൽ ജലസേചനം ലക്ഷ്യമിട്ട് 1979ൽ 8 കോടി മതിപ്പ് ചെലവിൽ ആരംഭിച്ചതാണ് ഈ പദ്ധതി. 2010ലെ പുതുക്കിയ എസ്റ്റിമേറ്റ് 185.5 കോടി! 2730 മീറ്റർ നീളമുള്ള പ്രധാന കനാലിന്റെ 86 ശതമാനം പൂർത്തിയായി. 5390 മീറ്റർ നീളമുള്ള വെണ്ണിയോട് ബ്രാഞ്ച് കനാലിന്റെ 770 മീറ്റർ നീളത്തിലുള്ള പണിയും തീർന്നു. ഇതുവരെ ചെലവിട്ടത് 52.78 കോടി.

പൂർത്തിയായത് പ്രയോജനപ്പെടുത്തും
'നാല് വെള്ളാന പദ്ധതികളുടെയും ഇതുവരെ പൂർത്തിയായിടത്തോളം സൗകര്യങ്ങൾ കാർഷിക, ജലസേചനാവശ്യങ്ങൾക്ക്‌ പരമാവധി പ്രയോജനപ്പെടുത്തും. ഇനി പണം മുടക്കില്ല. ജലസേചനത്തിന് വൻകിട പദ്ധതികളിലേക്ക് പോകാതെ റഗുലേറ്ററുകളുടെ ശൃംഖല കെട്ടിപ്പടുക്കുകയെന്ന ചെലവ് കുറ‌ഞ്ഞ മാർഗമാണ് സർക്കാർ സ്വീകരിക്കുക. ബഡ്‌ജറ്റിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്. നാല് പദ്ധതികളും ഇപ്പോൾ തന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് '

മാത്യു ടി. തോമസ്, ജലവിഭവ മന്ത്രി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ