Thursday, 30 March 2017 4.28 AM IST
പരീക്ഷക്കാലമാണെന്ന് മറക്കരുത്
March 19, 2017, 1:00 am
കാമ്പസ് സംഘർഷങ്ങൾ പുത്തരിയല്ലെങ്കിലും അദ്ധ്യയന വർഷം അവസാനിക്കാനിരിക്കെ വിദ്യാർത്ഥി യൂണിയനുകളിൽപ്പെട്ടവർ പരസ്പരം ഏറ്റുമുട്ടി സമാധാനാന്തരീക്ഷം തകർക്കുന്നത് അപൂർവമാണ്. വെള്ളിയാഴ്ച തൃശൂർ കേരളവർമ്മ കോളേജിലും തിരുവനന്തപുരത്ത് ലാ അക്കാഡമി ലാ കോളേജിലും നടന്ന സംഘട്ടനങ്ങൾ വിദ്യാർത്ഥി സമൂഹത്തിന്റെ എന്തെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയായിരുന്നില്ല. യൂണിയൻ കിടമത്സരമാണ് ഇതിന് പിന്നിൽ എന്ന് വളരെ വ്യക്തമാണ്. വർഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട സമയത്ത് ഇത്തരത്തിൽ തമ്മിലടിച്ച് തലകീറി സ്വന്തം ഭാവി മാത്രമല്ല കൂടെ പഠിക്കുന്നവരുടെയും ഭാവി അപകടപ്പെടുത്തുന്ന വിവേകശൂന്യമായ നടപടികൾ ഭൂഷണമാണോ എന്ന് ഇതിലുൾപ്പെട്ട സംഘടനകൾ ശാന്തമായി ചിന്തിക്കണം. രാഷ്ട്രീയ വേർതിരിവിന്റെ പേരിൽ വിദ്യാർത്ഥി സംഘടനകൾ ഇത്തരത്തിൽ ഏറ്റുമുട്ടാൻ തുനിഞ്ഞാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് ഇതിലൊന്നും യാതൊരു പങ്കുമില്ലാത്തവരാകും.
തൃശൂർ കേരളവർമ്മ കോളേജിൽ നേരത്തെ ഉണ്ടായ അക്രമസംഭവങ്ങൾക്കെതിരെ കാമ്പസിന് പുറത്ത് സാംസ്കാരിക സംഗമം നടന്നുകൊണ്ടിരിക്കെയാണ് അക്രമങ്ങൾ അരങ്ങേറിയതെന്നത് വിരോധാഭാസമാണ്. പൂർവവിദ്യാർത്ഥികളും മുൻ അദ്ധ്യാപകരുമുൾപ്പെടെ പങ്കെടുത്തിരുന്ന സാംസ്കാരിക സംഗമത്തിനുനേർക്ക് കോളേജിനകത്തുനിന്ന് എസ്.എഫ്.ഐക്കാർ പ്രകോപനം സൃഷ്ടിച്ചതാണ് അക്രമത്തിലും ഏറ്റുമുട്ടലിലും കലാശിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് കാമ്പസിൽ കടന്നുചെന്ന് എ.ബി.വി.പി യുവമോർച്ച പ്രവർത്തകർ പ്രത്യാക്രമണം നടത്തി. കാമ്പസിനകത്തും പുറത്തും നടന്ന ഏറ്റുമുട്ടലുകളിൽ ഇരുപതോളം പേർ പരിക്കേറ്റ് ആശുപത്രിയിലായി. അരുതാത്തതെല്ലാം നടക്കുമ്പോൾ സംഭവസ്ഥലത്ത് നിയമപാലകരാരും ഉണ്ടായിരുന്നില്ല എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. സംഘട്ടനം നടന്നുകഴിഞ്ഞാണ് അവർ എത്തിയത്.
അടുത്തകാലത്ത് ഒരുമാസത്തോളം നീണ്ട സമരത്തിനുശേഷം സമാധാനാന്തരീക്ഷത്തിലേക്ക് മടങ്ങിവന്ന പേരൂർക്കട ലാ അക്കാഡമി ലാ കോളേജിൽ നടന്ന സംഘർഷത്തിലും ഒരു ഭാഗത്ത് എസ്.എഫ്.ഐ ആണ് നിലകൊണ്ടത്. വിദ്യാർത്ഥി സംഘടനകൾ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തിലും തുടർന്നുണ്ടായ പൊലീസ് ലാത്തിച്ചാർജിലുംപെട്ട് ഒരു ഡസനോളം വിദ്യാർത്ഥികൾ പരിക്കേറ്റ് ആശുപത്രിയിലായി. ആഴ്ചകൾക്കുമുമ്പ് നടന്ന സമരം ഒത്തുതീർപ്പിലായതുമുതൽ വിദ്യാർത്ഥി സംഘടനകൾക്കിടയിൽ കാലുഷ്യം നിലനിൽക്കുകയാണ്. അതിന്റെ പേരിൽ പുകഞ്ഞുകൊണ്ടിരുന്ന സ്പർദ്ധയാണ് തീരെ നിസാരമായൊരു പ്രശ്നത്തിന്റെ പേരിൽ പൊട്ടിത്തെറിയിൽ കലാശിച്ചത്. ലാ അക്കാഡമിയിലും ഒന്നൊന്നര മണിക്കൂർ കുട്ടികൾ ഏറ്റുമുട്ടിയശേഷമാണ് പൊലീസ് എത്തി തങ്ങൾക്കറിയാവുന്ന മുറ പ്രയോഗിച്ച് സമാധാനം വീണ്ടെടുത്തത്. എന്തുകൊണ്ടാണ് സമയത്ത് അവർക്ക് ഇടപെടാൻ കഴിയാതിരുന്നതെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല.
കലാലയാന്തരീക്ഷം സമാധാനപൂർണമായി നിലനിറുത്താൻ എല്ലാ സംഘടനകൾക്കും ഉത്തരവാദിത്വമുണ്ട്. മേൽക്കോയ്മകാട്ടി എതിർചേരിയിലുള്ളവരെ വരുതിക്ക് നിറുത്താൻ ശ്രമിക്കുമ്പോഴാണ് സംഘർഷം ഉടലെടുക്കുന്നത്. അധികാരത്തിലിരിക്കുന്നത് തങ്ങളുടെ സർക്കാരാണെന്ന ഹുങ്ക് കാട്ടാൻ ഒരുങ്ങുമ്പോൾ മറുപക്ഷത്തുള്ളവരും അടങ്ങിയിരിക്കണമെന്നില്ല. അദ്ധ്യയനവർഷാരംഭത്തിൽ ആളെ കൂട്ടാനായി സാഹസികതയ്ക്ക് സംഘടനകൾ മുതിരുന്നതു പതിവാണെങ്കിലും പരീക്ഷക്കാലമാകുമ്പോൾ പഠനത്തിൽ ഏകാഗ്രത പുലർത്താറാണ് പതിവ്. കാലാവസ്ഥാമാറ്റം പോലെ എല്ലാം കീഴ്മേൽ മറിഞ്ഞതുകൊണ്ടാവാം കാമ്പസുകളും ഇപ്പോൾ കാലഭേദമില്ലാതെ വെറുതേ പൊട്ടിത്തെറിക്കുന്നതും കുട്ടികൾ തമ്മിലടിച്ച് തലകീറുന്നതും. ലാ അക്കാഡമി പ്രശ്നം ഒത്തുതീർപ്പായവേളയിൽ ശ്രദ്ധ ഇനി ഏകാഗ്രമായ പഠനത്തിൽ മാത്രമാകണമെന്ന് ഈ പംക്തിയിൽ ഞങ്ങൾ ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ യൂണിയനുകൾ തമ്മിലുള്ള കിടമത്സരം തീവ്രമായി ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് വെള്ളിയാഴ്ചത്തെ ഏറ്റുമുട്ടൽ വിളിച്ചു പറയുന്നത്. തമ്മിൽത്തല്ലി അദ്ധ്യയന ദിനങ്ങൾ ഇനിയും നഷ്ടപ്പെടുത്താൻ തുനിയുന്നത് പ്രതീക്ഷകളോടെ ഭാവിയെ ഉറ്റുനോക്കുന്ന കുട്ടികൾക്കാവും ഏറെ ദോഷം വരുത്തുന്നത്. സംഘടനയുടെ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമത്തിൽ പരീക്ഷക്കാലത്തെങ്കിലും കാമ്പസ് സമാധാനം തകർക്കാൻ ഇറങ്ങരുതെന്നേ പറയുന്നുള്ളൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ