Wednesday, 26 April 2017 3.31 PM IST
ഒരു തണുത്ത വെളുപ്പാൻ കാലത്ത് തനിയെ മോഹൻലാൽ
March 21, 2017, 1:03 am
ജിതേഷ് ദാമോദർ
തിരുവനന്തപുരം: നഗരത്തിൽ തലേന്ന് പെയ്ത മഴയിൽ തണുത്തു കിടക്കുന്ന വെളുപ്പാൻ കാലം. വെള്ളയുടുപ്പും വെള്ളിക്കരയുള്ള മുണ്ടുമുടുത്ത് ഒരൊത്ത പുരുഷൻ സൈക്കിളിൽ സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എം.ജി റോഡിലൂടെ വടക്കോട്ട് പോകുന്നു. സി.വി. രാമൻ പിള്ളയുടെ ചരിത്രനോവലുകളിൽ നിന്നൊക്കെ ഇറങ്ങിവന്ന ഒരു കഥാപാത്രത്തെപ്പോലെ തോന്നിപ്പിക്കുന്ന രൂപം. മലയാളികൾക്ക് മറക്കാനാവാത്ത പരശതം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇനിയും അവതരിപ്പിക്കാനിരിക്കുന്ന പ്രിയതാരം മോഹൻലാൽ ആണത്. വെളുപ്പിന് 4.30 ആയതിനാൽ അധികമാരും നടനെ തിരിച്ചറിയുന്നില്ല. ഹ്രസ്വമെങ്കിലും ഈ യാത്രയ്ക്ക് ഒരു ലക്ഷ്യമുണ്ട്. അടുത്തുള്ള ഇന്ത്യൻ കോഫി ഹൗസ് വരെ പോകണം. പണ്ട് കോഫി ഹൗസ് യാത്ര മോഹൻലാലിന് നിത്യവും ഉള്ള ഒരു സൈക്കിൾയജ്ഞമായിരുന്നു. സൈക്കിളിലും ബസിലും സ്കൂട്ടറിലും മറ്റുമായി അവർ ഒരുകൂട്ടം കൂട്ടുകാർ അവിടെ കൂട്ടം കൂടിയിരുന്നാണ് പകൽ സ്വപ്നങ്ങൾ കണ്ടിരുന്നത്.

പഴയകാല ജീവിത വഴിയിലൂടെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സൈക്കിളോടിച്ചപ്പോൾ ദീർഘനാളായി മോഹൻലാലിന്റെ മനസിൽ അടക്കി വച്ച ഒരാഗ്രഹമാണ് നടപ്പിലായത്. തിരുവനന്തപുരത്തെ ഷൂട്ടിംഗിനുശേഷം എറണാകുളത്തേക്ക് വിമാനത്തിൽ തിരിച്ചുപോകുന്നതിന് അല്പം മുമ്പാണ് നഗരത്തിലൂടെ സൈക്കിളോടിച്ചത്. 4.30ന് മാധവരായർ പ്രതിമയെ ഒന്ന് വലം വച്ച് പഴയ കോഫി ഹൗസ് വരെ സൈക്കിളിൽ മെല്ലെ യാത്ര ചെയ്തു. അതിരാവിലെ നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ട് അദ്ഭുതപ്പെട്ടു നിന്നു. അവർക്കൊക്കെ ചെറിയ ചിരി നൽകി അദ്ദേഹം മുന്നോട്ട് ചവിട്ടി. കോഫി ഹൗസിന് മുന്നിൽ കുറച്ച് സമയം ചെലവഴിച്ചു.

അന്നത്തെ കുസൃതികൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് എം.ബി. സനൽകുമാറുമായി പങ്കുവച്ചു. അന്ന് സ്വന്തം സ്കൂട്ടറിലും ചിലപ്പോൾ കൂട്ടുകാരുടെ സൈക്കിളിന്റെ പിറകിലും മുൻപിലുമായാണ് വീട്ടിലേക്ക് പാതിരാത്രിയിൽ തിരിച്ചുപോകുന്നത്. റോഡിൽ ഒച്ചയും ബഹളവുമുണ്ടാക്കി ആഘോഷത്തോടെയാണ് തിരിച്ചു പോക്കെന്ന് പറഞ്ഞ് ലാൽ ചിരിച്ചു. പിന്നെ കോഫി ഹൗസിന് മുന്നിലൂടെ സൈക്കിൾ തള്ളിക്കൊണ്ട് നടന്നു. 5 മണിക്ക് പിരിഞ്ഞു. മോഹൻലാലിന് നഗരത്തിലൂടെ സൈക്കിൾ ചവിട്ടണമെന്ന് ഏതോ ഒരു സുഹൃദ് സംഗമത്തിൽ പറഞ്ഞതിന്റെ ഓർമ്മകൾ വച്ചാണ് സനൽകുമാർ ഈ ഒരു ദൗത്യം ഏറ്റെടുത്തത്. കുറേ ദിവസങ്ങളായി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇവിടെ നടക്കുകയായിരുന്നു. കുറച്ച് വ‌ർഷം മുൻപ് മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ലാൽ എത്തിയപ്പോൾ ഈ ആഗ്രഹം നടപ്പിലാക്കാൻ പറ്റിയിരുന്നില്ല. ഇപ്രാവശ്യം സഫലമായി ആ യാത്ര.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ