Monday, 24 April 2017 8.49 PM IST
നിറുത്തുന്നതാണ് നല്ലത്
March 21, 2017, 2:00 am
പതിറ്റാണ്ടുകളായി പണിതിട്ടും ഒരു കരയിലുമെത്താത്ത ചില പദ്ധതികളുണ്ട്. പൊതു ഖജനാവിനു ഭാരമാകുന്നതു മാത്രമല്ല ഇത്തരം പദ്ധതികളുടെ ദോഷവശം. പദ്ധതികൊണ്ട് ഉദ്ദേശിച്ച ഫലം ജനങ്ങൾക്കു ലഭ്യമാകുന്നില്ലെന്നതാണ് വലിയ പ്രശ്നം. ഇത്തരത്തിൽ ജനങ്ങൾക്ക് പ്രയോജനം നൽകാത്ത ചില ജലസേചന പദ്ധതികൾ ഇപ്പോൾ പൂർത്തിയായ ഘട്ടത്തിൽ വച്ച് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്. വിമർശനങ്ങളും പ്രതിഷേധവുമൊക്കെ ഉണ്ടായേക്കാമെങ്കിലും ഉചിതമായ തീരുമാനമാണിതെന്ന് പറയാതെ വയ്യ. ഇത്തരം പദ്ധതികളുടെ തണലിൽ കീശ വീർപ്പിക്കുന്നതിൽ മാത്രം തത്പരരായ ഉദ്യോഗസ്ഥന്മാർക്കും കരാറുകാർക്കും മാത്രമേ സർക്കാർ തീരുമാനത്തോടു വിയോജിപ്പുണ്ടാവുകയുള്ളൂ.
പ്രധാനമായും നാല് ജലസേചന പദ്ധതികളാണ് കുളയട്ടകൾ കണക്കെ ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്നത്. കാരാപ്പുഴ, മൂവാറ്റുപുഴ വാലി, ഇടമലയാർ, ബാണാസുര സാഗർ എന്നിവ ഗിന്നസ് ബുക്കിൽ കയറാൻ പാകത്തിൽ നിൽക്കുകയാണ്. നാലര പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ പദ്ധതികൾ ഇതിനകം തിന്നുതീർത്ത പണമുണ്ടായിരുന്നെങ്കിൽ സംസ്ഥാനത്തെ കാർഷികോത്പാദനം ഇപ്പോഴത്തേതിന്റെ പതിന്മടങ്ങായി വർദ്ധിപ്പിക്കാനാകുമായിരുന്നു. മേലിൽ വൻകിട ജലസേചന പദ്ധതികൾ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ്. വൻ പദ്ധതികളെ ആശ്രയിക്കാതെ കാർഷികാവശ്യങ്ങൾക്ക് ചെറുകിട പദ്ധതികൾ നടപ്പാക്കാനാണ് ആലോചന. തടയണകളും റഗുലേറ്ററുകളും നിർമ്മിച്ച് ജല സംരക്ഷണം ഉറപ്പാക്കാൻ കഴിയും. നിലവിലുള്ള പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്താനും നടപടികളെടുക്കും. ജലസംരക്ഷണത്തിൽ ആത്മഹത്യാപരമായ ഉപേക്ഷ കാണിച്ചുവന്ന സംസ്ഥാനത്തിന് ഇപ്പോഴത്തെ കൊടിയ വറുതി ഒട്ടേറെ പാഠങ്ങൾ നൽകുന്നുണ്ട്. മഴവെള്ളം പരമാവധി സൂക്ഷിച്ചു നിലനിറുത്തേണ്ടത് അനിവാര്യമാണെന്ന ബോധം ജനങ്ങളിലും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ജലസംരക്ഷണം സമൂഹത്തിന്റെ സജീവ ചർച്ചാ വിഷയമായിട്ടുണ്ട്.
ചുരുങ്ങിയ കാലംകൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന പദ്ധതികൾ പോലും വർഷങ്ങൾ കഴിഞ്ഞാലും പാതിവഴിയിൽ കിടക്കുന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തിയായ ഒരൊറ്റ ജലസേചന പദ്ധതിപോലും ഉണ്ടായിട്ടില്ല. എത്രകാലം നീണ്ടു പോകുന്നോ അത്രയധികമാണ് അതിലൂടെ ഉദ്യോഗസ്ഥന്മാരും കരാറുകാരും ലാഭം കൊയ്യുന്നത്. 1978ൽ ഭരണാനുമതി ലഭിച്ച കാരാപ്പുഴ പദ്ധതിയുടെ കാര്യം തന്നെ എടുക്കാം. വെറും ഏഴരക്കോടി രൂപ നിർമ്മാണ ചെലവ് കണക്കാക്കി തുടക്കമിട്ട ഈ പദ്ധതിക്ക് ഇതുവരെ 323 കോടി രൂപ ചെലവിട്ടു കഴിഞ്ഞു. പണി ഇനിയും ബാക്കിയാണ്. വയനാട്ടിലെ മൂന്നു താലൂക്കുകളിലായി 5221 ഹെക്ടർ നിലങ്ങളിൽ രണ്ടാം കൃഷിക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട പദ്ധതി ഇതിനകം വെള്ളം നൽകിയത് വെറും 600 ഹെക്ടറിലാണ്. ഏറ്റവും ഒടുവിൽ ഭേദഗതി വരുത്തിയ അടങ്കൽ പ്രകാരം പദ്ധതി പൂർത്തിയാക്കാൻ 120 കോടി കൂടി വേണം. മൂവാറ്റുപുഴ, ഇടമലയാർ, ബാണാസുര സാഗർ എന്നിവയുടെ കാര്യവും ഇതുപോലൊക്കെ തന്നെയാണ്. 1974 ൽ 21കോടി രൂപയുടെ എസ്റ്റിമേറ്റിൽ ആരംഭിച്ച മൂവാറ്റുപുഴ ജലസേചന പദ്ധതി ഇതിനകം 918 കോടി രൂപ തിന്നുതീർത്തു. ഇനിയും കോടികൾ ഉണ്ടെങ്കിലേ പണി പൂർത്തിയാവുകയുള്ളൂ. 426 കോടിയോളം രൂപ ചെലവിട്ടു കഴിഞ്ഞ ഇടമലയാർ പദ്ധതി ആരംഭിച്ചത് 1981 ലാണ്. 14394 ഹെക്ടർ പ്രദേശത്ത് വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. നാലുവർഷം മുൻപ് പദ്ധതി ചെലവ് 750 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. പണിയാകട്ടെ ഇനിയും ശേഷിക്കുകയാണ്. വയനാട്ടിൽത്തന്നെ 2800 ഹെക്ടർ കൃഷി ഭൂമിയിൽ വേനലിലും വെള്ളം എത്തിക്കാൻ വേണ്ടി 1979ൽ പണി ആരംഭിച്ച ബാണാസുര സാഗർ പദ്ധതി എന്നേ തീരേണ്ടതായിരുന്നു. എട്ടുകോടി രൂപ ചെലവു കണക്കാക്കി തുടങ്ങിയ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 185 കോടി രൂപയാണ്. 53 കോടി രൂപയേ ഇതുവരെ ചെലവഴിച്ചുള്ളൂ എന്ന ആശ്വാസമുണ്ട്. ലക്ഷ്യത്തിലെത്താൻ ഇനിയും കുറെ ദൂരമുണ്ട്.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലങ്ങളാണ് ഇത്തരം പദ്ധതികൾ. അടങ്കൽ തുകയ്ക്കുള്ളിൽ പൂർത്തിയായ ഒരു പദ്ധതിപോലും ചൂണ്ടിക്കാട്ടാനില്ല എന്നതാണ് അവസ്ഥ. പദ്ധതികൾ എങ്ങനെ പൂർത്തിയാക്കാമെന്നതല്ല, എങ്ങനെയെല്ലാം വൈകിപ്പിക്കാമെന്നതാണ് പ്രധാന നോട്ടം. നടത്തിപ്പ് എത്രയധികം വൈകുന്നുവോ നിർമ്മാണ ചെലവും അത്രയധികം വർദ്ധിച്ചുകൊണ്ടിരിക്കും. അതിന്റെ നേട്ടം ഉദ്യോഗസ്ഥന്മാർക്കും കരാറുകാർക്കും ബന്ധപ്പെട്ട മറ്റു വിഭാഗങ്ങൾക്കുമെല്ലാം കിട്ടിക്കൊണ്ടിരിക്കും. മലകൾ തുരന്ന് കിലോമീറ്റർ ദൈർഘ്യത്തിൽ തുരങ്കപ്പാതകളും ആർത്തലയ്ക്കുന്ന കടലിനു മുകളിലൂടെ ദീർഘമായ പാലങ്ങളും ദിവസേന പത്തു പതിനഞ്ചു കിലോമീറ്റർ എന്ന തോതിൽ പുതിയ ഹൈവേകളും നിർമ്മിച്ച് വിസ്മയങ്ങൾ തീർക്കുന്ന ഇക്കാലത്ത് ജലസേചനാവശ്യങ്ങൾക്ക് വേണ്ടിയുള്ള ചെറുകിട സംഭരണികളും അനുബന്ധ കനാലുകളും നിർമ്മിക്കുകയെന്നത് അത്ര ഭാരിച്ച കാര്യമൊന്നുമല്ല. മുപ്പതും നാല്പതും വർഷമെടുത്തിട്ടും അവ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നതാണ് അതിശയകരമായ കാര്യം. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് അന്വേഷിക്കാൻ പോലും ആരും ഇതുവരെ ഉണ്ടായില്ലെന്നതാണ് അതിനെക്കാൾ വലിയ അതിശയം. ഖജനാവിനെ മുടിക്കുന്ന ഈ ജല പദ്ധതികൾക്ക് ഇനി ആയുസ് നീട്ടിക്കൊടുക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത് ധീരമായ നടപടി തന്നെയാണ്. പദ്ധതികളുടെ കൈകാര്യകർതൃത്വം വഹിച്ചുപോന്നവരുടെ സ്വത്തു വിവരം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ