മലപ്പുറം: വർഗീയ വിരുദ്ധ കാർഡുമായി ഇടതും വലതും
March 21, 2017, 12:03 am
സി.പി. ശ്രീഹർഷൻ
തിരുവനന്തപുരം: മലപ്പുറത്ത് വർഗീയ വിരുദ്ധ മുദ്രാവാക്യം മുഖ്യ പ്രചാരണായുധമാക്കി ഇടത്, വലത് മുന്നണികൾ പോരിനിറങ്ങി. കോ-ലീ-ബി സഖ്യത്തിന്റെ പുതിയ പടപ്പുറപ്പാടെന്ന് യു.ഡി.എഫിനെ കുറ്റപ്പെടുത്തി ഇടതുമുന്നണി. ഇടത്- ബി.ജെ.പി രഹസ്യ സഖ്യമെന്നാരോപിച്ച് യു.ഡി.എഫ്. സി.പി.എം- ലീഗ് രഹസ്യ ബാന്ധവമെന്ന ആക്ഷേപമുയർത്തി ഇരുമുന്നണികൾക്കുമെതിരെ ബി.ജെ.പിയും കൊമ്പ് കോർത്തതോടെ മലപ്പുറം വേനൽച്ചൂടിനെ വെല്ലുന്ന രാഷ്ട്രീയച്ചൂടിൽ അമരുന്നു.

ഇ.എം.എസ് അനുസ്മരണച്ചടങ്ങിൽ വി.എസ്. അച്യുതാനന്ദനാണ് കോ-ലീ-ബി സഖ്യത്തിന്റെ പുതിയ മണിമുഴക്കമെന്ന ആദ്യ വെടി പൊട്ടിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വനും ഇതേറ്റു പിടിച്ചു. പിന്നാലെ, യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ ബി.ജെ.പി- ഇടത് രഹസ്യധാരണയെന്ന പ്രത്യാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആക്ഷേപമാണ് ബി.ജെ.പി നേതാക്കളുടേത്. ഇതിനെ ഇടത് നേതൃത്വം പുച്ഛിച്ചു തള്ളുന്നു.

മലപ്പുറത്തെ പോരാട്ടം ലീഗിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. 2014ൽ ഇ. അഹമ്മദ് നേടിയ 1.94 ലക്ഷം വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷം നിലനിറുത്തുകയോ ഉയർത്തുകയോ വേണം. ലീഗിന്റെ ഏറ്റവും ഉന്നതനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മത്സര രംഗത്ത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷണമെന്ന നിലയിൽ ഇടത് നേതൃത്വത്തിനും സി.പി.എമ്മിനും ഇത് അഭിമാന പ്രശ്നം തന്നെ. ഭൂരിപക്ഷം 1.94 ലക്ഷത്തിൽ നിന്ന് എത്ര കണ്ട് കുറയ്ക്കാനാകുമോ അത്രയും നേട്ടം. എന്നാൽ, അതല്ല ജയം തന്നെ ലക്ഷ്യമെന്നാണ് ഇടത് നിലപാട്.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ എം.ബി. ഫൈസൽ കുഞ്ഞാലിക്കുട്ടിക്ക് ശക്തനായ എതിരാളിയല്ലെന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. സി.പി.എം സ്ഥാനാർത്ഥിയെ സി.പി.ഐ പോലും അംഗീകരിക്കില്ലെന്ന ആര്യാടൻ മുഹമ്മദിന്റെ പ്രതികരണം ഉദാഹരണം. എന്നാൽ, ജില്ലയിൽ ചെറുപ്പക്കാർക്കിടയിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള, യുവനിരയിൽ സി.പി.എമ്മിന് ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വാദം. കുഞ്ഞാലിക്കുട്ടിയെ മുമ്പ് കുറ്റിപ്പുറത്ത് അട്ടിമറിച്ചപ്പോൾ, കെ.ടി. ജലീലും വലിയ നേതാവായിരുന്നില്ലല്ലോ എന്ന ചോദ്യവും അവർ ഉന്നയിക്കുന്നു. രാജ്യത്ത് ബി.ജെ.പി ഉയർത്തുന്ന വർഗീയ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസിന് ശേഷിയില്ലാതായെന്നാണ് ഇടത് പ്രചാരണം. മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം പിടിക്കാൻ കഴിയാതെ പോയത് കോൺഗ്രസിന്റെ കഴിവുകേടായും ഇടതുപക്ഷം ചിത്രീകരിക്കുന്നു.

മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ലീഗിനാണ് ഭൂരിപക്ഷം. 2014ലെ വൻ ഭൂരിപക്ഷം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ മങ്കടയിലും പെരിന്തൽമണ്ണയിലും അല്പം കുറഞ്ഞെങ്കിലും ലീഗിനെ അവ കൈവിട്ടില്ല. മങ്കടയിലെയും പെരിന്തൽമണ്ണയിലെയും ലീഗിന്റെ വോട്ട് ചോർച്ച ഇക്കുറിയും തുടർന്നാൽ ഭൂരിപക്ഷം കുറയാമെന്ന് ഇടത് ക്യാമ്പുകൾ കണക്ക് കൂട്ടുന്നു. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടത്താമെന്ന ആത്മവിശ്വാസം യു.ഡി.എഫ് ക്യാമ്പിലുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ