സ്വന്തം സാറ്റലൈറ്റ് വിക്ഷേപിക്കാൻ മലയാളി വിദ്യാർത്ഥിക്ക് അവസരം
March 21, 2017, 3:01 am
അരുൺ വി. ഗോപാൽ
തിരുവനന്തപുരം: സ്വന്തമായി വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് ടെസ്റ്റ് മൊഡ്യൂൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ ഒരു മലയാളി വിദ്യാർത്ഥിക്ക് അവസരം ലഭിച്ചു. കൊല്ലം, കടയ്ക്കൽ തുണ്ടുവിള വീട്ടിൽ ശ്രീലതയുടെ മകൻ സുവിൻ നായർക്കാണ് മലയാളികളിൽ മറ്റാർക്കും ലഭിക്കാത്ത അപൂർവ നേട്ടം. ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് ലോഞ്ചിംഗ് കരാറുള്ള ബാംഗ്ലൂരിലെ 'ടീം ഇന്റസ് ' എന്ന സ്വകാര്യ കമ്പനി നടത്തിയ ലാബ് ടു മൂൺ ചലഞ്ചിൽ സുവിൻ നായരും മദ്ധ്യപ്രദേശിലെ വിശാൽസിംഗും ഉത്തർപ്രദേശിലെ റവ്‌നീത് കൗറും ഉൾപ്പെടുന്ന ടീം മൂന്നാം സ്ഥാനം നേടിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഒഫ് പെട്രോളിയം ആൻഡ് എൻജിനിയറിംഗ് സ്റ്റഡീസിലെ മൂന്നാംവർഷ ബി.ടെക് എയ്റോസ്‌പെയ്സ് വിദ്യാർത്ഥിയാണ് സുവിൻ നായർ. ചന്ദ്രനിലെ പൊടിപടലങ്ങളുടെ കാന്തികശക്തിയുടെ മൂല്യം കണക്കാക്കി ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുന്ന സാറ്റലൈറ്റാണ് ഇവർ വികസിപ്പിച്ചത്. 'മൂൺ ഡസ്റ്റ് അക്യൂമിലേഷൻ അനലൈസർ' എന്നാണ് ടെസ്റ്റ് മൊഡ്യൂളിന്റെ പേര്. ഡിസംബർ 28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ടെസ്റ്റ് മൊഡ്യൂൾ വിക്ഷേപിക്കും. നാല് കോടി രൂപ ചെലവ് വരുന്ന റോക്കറ്റ് വിക്ഷേപണത്തിന് സ്വകാര്യ കമ്പനികളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കോളേജ് അധികൃതർ. ഇറ്റലിയിൽ നിന്നെത്തിയ ടീമിനാണ് മൂൺ ചലഞ്ചിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ഇംഗ്ലണ്ടിന് രണ്ടാംസ്ഥാനവും ലഭിച്ചു. ഏഴ് രാജ്യങ്ങളിൽ നിന്ന് മൂവായിരം ടീമുകളാണ് ബാംഗ്ലൂരിൽ മാർച്ച് 15 മുതൽ മൂന്ന് ദിവസം നീണ്ടുനിന്ന ലാബ് ടു മൂൺ ചലഞ്ചിൽ പങ്കെടുത്തത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ