നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് കടമ്പകൾ
April 21, 2017, 12:11 am
ഡോ. എം. ശാർങ്‌ഗധരൻ
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിനുകൂടി നോൺക്രീമിലെയർ ആനുകൂല്യം നടപ്പിലാക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ധീരവും അനുമോദനാർഹവുമാണ്. ഈ തീരുമാനത്തിന്റെ പ്രയോജനം പത്തുവർഷങ്ങൾക്കുള്ളിൽ സമൂഹത്തിൽ ദർശിക്കാനാവും. എന്നാൽ, അർഹരായവർ ക്രീമിലെയറിൽ പെടില്ല എന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമവും പ്രയോജനപ്രദവും ആക്കേണ്ടതുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ അനുസരിച്ച് സുസ്ഥിര വികസനത്തിലും മനുഷ്യവിഭവ സൂചികയിലും ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്. സാമ്പത്തിക വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും സാമൂഹിക അസമത്വം കുറയ്ക്കാൻ കഴിയാത്തതും പാരിസ്ഥിതിക പ്രശ്നങ്ങളിലെ അലംഭാവവും സദ്‌ഭരണ സംവിധാനത്തിന്റെ അഭാവവും ആണ് ഇന്ത്യയെ സുസ്ഥിര വികസന സൂചികയിൽ പിന്നാക്കം കൊണ്ട് പോയിട്ടുള്ളത്.കഴിഞ്ഞ 50 വർഷങ്ങളിൽ കേവലം 70 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ഇന്ത്യ കൊണ്ടുവന്നപ്പോൾ, ഇക്കാലയളവിൽ 400 ദശലക്ഷംപേർ ചൈനയിൽ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ എത്തി. സർക്കാരിന്റെ പ്രതിബദ്ധതയും ഇച്ഛാശക്തിയുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക അസന്തുലനം കുറയ്ക്കുക, മികവ് പരിപോഷിപ്പിക്കുന്നതിനുള്ള നടപടികൾ ക്രമീകരിക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുക, വനിതാ അസമത്വം ഇല്ലാതാക്കുക തുടങ്ങിയ നാലിന കർമ്മപരിപാടികൾ ശക്തമാക്കിയാലേ സുസ്ഥിരവികസനത്തിന് നമുക്ക് പശ്ചാത്തലം ഒരുക്കാൻ കഴിയൂ.
ഈ പശ്ചാത്തലത്തിലാണ് വാസനയും താത്പര്യവും ഉള്ള പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കാനുള്ള അവസരം ഒരുക്കുന്ന നോൺ ക്രീമിലെയർ ആനുകൂല്യം പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനത്തിനുപുറമേ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കൂടി ഇപ്പോൾ വ്യാപിപ്പിക്കുന്നത്. തീരുമാനത്തിന്റെ സാംഗത്യം ഏറുന്നത്. വർഷങ്ങളായി പരിഹരിക്കപ്പെടാതെ നിലനിന്ന ഒരു പ്രശ്നത്തിന് ഇപ്പോൾ അനുകൂലമായ തീരുമാനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കുക. കേന്ദ്ര സർക്കാർ സംവിധാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ഉദ്യോഗസംവരണം നിലവിൽ വരുന്നതിന് മുമ്പ് ഏറെ വർഷക്കാലമായി കേരളത്തിൽ അക്കൂട്ടർക്ക് ഉദ്യോഗസംവരണാനുകൂല്യം ലഭ്യമായിരുന്നു. എന്നാൽ ഈ ആനുകൂല്യം കേരളത്തിൽ വിദ്യാർത്ഥിപ്രവേശനത്തിന് ലഭ്യമായിരുന്നില്ല. പകരം, സാമ്പത്തിക മാനദണ്ഡം മുൻനിറുത്തി നാമമാത്രമായ രീതിയിൽ പിന്നാക്ക വിഭാഗക്കാർക്ക് പൊതുവായി ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ വിദ്യാർത്ഥി പ്രവേശനത്തിന് സംവരണാനുകൂല്യം നൽകിയിരുന്നു.
സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിപ്രവേശനം നടത്തിയതുമൂലം ഉദ്യോഗസംവരണത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് വൻ നഷ്ടം വന്നുഭവിച്ചിട്ടുണ്ട്. മതിയായ അക്കാഡമി യോഗ്യത നേടിയാൽ മാത്രമേ ഉദ്യോഗാർത്ഥികളാകാൻ കഴിയൂ എന്നത് അടിസ്ഥാനതത്വം. കേരള സംസ്ഥാനത്ത് ഏതാണ്ട് രണ്ട് ദശകത്തോളം പരിഹരിക്കപ്പെടാതെ നിലകൊണ്ടു. ഈ അടുത്തകാലത്ത് മാത്രമാണ് പ്രൊഫഷണൽ കോളേജുകളിൽ നോൺക്രീമിലെയർ ആനുകൂല്യം വിദ്യാർത്ഥി പ്രവേശനത്തിന് ലഭ്യമാക്കിയത്.
എന്നാൽ, ഉദ്യാേഗസംവരണം പിന്നാക്കവിഭാഗക്കാർക്ക് അനുവദിക്കപ്പെട്ട അന്നുമുതൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആകമാനം അതേ വ്യവസ്ഥകൾ ബാധകമാക്കി വിദ്യാർത്ഥി പ്രവേശനവും അനുവദിച്ചു എന്നതായിരുന്നു കേന്ദ്ര സർക്കാർ ഉത്തരവിന്റെ സവിശേഷത. തുടക്കത്തിൽ സാമൂഹിക പിന്നാക്കാവസ്ഥ അടിസ്ഥാനമാക്കിയും സാമ്പത്തിക വശം ഒഴിവാക്കിയും ഉദ്യോഗനിയമനത്തിലും വിദ്യാർത്ഥി പ്രവേശനത്തിലും സംവരണ ഉത്തരവ് ആണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ടനുസരിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. എന്നാൽ സുപ്രീംകോടതിയാണ് ഇതിനകംതന്നെ സമൂഹത്തിലെ മുഖ്യധാരയിൽ എത്തിയ പിന്നോക്ക വിഭാഗക്കാരായവരെ ക്രീമിലെയർ വ്യവസ്ഥ അനുസരിച്ച് സംവരണാനുകൂല്യത്തിൽനിന്ന് ഒഴിവാക്കാനായുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് പിന്നാക്ക വിഭാഗത്തിലെ നോൺ ക്രീമിലെയറിൽപ്പെട്ടവർക്ക് മാത്രമായി സംവരണാനുകൂല്യം പരിമിതപ്പെടുത്തി, അതേസമയം ഉദ്യോഗസംവരണത്തിന് നൽകുന്ന അതേ പ്രാധാന്യം വിദ്യാർത്ഥി പ്രവേശനത്തിലെ സംവരണത്തിന് നൽകിയാലേ മതിയായ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളെ പിന്നാക്ക വിഭാഗത്തിൽ നിന്ന് ലഭ്യമാകൂ എന്ന അടിസ്ഥാനതത്വം വർഷങ്ങൾക്കുമുമ്പ് കേന്ദ്രസർക്കാർ തന്നെ അംഗീകരിച്ചു.
അതേസമയം, കേരളത്തിൽ പിന്നാക്ക വിഭാഗക്കാർ കബളിപ്പിക്കപ്പെട്ടുവെന്ന വസ്തുത ഏറെക്കാലം ഭരണകർത്താക്കളും ഗുണഭോക്താക്കളും തിരിച്ചറിഞ്ഞില്ല. സംസ്ഥാനത്ത് ഉദ്യോഗസംവരണത്തിൽ അന്നുവരെ നിലവിൽ ഇല്ലാതിരുന്ന നോൺ ക്രീമിലെയർ വ്യവസ്ഥ കേന്ദ്രസർക്കാർ ഉത്തരവ് വന്നതിന്റെ തൊട്ടുപിന്നാലെ നടപ്പിലാക്കി. എന്നാൽ വിദ്യാർത്ഥി പ്രവേശനത്തിൽ സാമ്പത്തിക നിലകൂടി കണക്കിലെടുക്കുന്ന പഴയ വ്യവസ്ഥകളിൽ യാതൊരുമാറ്റവും വരുത്തിയില്ല.
നോൺക്രീമിലെയറിൽ അപേക്ഷന്റെ മാതാപിതാക്കളുടെ പദവിയാണ് പ്രധാന മാനദണ്ഡം. കേരളത്തിൽ 36 വയസിന് മുമ്പ് മാതാപിതാക്കളിൽ ഒരാൾക്ക് നേരിട്ട് ക്ളാസ് ഒൺ (ഗ്രൂപ്പ് എ) തസ്തികയിൽ നിയമനം ലഭിച്ചിട്ടുണ്ടെങ്കിൽ നോൺക്രീമിലെയർ ആനുകൂല്യം നഷ്ടപ്പെടും. 40 വയസിന് മുമ്പ് ഇരുവർക്കും ക്ളാസ് ടു (ഗ്രൂപ്പ് ബി) നിയമനം നേരിട്ട് ലഭിച്ചിട്ടുണ്ടെങ്കിലും നോൺക്രീമിലെയർ ആനുകൂല്യം ലഭിക്കില്ല. എന്നാൽ, ക്ളാസ് ത്രി, ക്ളാസ് ഫോർ തസ്തികകളിൽ നേരിട്ട് നിയമനം ലഭിച്ചവർക്ക് പിന്നീട് സ്ഥാനക്കയറ്റത്തിലൂടെ ലഭിക്കുന്ന പദവി കണക്കിൽ എടുത്തില്ല. സഹോദരൻ, സഹോദരി, ഭാര്യ/ഭർത്താവ്, മറ്റു കുടുംബാംഗങ്ങളുടെ പദവികൾ ഒന്നും നോർക്രീമിലെയർ വ്യവസ്ഥയെ ബാധിക്കുന്നില്ല എന്നതാണ് പ്രത്യേകം ഓർക്കേണ്ടത്.
ആദ്യഘട്ടത്തിൽ ഉദ്യോഗസംവരണത്തിൽ മാത്രമായും വർഷങ്ങൾക്കുശേഷം പ്രൊഫഷണൽ കോഴ്സിലെ പ്രവേശനത്തിന് കൂടിയും നോൺക്രീമിലെയർ വ്യവസ്ഥകൾ ബാധകമാക്കിയപ്പോൾ, ഒാരോ അപേക്ഷയോടൊപ്പം പുതുതായി നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന വ്യവസ്ഥകൂടി ഉണ്ടായി. ഇപ്പോൾ ആർട്സ് സയൻസ് കോഴ്സുകളിലെ വിദ്യാർത്ഥിപ്രവേശനം ഉൾപ്പെടെ സമസ്തരംഗങ്ങളിലും നോൺക്രീമിലെയർ ബാധകമാക്കിയപ്പോൾ, ഒാരോ അപേക്ഷ അയയ്ക്കുന്നതിനും അപ്പപ്പോൾ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന വ്യവസ്ഥ അശാസ്ത്രീയമായി മാറിയിരിക്കുന്നു. എന്നാൽ, ഇത് ഒൗദ്യോഗികമായി നടപ്പിൽ വരാത്തത് കൊണ്ട് അപേക്ഷകരും റവന്യു ഉദ്യോഗസ്ഥരും വലയുകയാണ്. അടിയന്തരമായി പരിഹാരം കണ്ടെത്തേണ്ട ഒരു വിഷയമാണിത്. ഒരുതവണ വാങ്ങുന്ന സർട്ടിഫിക്കറ്റ് ആറുമാസക്കാലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താം എന്ന് തീരുമാനിച്ചാൽ പ്രശ്നം വേഗത്തിൽ പരിഹരിക്കാം.
നോൺക്രീമിലെയർ, പ്രൊഫഷണൽ -ജനറൽ മേഖലയിലെ വിദ്യാർത്ഥി പ്രവേശനത്തിന് ബാധകമാക്കിയ ആർജ്ജവം പിന്നാക്ക വിഭാഗങ്ങളിലെ അർഹർക്ക് ആവശ്യമായ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് കൂടി ഉണ്ടാവണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ