ആരും തെരുവിൽ അലയാത്ത കാലം സ്വപ്നം കാണുന്ന അശ്വതി ജ്വാല
April 13, 2017, 12:00 pm
ആശാ മോഹൻ
വിശക്കുന്ന വയറിന് അന്നം നൽകുന്നവളാണ് ലോകത്തിൽ ഏറ്റവും പുണ്യവതിയെന്ന് ചൊല്ലുണ്ട്. അക്കണക്കിന് ജ്വാല അശ്വതി പുണ്യവതികളുടെ പുണ്യവതിയാണ്. തിരുവനന്തപുരം നഗരത്തിൽ അശ്വതിയുടെ ജ്വാല ഫൗണ്ടേഷൻ കാരണം കഴിഞ്ഞ അഞ്ചുവർഷമായി തെരുവു നിവാസികൾ വിശപ്പ് എന്താണെന്ന് അറിഞ്ഞിട്ടില്ല. രണ്ടുവർഷം മുൻപ് മറ്റൊരു നാഴികക്കല്ലു കൂടി ജ്വാലയായി വൈകല്യമുള്ള അശരണർക്കായി ഒരു ഉന്തുവണ്ടി തട്ടുകട. രണ്ടുവർഷത്തിനിടയിൽ 18 ഉന്തുവണ്ടികളാണ് അശ്വതി അശരണർക്കായി വിതരണം ചെയ്തത്. കഴിഞ്ഞ അഞ്ചുവർഷമായി സാമൂഹ്യസേവന രംഗത്ത് പ്രവർത്തിക്കുന്ന അശ്വതി പറയുന്നു. തന്റെ ലക്ഷ്യത്തെക്കുറിച്ച്, ചിന്തകളെക്കുറിച്ച്, നേരിട്ട പ്രതിസന്ധികളെക്കുറിച്ച്.

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം
തെരുവിൽ വിശന്നിരിക്കുന്ന ഒരാൾക്കെങ്കിലും ഭക്ഷണം നൽകാൻ കഴിയണമെന്നു മാത്രമേ തുടക്കത്തിൽ ഞാൻ ചിന്തിച്ചിരുന്നുള്ളൂ പറ്റുന്നിടത്തോളം ആളുകളിൽ ഭക്ഷണം എത്തിക്കാൻ ശ്രമിച്ചു. എന്നാൽ ഈ രംഗത്തേക്ക് ആഴത്തിൽ ഇറങ്ങിയതോടെയാണ് എന്റെ ചിന്തകൾ എത്ര ബാലിശമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. വിശന്നിരിക്കുന്ന അശരണർക്ക് ആഹാരം മാത്രമല്ല ആവശ്യം കൃത്യമായ ഒരു ജോലിയും കിടപ്പാടവും വേണം. അതിനായി ജ്വാലയ്ക്ക് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനായുള്ള ശ്രമങ്ങൾ രണ്ടുവർഷം മുൻപ് ആരംഭിച്ചതേയുള്ളൂ. ഒരു ഷോപ്പ് അഥവാ ഉന്തുവണ്ടി ഉണ്ടാക്കണമെങ്കിൽ 22,000 രൂപ വേണം. അതിൽ ചെറിയൊരു കട സെറ്റ് ചെയ്തു കൂടി നൽകുമ്പോൾ മൊത്തം 26,000 രൂപയാകും. അതൊക്കെ ചിലർ സ്പോൺസർ ചെയ്തും മറ്റുമൊക്കെയാണ് ഇതുവരെ ചെയ്തത്. എന്നാൽ , ഈ വർഷം ആദ്യം വഴിയോരക്കച്ചവടം നിയന്ത്രിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. വൈകല്യമുള്ളവരുടെ ആകെയുള്ള ജീവനോപാധിയാണ് ഈ ഉന്തുവണ്ടികൾ. പലപ്പോഴും ഇവരെ നിയമപാലകരും മറ്റ് ഉദ്യോഗസ്ഥരും വണ്ടി എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ട്. ഒരുപാട് കയറിയിറങ്ങിയ ശേഷമാണ് ജ്വാലയുടെ ഉന്തുവണ്ടികളിൽ കച്ചവടം നടത്താനായി സ്പെഷ്യൽ ഓർഡർ വാങ്ങിയത്. വണ്ടികൾക്കൊപ്പം ഒരു ഓർഡർ കൂടി നൽകുന്നുണ്ട്. എല്ലായിടത്തും വഴിയോര കച്ചവടത്തിനായി ഒരു പ്രത്യേക ഏരിയ വരണമെന്ന് സുപ്രീംകോടതി നിർദ്ദേശം ഉള്ളതാണ്. എന്നാൽ ഇവിടെ ഇപ്പോഴും അതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ. ആരും തെരുവിൽ അലഞ്ഞുനടക്കുന്നില്ല എന്നതാണ് തന്റെ സ്വപ്നം, ലക്ഷ്യം. അതിനായി കൂടുതൽ കൂടുതൽ മുന്നേറാനുള്ള ശ്രമങ്ങൾ നടത്തും.

പ്രതിസന്ധികൾ കരുത്താകണം
തീർച്ചയായും സാമൂഹ്യ പ്രവർത്തനത്തിന് ഇറങ്ങുമ്പോൾ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകും. പല തടസങ്ങളും ഉണ്ടാകും. പക്ഷേ, അതെല്ലാം നമുക്ക് വീണ്ടും വീണ്ടും പ്രവർത്തിക്കാനുള്ള കരുത്ത് നൽകും. എനിക്ക് ഈ രംഗത്ത് ഗോഡ്‌ഫാദറില്ല. എന്റെ മനസിനെ തൃപ്തിപ്പെടുത്താനായി ഇറങ്ങി. മനസിന് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യും. ആർക്കും ദ്രോഹം ചെയ്യാറില്ല എന്ന് ഉത്തമ വിശ്വാസമുണ്ട്. പ്രതിസന്ധികൾ ഒറ്റയ്ക്ക് തരണം ചെയ്യുമ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി കൂടി കൈവരും. സാമൂഹ്യപ്രവർത്തനത്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്നവർ നിരവധിയുണ്ട്. അത്തരക്കാർക്കെതിരെ മിണ്ടാതിരുന്നാൽ ചൂഷണങ്ങൾ വർദ്ധിക്കും. അവർക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിക്കുന്നുണ്ട് ജ്വാല. തെരുവിൽ അലയുന്നവർക്കായി നിരവധി സംഘടനകൾ കേരളത്തിലുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കൊല്ലമായിട്ടും ഇവരെ പുനരധിവസിപ്പിക്കാനുള്ള ഒരു വിജയകരമായ ശ്രമം നടന്നിട്ടില്ല. താത്‌കാലിക ആശ്വാസമോ പരിഹാരമോ അല്ല വേണ്ടത്. സ്ഥായിയായ പരിഹാരം. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ വളരെ വളരെ കുറച്ചു മാത്രമാണ് നടക്കുന്നത്. നഗരസഭ ചെയ്യേണ്ട പുനരധിവാസ പ്രവർത്തനങ്ങൾ ജ്വാല ചെയ്യുന്നുണ്ട് എന്ന് ധൈര്യത്തോടെ പറയാം. തെരുവിൽ അലയുന്ന ഒരാളെ കണ്ടെത്തിയാൽ അവനെ പുനരധിവസിപ്പിക്കാനുള്ള അനുമതി വാങ്ങാൻ മാത്രം 12 മണിക്കൂർ കാത്തിരിക്കണം. അത്രയധികം നൂലാമാലകളുണ്ട് നമ്മുടെ നിയമത്തിൽ. ജ്വാല ഇതുവരെ 892 പേരെ തെരുവിൽ നിന്ന് മാറ്റി പുനരധിവസിപ്പിച്ചിട്ടുണ്ട്. അതിനായി ഞാനും ജ്വാലയിലെ മറ്റ് അംഗങ്ങളും എത്രത്തോളം ക്ളേശിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് ഊഹിക്കാം.

തെരുവിൽ അലയുന്നവർക്ക് ഭക്ഷണം നൽകി തുടങ്ങിയപ്പോൾ നിരവധി പേരുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ, സാമൂഹിക കാരണങ്ങളിൽ ഉൾപ്പെട്ടു തുടങ്ങിയപ്പോൾ പലയിടത്തും എനിക്ക് വിലക്ക് വന്നു. നിർഭയ, മഹിളാമന്ദിരം, 9-ാം വാർഡ് തുടങ്ങി പല സ്ഥലങ്ങളിലും പോകുന്നതിനും ഇടപെടുന്നതിലും പരിമിതികൾ വന്നു. അതെല്ലാം എന്നിലെ ശരികൾക്കു ലഭിച്ച അംഗീകാരമായാണ് കാണുന്നത്. തോൾ ചേർന്നു നിൽക്കുന്നവരെയേ അധികാരികൾക്ക് വേണ്ടൂ. വിമർശിക്കുന്നവരെ, തെറ്റു തിരുത്തുന്നുവരെ വേണ്ട. അതൊന്നും ഒരിക്കലും എന്റെ ലക്ഷ്യത്തിന് തടസമായി തോന്നിയിട്ടുമില്ല.

നിയമങ്ങൾ കാറ്റിൽ പറക്കുന്നു
വൃദ്ധസദനങ്ങളും ചെഷയർ ഹോമുകളും അനാഥരും നിരാലംബരും അവിവാഹിതരായ അശരണർക്കും വേണ്ടി പണികഴിപ്പിച്ചതാണ്. എന്നാൽ ഇന്ന് വൃദ്ധസദനങ്ങളിൽ താമസിക്കുന്നതിൽ ഭൂരിപക്ഷവും മക്കളും ആസ്തിയും ഉള്ളവരാണ്. അത്തരം രീതികളെ ഒരിക്കലും അംഗീകരിക്കാനാവില്ല. ആ സംസ്കാരമെല്ലാം വളർത്തിയെടുക്കേണ്ടത് അതിനു വേണ്ടിയല്ല. ബോധവത്‌കരണം നടത്തേണ്ടത്.

സ്ത്രീകൾ ഇനിയും ഉയരണം
ഇറോം ശർമ്മിളയും ഝാൻസി റാണിയുമൊക്കെയാണ് എന്റെ റോൾ മോഡൽസ്. നമ്മൾ സ്ത്രീകൾ തന്നെ നമ്മുടെ ഉന്നതിക്കായി പ്രവർത്തിക്കണം. വീട്ടിൽ ആരെങ്കിലും വന്നാൽ കതക് തുറന്ന് 'ഇവിടെയാരുമില്ല' എന്നു പറഞ്ഞ് കതകടയ്ക്കുന്ന സ്ത്രീകൾ ഇപ്പോഴും ഉണ്ട്. തങ്ങളെ ഒരു അംഗമായി അവർ തന്നെ അംഗീകരിക്കുന്നില്ല. ആ അവസ്ഥ മാറണം. സ്ത്രീയെന്നാൽ കുടുംബം നോക്കി ഇരിക്കേണ്ടവൾ എന്ന ചിന്ത മാറണം. എന്റെ രണ്ടാമത്തെ മകൻ കാശിനാഥനെ പ്രസവിച്ച് 12-ാം ദിവസമാണ് ജിഷ മരണവുമായി ബന്ധപ്പെട്ട് രാജ്‌ഭവനിലെ മാർച്ചിൽ പങ്കെടുത്തത്. സിസേറിയൻ കഴിഞ്ഞ് കിടക്കുന്നതിനാൽ പോകാൻ പറ്റില്ലെന്ന് ഡോക്ടറും വിലക്കിയതാണ്. പക്ഷേ എന്റെ മനസ് കേട്ടില്ല. ഭർത്താവോ വീട്ടുകാരോ എന്നോട് നോ പറഞ്ഞില്ല. ഞാൻ പോയി. ഒരിക്കലും പേരിനും പ്രശസ്തിക്കും വേണ്ടിയല്ല മനഃസംതൃപ്തിക്കു വേണ്ടിയാണ് ഞാൻ ഇറങ്ങുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നിരാഹാരം കിടന്നപ്പോൾ ഓടിയെത്തിയതും അതുകൊണ്ടു മാത്രമാണ്. പൊലീസിന്റെ ചൂഷണങ്ങൾ എന്താണെന്ന് നേരിട്ടറിഞ്ഞിട്ടുണ്ട്. ലോക്കൽ പൊലീസ് സ്റ്റേഷനിൽ പോയപ്പോഴൊക്കെ അവരുടെ പെരുമാറ്റത്തിൽ മനംമടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ അമ്മയുടെ സമരത്തിൽ പിന്തുണച്ചു. ഏത് രംഗങ്ങളിലും ശോഭിക്കുന്ന സ്ത്രീകൾ കുറവാണ്. രാഷ്ട്രീയ രംഗത്ത് സജീവമായ എത്ര സ്ത്രീകളുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീ എന്തുകൊണ്ട് ഉയരുന്നില്ല? ഏതു പാർട്ടിയിലും നിൽക്കുന്ന സ്ത്രീകൾക്ക് അവരുടേതായ പരിമിതികൾ സ്വതന്ത്രയാണ്. എന്റെ വാക്കുകൾക്കും ചിന്തകൾക്കും പ്രവർത്തികൾക്കുമുള്ള സ്വാതന്ത്ര്യം ഞാൻ പൊരുതി നേടിയതാണ്.
പുതിയ തലമുറയിൽ പക്ഷേ അത്തരം ഒരു നല്ല നിലപാട് കാണുന്നുണ്ട്. ഇഷ്ടപ്പെടാത്തതിനെതിരെ അവർ പ്രതികരിക്കാത്തതാണ്. അതിൽ ആൺ / പെൺ ചേരിതിരിവില്ല. അതൊരു നല്ല മാറ്റമായി കാണണം. ഞാൻ ആദ്യമൊക്കെ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു 'നീ പെങ്ങളേ, കുടുംബത്തിൽ ജോലിയില്ലെ, കുടുംബം നോക്കി ഇരുന്നാൽ പോരേ. എന്നൊക്കെ. എന്റെ കർമ്മപഥത്തിൽ ഇതുവരെ ആൺ -പെൺ വ്യത്യാസത്തിൽ അങ്ങനെ മാറ്റിനിറുത്തിയിട്ടില്ല. കൂട്ടത്തിൽ ചേർക്കാൻ കഴിയാത്തവരാണെന്ന് ഞാനന്നുവരെ അകറ്റി നിറുത്തിയിട്ടുമുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഞാൻ കൂടുതൽ സമൂഹവുമായി ചർച്ചകൾ നടത്തുന്നത്. അവിടെ എല്ലാം .... . കാരുണ്യം വിളമ്പുന്നവളായി വന്നതിനായുള്ള സ്വീകാര്യതയുമുണ്ട്. ഒരു ഫെമിനിസ്റ്റോ, സോഷ്യൽ വർക്കറോ ആയി വന്നിരുന്നെങ്കിൽ ഈ സ്വീകാര്യത കിട്ടുമായിരുന്നില്ല. ഒരാളുടെ വിശപ്പ് ശമിപ്പിക്കുന്നവരെ ബഹുമാനിക്കുന്ന സമൂഹത്തെ ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്.

ഇനിയുമേറെ പോകാനുണ്ട്
ഞാൻ എവിടെയുമെത്തിയിട്ടില്ല. തിരുവനന്തപുരം സിറ്റിയിൽ ചുറ്റിപ്പറ്റി നിന്ന ഞാൻ കേരളത്തെക്കുറിച്ചും ഇന്ത്യയെന്ന മഹാരാജ്യത്തെക്കുറിച്ചും ചിന്തിക്കാനുണ്ടെങ്കിൽ അത് ഇത്രയും വർഷത്തെ പ്രവൃത്തികൾ തന്നെ പരിശീലനമാണ്. തെരുവിലെ മനുഷ്യരെക്കുറിച്ച് കേരളമാകെ ചർച്ച ചെയ്യുന്നു. അവർക്ക് സ്ഥായിയായ ഒരു ഷെൽറ്റർ ഉണ്ടാക്കണം. തെരുവുകളില്ലാത്ത നാടുണ്ടാകണം. തെരുവിന്റെ മക്കൾക്കായി ഉദ്ദേശശുദ്ധികൊണ്ട് പ്രവർത്തിക്കുന്നവർ പോലും ഒരു ഘട്ടം കഴിയുമ്പോൾ തെരുവുനിവാസികൾ വേണമെന്ന് ആഗ്രഹിക്കുന്നു. ആ ആഗ്രഹം വേണം. നമ്മുടെ നാട്ടിൽ ഇനി അത്തരം സ്ഥലങ്ങൾ വേണ്ട. ഇവർക്ക് വോട്ടവകാശമില്ല. മരിച്ചാൽ നല്ലരീതിയിൽ സംസ്കാര ചടങ്ങു പോലും നടത്തുന്നില്ല. അവരും മനുഷ്യരാണ്. ആ പരിഗണന ലഭിക്കും. പിന്നെ വൈകല്യമുള്ളവർക്ക് സ്വയം തൊഴിലിനായുള്ള സ്ഥാപനം തുടങ്ങണം. അവിവാഹിതരെയും വിധവകളെയും സംരക്ഷിക്കാൻ സ്ഥലം ഒരുക്കണം. ഇതിനിടയിൽ ഇലക്ട്രിക് ഷോപ്പ് നടത്തുന്ന ഭർത്താവ് മനോജിനും മക്കളായ അഞ്ചാം ക്ളാസുകാരൻ ആദിത്യനും 10 മാസമുള്ള കാശിനാഥനും ഒപ്പം സമയം ചെലവഴിക്കുകയും വേണം. അശ്വതി നിറുത്താതെ ഓടുകയാണ്. തന്റെ ലക്ഷ്യൾക്കായുള്ള സ്വപ്നങ്ങൾക്കായുള്ള പൂർത്തീകരണത്തിന്...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ