Monday, 24 April 2017 9.07 AM IST
വാക്‌പോരിനിടയിൽ ജനത്തെ മറക്കരുത്
April 16, 2017, 1:13 am
ജനങ്ങളിൽ ഏറെ പ്രതീക്ഷ ഉണർത്തി അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാർ ഒരു വയസ് അടുത്തമാസം പൂർത്തിയാക്കുകയാണ്. സ്വാഭാവികമായും ഭരണത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലിനുള്ള അവസരംകൂടിയാണിത്. ഒന്നാം പിറന്നാളുമായി ബന്ധപ്പെട്ട് ആഹ്‌ളാദം അലയടിക്കേണ്ട സമയത്ത് മുന്നണിയിൽ നേതാക്കൾ തമ്മിൽ പൊരിഞ്ഞ വാക്ക്‌പോരാണ് നടക്കുന്നത്. രണ്ട് കൈയും കൂട്ടിയടിക്കുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്. എന്നുപറഞ്ഞതുപോലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് നേതാക്കൾ ഇറക്കുന്ന വിവാദ പ്രസ്താവനകൾക്ക് തത‌്‌സമയംതന്നെ ഉച്ചത്തിലുള്ള പ്രതികരണം സ്വന്തം ക്യാമ്പിൽ നിന്നുതന്നെ ഉയർന്നുകേൾക്കുന്നു. മുന്നണിക്കുള്ളിലുണ്ടാകുന്ന പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞൊതുക്കുന്നതിനുപകരം മാദ്ധ്യമങ്ങളുടെ മുന്നിലേക്ക് വലിച്ചിഴയ്ക്കുകയാണ്. നിസാരപ്രശ്നങ്ങൾപോലും പർവ്വതീകരിച്ച് കാണിക്കൽ ശീലമാക്കിക്കഴിഞ്ഞ മാദ്ധ്യമങ്ങളാകട്ടെ അന്നന്നത്തെ വിഭവങ്ങൾ പരമാവധി കൊഴുപ്പിക്കാനുള്ള വഴിതേടുന്നതിൽ കുറ്റം പറയാനാവില്ല. ചുരുക്കത്തിൽ ഭരണത്തിൽ അനഭിലഷണീയമായി എന്തെല്ലാമോ നടക്കുന്നു എന്ന സന്ദേശമാണ് ഉത്തരവാദപ്പെട്ട നേതാക്കളുടെ കൊണ്ടും കൊടുത്തുമുള്ള പ്രസ്താവനകൾ ജനങ്ങൾക്ക് മുമ്പിൽ വയ്ക്കുന്നത്.
ഭരണത്തിനു നേതൃത്വം നൽകുന്ന പാർട്ടികളുടെ ഉന്നത നേതാക്കളിൽനിന്ന് പുറത്തുവരുന്ന വാക്കുകൾ ചിലപ്പോഴൊക്കെ സ്വയം വിമർശനമായി മാറുന്നത് മുന്നണി ഭരണത്തിൽ അപൂർവ്വമൊന്നുമല്ല. ഭരണം കൂടുതൽ മെച്ചപ്പെടുത്താനും ജനാഭിലാഷത്തിനൊത്ത് ഉയർത്തിക്കൊണ്ടുവരാനും ഇത്തരം വിമർശനങ്ങൾ ഉപകരിക്കുകയും ചെയ്യും. എന്നാൽ സംസ്ഥാനത്ത് ഇപ്പോൾ മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിൽ നടക്കുന്ന വാക്ക്പോരിന് സ്വയം വിമർശനമെന്നതിനപ്പുറം രണ്ടുപക്ഷക്കാർ തമ്മിലുള്ള ഒരേറ്റുമുട്ടലിന്റെ സ്വഭാവമാണ് പലപ്പോഴും കാണാൻ കഴിയുന്നത്. പ്രതിപക്ഷത്തിന് ആയുധമായി ഉപയോഗിക്കാൻപറ്റുന്ന കാര്യങ്ങളാണ് സി.പി.ഐ നേതാക്കൾ പരസ്യപ്രസ്താവനകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപത്തിന് നിദാനമായ വസ്തുതകൾ ജനങ്ങളുടെ മുൻപിലുണ്ട്. സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള സി.പി.ഐ നേതാക്കൾ ചില സമകാലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വിമർശനങ്ങളിലധികവും പൊതു അഭിപ്രായത്തോട് ചേർന്നു നിൽക്കുന്നതാണെന്ന കാര്യവും വിസ്‌മരിച്ചുകൂടാ. ഘടകകക്ഷികൾ ഉയർത്തുന്ന വിമർശനങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നതുപോലെ ശത്രുപക്ഷത്തിന് എളുപ്പം മുതലെടുപ്പ് നടത്താൻ അവസരവും നൽകുമെന്നത് തർക്കമറ്റ കാര്യമാണ്. വിവാദ വിഷയങ്ങളിൽ സഖ്യകക്ഷികളെകൂടി വിശ്വാസത്തിലെടുത്ത് നിലപാടെടുക്കാൻ കഴിയാതെ പോകുന്നതാണ് അനാവശ്യ സംഘർഷത്തിനും വിമർശനങ്ങൾക്കും കാരണമാകുന്നത്.   തർക്ക പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം കാണാനും വേണ്ടിയാണ് മുന്നണി നേതൃതല സമിതിയുള്ളത്. എന്നാൽ അവിടെ പ്രശ്നങ്ങൾ കൊണ്ടുവരുന്നതിന് പകരം പുറത്ത് വിവാദങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശരിയും ന്യായവും ആരുടെ ഭാഗത്താണെന്ന് ജനങ്ങൾ വിധിയെഴുതട്ടെ എന്ന മട്ടിലുള്ള ഈ സമീപനത്തിൽ തെറ്റൊന്നുമില്ലെങ്കിലും മുന്നണിയെക്കുറിച്ചും ഭരണത്തെക്കുറിച്ചും അവമതി സൃഷ്ടിക്കാൻ കൂടി അത് ഇടയാക്കും.
വിലക്കയറ്റവും വരൾച്ചയും കുടിവെള്ളക്ഷാമവും ഉൾപ്പെടെ സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾക്ക് നടുവിൽനിന്നുകൊണ്ട് ഭരണ നേതാക്കൾ വാചകക്കസർത്ത് നടത്തുമ്പോൾ വിസ്മരിക്കപ്പെടുന്നത് സാധാരണക്കാരുടെ ജീവിത ദുരിതങ്ങളാണ്. ഇതിനിടയിലാണ് ഭരണത്തിന്റെ നിറംകെടുത്തുന്ന അനേകം പ്രശ്നങ്ങളും പ്രതിസന്ധികളും തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒറ്റക്കെട്ടായിനിന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതിന് പകരം പരസ്പരം പഴിചാരി സമയം പോക്കാനാണ് ഭാവമെങ്കിൽ ജനം പൊറുക്കുകയില്ല. വലിയ ഭൂരിപക്ഷം നൽകി അധികാരത്തിലെത്തിച്ചത് നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്. ധാർഷ്ട്യത്തിനും സ്ഥാപിത താത്പര്യങ്ങൾക്കും ഇടമില്ലാത്ത സാധാരണക്കാരുടെ അഭിലാഷങ്ങൾ സാധിതമാക്കുന്ന ഒരു സർക്കാരിനുവേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ചക്കളത്തിപ്പോര് നടത്തി വിലപ്പെട്ട സമയം പാഴാക്കി ജനങ്ങളെ നിരാശരാക്കരുത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ