അയൽക്കാർക്ക് ഇന്ത്യയുടെ ഉപഗ്രഹ സമ്മാനം
April 17, 2017, 3:00 am
പി.എച്ച്. സനൽകുമാർ
 

തിരുവനന്തപുരം: പാക്കിസ്ഥാൻ ഒഴികെയുള്ള അയൽരാജ്യങ്ങൾക്ക് ഇന്ത്യ സൗജന്യമായി നിർമ്മിച്ച് നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ ഉപഗ്രഹം മേയ് അഞ്ചിന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.
പൂർണമായും ഇന്ത്യയുടെ ചിലവിലും സാങ്കേതിക വൈദഗ്ദ്ധ്യത്തിലും നിർമ്മിച്ച് വിക്ഷേപിക്കുന്ന ഉപഗ്രഹത്തിലെ ട്രാൻസ്‌പോണ്ടറുകൾ ഈ രാജ്യങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം. വാർത്താവിനിമയത്തിനും പ്രകൃതി ദുരന്തനിവാരണത്തിനും ടെലിവിഷൻ സംപ്രേക്ഷണത്തിനുമെല്ലാം ഉപഗ്രഹം ഉപയോഗിക്കാൻ ഈ രാജ്യങ്ങൾക്ക് അവകാശമുണ്ടാകും.
അമേരിക്കയും റഷ്യയും യൂറോപ്പും ഉൾപ്പെടെയുള്ള സമ്പന്ന ബഹിരാകാശ ശക്തികൾ പോലും ചെയ്തിട്ടില്ലാത്ത രീതിയിൽ അയൽക്കാർക്ക് ഉപഗ്രഹസമ്മാനം നൽകി ഇന്ത്യ പുതിയ ചരിത്രം എഴുതുകയാണ്. ഉപഗ്രഹത്തിന്റെ നിർമ്മാണത്തിനും വിക്ഷേപണത്തിനുമായി 235 കോടിയോളം രൂപ ചെലവാകും. ഇത് പൂർണമായും ഇന്ത്യയാണ് വഹിക്കുന്നത്.
2014 ൽ കാഠ്മണ്ഡുവിൽ നടന്ന സാർക്ക് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാർക്ക് ഉപഗ്രഹമെന്ന ആശയം അവതരിപ്പിച്ചത്. അയൽക്കാർക്ക് ഇന്ത്യയുടെ സമ്മാനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ പാക്കിസ്ഥാന്റെ എതിർപ്പും ഇന്ത്യ - പാക്ക് അകൽച്ചയും സാർക്ക് ഉച്ചകോടിയിലെ പ്രശ്നങ്ങളും ഉപഗ്രഹ നിർമ്മാണത്തിനും വിക്ഷേപണത്തിനും കാലതാമസമുണ്ടാക്കി. ഉപഗ്രഹത്തിന്റെ നിയന്ത്രണം ഇന്ത്യ കൈയാളുന്നതും ബഹിരാകാശ പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്നത് പ്രതിരോധരഹസ്യങ്ങൾ ചോരാനിടയാക്കുമെന്ന പാക്കിസ്ഥാന്റെ ആശങ്കയുമാണ് തർക്കങ്ങൾക്കിടയാക്കിയത്. ഉപഗ്രഹനിർമ്മാണം ഒരുമിച്ച് നടത്താമെന്ന ഇന്ത്യയുടെ നിർദ്ദേശവും പാകിസ്ഥാന് സ്വീകാര്യമായില്ല. കഴിഞ്ഞ വർഷം മാർച്ചിൽ പാക്കിസ്ഥാൻ പദ്ധയിൽ നിന്ന് പിൻമാറി. ഇതോടെയാണ് സാർക്ക് ഉപഗ്രഹമെന്നത് മാറ്റി ദക്ഷിണേഷ്യൻ ഉപഗ്രഹമെന്ന പേര് സ്വീകരിച്ചത്.

ദക്ഷിണേഷ്യൻ ഉപഗ്രഹം
ദക്ഷിണേഷ്യൻ ഉപഗ്രഹമെന്ന പേരിട്ട ജി - സാറ്റ് 9 ന് ജി. എസ്.എൽ.വി (മാർക്ക് 2) 9 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. 36 മുതൽ 54 വരെ മെഗാഹെർട്സ് വേഗതയുള്ള 12 കു ബാൻഡ് ട്രാൻസ്പോണ്ടറുകളാണുള്ളത്. ഒാരോ രാജ്യത്തിനും ഒരു ട്രാൻസ്‌പോണ്ടർ സ്വതന്ത്രമായി ഉപയോഗിക്കാം. ടെലിവിഷൻ നെറ്റ്‌വർക്ക്, ഡി.ടി.എച്ച്, ടെലി മെഡിസിൻ, ടെലി എഡ്യൂക്കേഷൻ, ഇന്റർനെറ്റ് ശൃംഖല എന്നിവയ്ക്കെല്ലാം പ്രയോജനപ്പെടും. 2195 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 12 വർഷമാണ് ആയുസ്.

സമ്മാനം കിട്ടുന്ന രാജ്യങ്ങൾ
ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാൾ, ഭൂട്ടൻ,അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ