Monday, 24 April 2017 9.06 AM IST
കുഴപ്പം യന്ത്രങ്ങൾക്കല്ല നേതാക്കൾക്കാണ്
April 14, 2017, 2:00 am
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതുപോലെ ദേശീയ തലത്തിൽ പ്രതിപക്ഷ കക്ഷികൾ വോട്ടിംഗ് യന്ത്രത്തിനെതിരെ ഒറ്റക്കെട്ടായി തിരിഞ്ഞിരിക്കുകയാണ്. യന്ത്രത്തിൽ തങ്ങൾക്കുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ട നിലയ്ക്ക് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ പണ്ടത്തെ രീതിയിൽ ബാലറ്റ് പേപ്പർ മതിയെന്നാണ് അവരുടെ ആവശ്യം. സർവ്വതും ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് പഴമയിലേക്കു തന്നെ മടങ്ങാനുള്ള പ്രതിപക്ഷ കക്ഷികളുടെ ആഗ്രഹത്തിന്റെ കാരണം രസാവഹമാണ്. ഈയിടെ നടന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രം തങ്ങളെ വല്ലാതെ ചതിച്ചുവെന്നാണ് അവരുടെ കണ്ടെത്തൽ. യു.പി. നിയമസഭയിൽ ബി.ജെ.പി കരസ്ഥമാക്കിയ അമ്പരപ്പിക്കുന്ന വിജയമാണ് വോട്ടിംഗ് യന്ത്രത്തിനെതിരെ തിരിയാൻ പ്രധാനമായും പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം സമാപിച്ച പാർലമെന്റ് സമ്മേളനത്തിൽ ഇതേച്ചൊല്ലി വലിയ ബഹളം നടന്നു. മുന്നിൽ കോൺഗ്രസ് തന്നെയായിരുന്നു. നിഷ്‌പക്ഷവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പിനെക്കുറിച്ചു സംശയം ജനിപ്പിക്കുന്നതാണ് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുകളെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. കഴിഞ്ഞതു കഴിഞ്ഞു, ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ മാത്രമേ ഉപയോഗിക്കാവൂ എന്ന ആവശ്യവും അവർ ഉന്നയിച്ചു. മറ്റു പ്രതിപക്ഷ കക്ഷികൾ കൂടി ഏറ്റുപിടിച്ചതോടെ ഈ ആവശ്യത്തിന് ശക്തിയും വീര്യവും കൈവന്നിട്ടുണ്ട്. ഇടയ്ക്കെല്ലാം ചില സാങ്കേതിക തകരാർ മൂലം വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം നിലയ്ക്കുമെന്നതൊഴിച്ചാൽ വോട്ട് മാറിപ്പോകുന്നതടക്കമുള്ള ക്രമക്കേടുകൾക്കുള്ള സാദ്ധ്യത തുലോം വിരളമാണെന്ന് പലവട്ടം പരീക്ഷിച്ച് ഉറപ്പുവരുത്തിയിട്ടുള്ളതാണ്. അതിനുശേഷവും യന്ത്രം പൊടുന്നനെ സംശയ നിഴലിലായിട്ടുണ്ടെങ്കിൽ നിശ്ചയമായും നിഷ്‌കൃഷ്ടമായ പരീക്ഷണം അനിവാര്യമാണ്.
വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ച് ബാലറ്റിലേക്കു മടങ്ങണമെന്ന് ജനങ്ങളുടെ പേരിലാണ് പാർട്ടി നേതാക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ തിങ്കളാഴ്ച പതിനാറു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇലക്‌ഷൻ കമ്മിഷനെ കണ്ട് നിവേദനവും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ആദ്യം വോട്ടിംഗ് യന്ത്രം ആർക്കുവേണമെങ്കിലും പരിശോധിച്ച് കൃത്രിമങ്ങൾക്കു സാദ്ധ്യതയുണ്ടോ എന്നു സ്വയം ബോദ്ധ്യപ്പെടാമെന്ന വെല്ലുവിളിയുമായി കമ്മിഷൻ രംഗത്തുവന്നിട്ടുണ്ട്. വിവിധ മേഖലകളിലെ വിദഗ്ദ്ധന്മാർക്കും ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ദ്ധർക്കും പരീക്ഷണത്തിൽ പങ്കെടുക്കാൻ അവസരം നൽകും. വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികതയിൽ സംശയമുള്ളവർ കമ്മിഷന്റെ വെല്ലുവിളി സ്വീകരിച്ച് തങ്ങളുടെ സംശയം തീർക്കുകയാണു വേണ്ടത്. ഇതുവരെ നടന്ന അനവധി തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച വോട്ടിംഗ് യന്ത്രത്തിൽ ഇപ്പോൾ അട്ടിമറി സാദ്ധ്യത കാണുന്നവർ അതു ജനങ്ങൾക്കു മുൻപാകെ തെളിയിക്കണം. അല്ലെങ്കിൽ വെറും ദുരാരോപണമായി അത് പ്രതിപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കും.
യു.പി തിരഞ്ഞെടുപ്പു ഫലമാണ് പ്രധാനമായും വോട്ടിംഗ് യന്ത്രത്തെ സംശയിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. എന്നാൽ മറ്റു നാലു സംസ്ഥാനങ്ങളിലും വോട്ടെടുപ്പിന് യന്ത്രങ്ങൾ തന്നെയാണ് ഉപയോഗിച്ചത്. ഇതിൽ പഞ്ചാബിൽ കോൺഗ്രസാണ് അധികാരത്തിലേറിയത്. പഞ്ചാബിൽ ഉപയോഗിച്ച യന്ത്രത്തിനു കുഴപ്പമില്ല, യു.പിയിലേതിനാണ് കുഴപ്പമെന്ന മട്ടിലാണ് ആരോപണത്തിന്റെ പോക്ക്. യഥാർത്ഥത്തിൽ കുഴപ്പം യന്ത്രങ്ങൾക്കല്ല തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ നയിച്ച നേതാക്കൾക്കു തന്നെയാണ്. സത്യം അംഗീകരിക്കാനുള്ള മടിയാണ് പഴി അപ്പാടെ യന്ത്രത്തിനു മേൽ കെട്ടിവച്ച് തടി തപ്പാനുള്ള ശ്രമം. മുൻപും തോൽവി നേരിട്ടപ്പോൾ വോട്ടിംഗ് യന്ത്രത്തിനെതിരെ അട്ടിമറി ആരോപണവുമായി പലരും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ അതു തെളിയിക്കാൻ ആർക്കും കഴിഞ്ഞില്ല. പല തലങ്ങളിൽ പരീക്ഷിച്ച് ഉറപ്പാക്കിയശേഷം വോട്ടെടുപ്പിനു ഉപയോഗിക്കുന്ന യന്ത്രങ്ങൾക്കെതിരെ ഇത്ര വ്യാപകമായ നിലയിൽ ആരോപണം ഉണ്ടാകുന്നത് ഇതാദ്യമാണ്. പരാജയമടഞ്ഞവരുടെ മാനസികാവസ്ഥയിൽ നിന്നുണ്ടാകുന്നതാണ് കഥയില്ലാത്ത ഇത്തരം ആരോപണങ്ങളെന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. തോറ്റവർ യന്ത്രത്തെ കുറ്റം പറയുന്നതിന് അത്ര വില കലിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് കോൺഗ്രസിൽ എത്ര നേതാക്കൾ അംഗീകരിക്കുമെന്നറിയില്ല. ബാലറ്റ് വഴി വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ അധികാരം പിടിച്ചേനെ എന്ന മട്ടിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നിൽക്കുന്നത്. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ ഉയരാത്ത യന്ത്ര വിവാദം ഇപ്പോൾ പൊടുന്നനെ ഉണ്ടായതിനു പിന്നിൽ ഭാവിയെക്കുറിച്ചുള്ള പരാജയഭീതിയാണോ കാരണമെന്നറിയില്ല.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ