Monday, 24 April 2017 9.06 AM IST
യു.ഡി.എഫിന് ഉത്തേജനം പകർന്ന ഫലം
April 19, 2017, 12:04 am
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഇപ്പോഴത്തേതിൽ നിന്ന് മറിച്ചൊരു വിധിയെഴുത്തുണ്ടാകുമെന്നു രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാവുന്ന ആരും കരുതിയിട്ടുണ്ടാവില്ല. അത്രയ്ക്ക് സ്പഷ്ടവും വ്യക്തവുമായിരുന്നു മലപ്പുറം മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം. പ്രതീക്ഷിച്ചതു പോലെ ലീഗ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിൽ വിജയം നേടുകയും ചെയ്തു. ജനവിധി അപഗ്രഥിച്ചുകൊണ്ട് വിവിധ പാർട്ടി നേതാക്കൾ പുറപ്പെടുവിച്ച പ്രസ്താവനകളിൽ പലതും ഓർത്തോർത്തു ചിരിക്കാൻ വക നൽകുന്നതാണ്. ഇടതു സർക്കാരിന്റെ പത്തു മാസത്തെ ദുർഭരണത്തിനെതിരെ മലപ്പുറത്തെ ജനങ്ങൾ മുഖമടച്ചു നൽകിയ അടിയാണ് യു.ഡി.എഫിന്റെ ചരിത്ര വിജയമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വച്ചു കാച്ചിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനുമുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് കെ.പി.സി.സിയുടെ ഇടക്കാല പ്രസിഡന്റായ എം.എം. ഹസൻ മലപ്പുറം ഫലത്തെ കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നതിനാൽ ഓരോരുത്തരും പുലർത്തുന്ന നിലപാടുകളെ ആർക്കും ചോദ്യം ചെയ്യാനാവില്ല. എന്നാൽ മലപ്പുറം തിരഞ്ഞെടുപ്പു ഫലത്തിൽ സംസ്ഥാനത്തെ പ്രമുഖ മുന്നണികൾക്ക് കണക്കിൽക്കവിഞ്ഞ് ആഹ്ളാദിക്കാനോ തലകുനിക്കാനോ വകയൊന്നുമില്ലെന്നതാണ് സത്യം.
നിയമസഭാ സാമാജികനെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഏറെ വർഷത്തെ പരിചയസമ്പത്തും കർമ്മശേഷിയുമുള്ള കുഞ്ഞാലിക്കുട്ടി ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമുണ്ടാകേണ്ടതില്ല. പതിറ്റാണ്ടുകൾ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാവുകയും ദീർഘകാലം കേന്ദ്രമന്ത്രിയായിരുന്ന് സ്തുത്യർഹമായ
സംഭാവനകൾ നൽകുകയും ചെയ്ത യശഃശരീരനായ ഇ. അഹമ്മദിന്റെ പിൻഗാമിയായാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തുന്നത്. കരുത്തനായ നേതാവെന്ന നിലയിൽ സംസ്ഥാനത്ത് ചിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തെ ഇവിടെനിന്ന് ഡൽഹിയിലേക്ക് അയയ്ക്കുമ്പോൾ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുസ്ളിംലീഗിന് തീർച്ചയായും വ്യക്തമായ ലക്ഷ്യവും പ്രതീക്ഷയുമൊക്കെ കാണും. ഏതു നിലയിലും പാർട്ടിയുടെ പ്രതീക്ഷയും ലക്ഷ്യവും അദ്ദേഹത്തിൽ ഭദ്രമായിരിക്കുമെന്നതിലും തർക്കമുണ്ടാകാനിടയില്ല. ഏതു പ്രതിസന്ധിയിലും തളരാത്ത മനസിന്റെ ഉടമയായ കുഞ്ഞാലിക്കുട്ടി പാർലമെന്റിലും പുറത്തും ഏറെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറുമെന്ന
കാര്യത്തിലും സംശയമില്ല. പുതിയ പ്രവർത്തന മണ്ഡലം അദ്ദേഹത്തിന് കൂടുതൽ ഉത്കർഷയും കീർത്തിയും നൽകട്ടെ എന്ന് ആശംസിക്കുന്നു.
ഇ. അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി ഇടതു മുന്നണി സ്ഥാനാർത്ഥി എം.ബി. ഫൈസലിനെ തോല്പിച്ചത്. ആധികാരികമായ ഈ വിജയത്തിൽ യു.ഡി.എഫ് ഒന്നടങ്കം പങ്കാളികളുമാണ്. സാധാരണ തിരഞ്ഞെടുപ്പിൽ കാണാൻ കഴിയാത്ത വിധം തുടക്കം മുതൽ ഒടുക്കം വരെ യു.ഡി.എഫ് നേതൃത്വവും അണികളും ഒറ്റക്കെട്ടായി നിന്നതും കൈമെയ് മറന്ന് പ്രചാരണത്തിനിറങ്ങിയതും നേട്ടമായിട്ടുണ്ട്. രാഷ്ട്രീയ കാറ്റും ചായ്‌വുമെല്ലാം തീർത്തും യു.ഡി.എഫിന് അനുകൂലമായിരുന്നിട്ടും ഇടതു സ്ഥാനാർത്ഥി ഫൈസൽ 3,44,307 വോട്ടുകൾ സമാഹരിച്ചുവെന്നത് തീർച്ചയായും വലിയ നേട്ടം തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ ഒരുലക്ഷത്തിലേറെ വോട്ടുകൾ നേടിയതിലൂടെ യു.ഡി.എഫിന്റെ ഭരണവിരുദ്ധ വിമർശനത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും ഇടതുമുന്നണിക്കു കഴിഞ്ഞു. തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാനത്തെ ആകെ പിടിച്ചുലച്ച അനവധി വിഷയങ്ങളുണ്ടായിട്ടും അവയൊന്നും വോട്ടർമാരെ പ്രത്യക്ഷത്തിൽ സ്വാധീനിച്ചില്ലെന്നു തന്നെയാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. കവിഞ്ഞ ആവേശത്തോടെ മത്സരത്തിനിറങ്ങിയ ബി.ജെ.പിക്ക് ജനങ്ങളുടെയിടയിൽ വേരോട്ടമുണ്ടാകാൻ ഇനിയും ദീർഘകാലം കാത്തിരിക്കേണ്ടിവരുമെന്ന പാഠവും മലപ്പുറം തിരഞ്ഞെടുപ്പ് കാട്ടിത്തരുന്നു.
കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു പോകുന്നതോടെ ഒഴിവു വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിൽ ഇനി ഉപതിരഞ്ഞെടുപ്പ് നടത്തണം. ലീഗിന്റെ ഉറച്ച സീറ്റായ ഇവിടെയും ഫലം മറിച്ചാകാൻ ഇടയില്ല. പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ വേങ്ങര നിയമസഭാ മണ്ഡലത്തിലാണ് കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും മികച്ച ഭൂരിപക്ഷം ലഭിച്ചത് - 40,529 വോട്ടുകൾ. മലപ്പുറം ഫലം യു.ഡി.എഫിന് രാഷ്ട്രീയമായി പകരുന്ന ആശ്വാസവും പ്രതീക്ഷയും വലുതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ ആകെ ഉലഞ്ഞുനിന്ന മുന്നണിക്ക് ഉത്തേജനം പകരാൻ ഈ വിജയം സഹായിക്കും. ഭിന്നതകളും അഹംഭാവവും വെടിഞ്ഞ് ഒറ്റക്കെട്ടായി നിന്നാലേ രാഷ്ട്രീയ ഭാവിയുള്ളൂ എന്ന ബോദ്ധ്യം ഊട്ടി ഉറപ്പിക്കാനും മലപ്പുറം ഫലം നിമിത്തമാകാതിരിക്കില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ