Monday, 24 April 2017 9.08 AM IST
ജല നിയന്ത്രണം പ്രായോഗികമാകണം
April 20, 2017, 2:00 am
ജല സമൃദ്ധിയാൽ അനുഗ്രഹീതമായിരുന്ന തിരുവനന്തപുരം നഗരവും കടുത്ത ജലക്ഷാമം നേരിടേണ്ടി വന്നിരിക്കുകയാണ്. നഗരത്തിനും പരിസര പ്രദേശങ്ങൾക്കും ജലമെത്തിക്കുന്ന പേപ്പാറ ജലസംഭരണി കൊടിയ വേനലിൽ വറ്റി വരളാൻ തുടങ്ങിയതോടെയാണ് തലസ്ഥാനം വെള്ളത്തിന്റെ വില അറിയാൻ തുടങ്ങിയത്. കരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മേയ് പകുതിയാവുമ്പോഴേക്കും പേപ്പാറയിൽ നിന്ന് ഒരു തുള്ളി ജലം പോലും എടുക്കാനാവാത്ത സ്ഥിതി വരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച മുതൽ കടുത്ത ചില നിയന്ത്രണങ്ങളേർപ്പെടുത്താൻ വാട്ടർ അതോറിട്ടി നടപടിയെടുത്തത്. അരുവിക്കരയിൽ പമ്പിംഗിന് നിയന്ത്രണം വന്നതോടെ നഗരത്തിൽ രണ്ടുദിവസമായി കുടിവെള്ള വിതരണം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. അല്പം ഉയർന്ന പ്രദേശങ്ങളിൽ വെള്ളം തീരെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. നിയന്ത്രണമൊന്നുമില്ലാതിരുന്ന സമയത്തും ഈ പ്രദേശങ്ങളിൽ ശരിയാം വണ്ണം വെള്ളം എത്തിയിരുന്നില്ല. നിയന്ത്രണം കൂടി വന്നതോടെ ദുരിതം പതിന്മടങ്ങായിട്ടുണ്ട്.
സംഭരണിയിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നാൽ കർക്കശമായ നിയന്ത്രണമേർപ്പെടുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ ഈ പ്രതിസന്ധി കാലേകൂട്ടി കണ്ട് ചില മുൻകരുതൽ എടുത്തിരുന്നുവെങ്കിൽ മഴക്കാലം വരെ പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നു. അതുണ്ടായില്ല. ഉറങ്ങാൻ നേരം പായ അന്വേഷിക്കുന്നതു പോലെ പ്രതിസന്ധി മൂർദ്ധന്യത്തിലെത്തിയപ്പോഴാണ് വാട്ടർ അതോറിട്ടി നിയന്ത്രണ നടപടിയുമായി ഇറങ്ങിയിരിക്കുന്നത്. കെടുകാര്യസ്ഥതയ്ക്ക് പണ്ടേതന്നെ നോബൽ സമ്മാനത്തിനർഹമായ അതോറിട്ടിയുടെ മുൻകരുതലില്ലായ്മയാണ് സ്ഥിതി ഇത്രയധികം രൂക്ഷമാകാൻ കാരണം. പകൽ സമയത്ത് പമ്പിംഗ് നിറുത്തിവച്ചുകൊണ്ടുള്ള ഇപ്പോഴത്തെ നിയന്ത്രണം വളരെ അശാസ്ത്രീയമാണെന്ന് രണ്ടുദിവസത്തെ അനുഭവത്തിൽ നിന്നറിയാം. നഗരത്തിൽ ഒന്നടങ്കം വെള്ളം മുടങ്ങാനേ ഈ നടപടി ഉപകരിച്ചിട്ടുള്ളൂ. നഗരവാസികളെ കൂടുതൽ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ ജലവിതരണത്തിന് പ്രായോഗികമായ വഴികൾ തേടേണ്ടതുണ്ട്. നിശ്ചിത സമയം ക്രമപ്പെടുത്തി ഓരോ മേഖലയിലും മുടക്കമില്ലാതെ വെള്ളം എത്തിക്കാൻ കഴിയണം. അതുസംബന്ധിച്ച് വ്യക്തമായ അറിയിപ്പും നൽകണം. ലോഡ്‌ഷെഡിംഗ് കാലത്തെ വൈദ്യുതി വിതരണം പോലെ സമയപ്പട്ടിക വച്ച് ജലവിതരണം ഉറപ്പാക്കാനായാൽ വലിയ പരാതി കൂടാതെ പ്രതിസന്ധി ഘട്ടം മറികടക്കാനാകും. അതിനു ആദ്യം വേണ്ടത് ജലവിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് അതോറിട്ടിക്ക് കൃത്യമായ അറിവു വേണമെന്നതാണ്. അതോറിട്ടി എൻജിനിയർമാരിൽ പലർക്കും ജലവിതരണ ലൈനുകളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത സ്ഥിതിയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ അതോറിട്ടിയുടെ പക്കൽ കാണണമെന്നുമില്ല. അത്ര അരാജക സ്ഥിതിയാണ് അതോറിട്ടി ഓഫീസുകളിലുള്ളത്.
സംസ്ഥാനം വരൾച്ച ബാധിതമായി പ്രഖ്യാപിക്കപ്പെട്ടിട്ട് നാലഞ്ചു മാസങ്ങൾ കഴിഞ്ഞു. ജലക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ആദ്യംതന്നെ വന്നിരുന്നു. നഗരത്തിന്റെ ജലസ്രോതസുകളായ അരുവിക്കരയും പേപ്പാറയും ഇക്കുറി ചതിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ബദൽ മാർഗത്തെക്കുറിച്ച് ആലോചനയും നടന്നിരുന്നു. ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രം. പേപ്പാറ കൈവിട്ടാൽ നെയ്യാർ ഡാമിൽ നിന്ന് അരുവിക്കരയിലേക്കു വെള്ളം എത്തിക്കാനുള്ള വഴിയെക്കുറിച്ച് നേരത്തേ തന്നെ ആലോചിച്ചതാണ്. ആലോചന നടന്നതല്ലാതെ ഒരിഞ്ചു മുന്നോട്ടുപോയില്ല. ഇക്കഴിഞ്ഞ ദിവസമാണ് വകുപ്പുമന്ത്രിയും പരിവാരങ്ങളും നെയ്യാർഡാം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയത്. ഇനി അഥവാ നെയ്യാർ ജലം എത്തിക്കാൻ നടപടി ആരംഭിച്ചാൽ പോലും എത്രനാൾ വേണ്ടിവരും അതു പ്രായോഗിക തലത്തിലെത്താൻ. അത്രയേറെ തല പുകച്ച് ചെയ്യേണ്ട ഒരു ദൗത്യമാണത് എന്നു കരുതാനും വയ്യ. കാരണം പതിറ്റാണ്ടുകൾക്കു മുൻപ് എം.എൻ. ഗോവിന്ദൻനായർ എന്ന പ്രഗല്ഭനായ മന്ത്രി നെയ്യാർ ജലം അരുവിക്കരയിലെത്തിച്ച് നഗരത്തിന്റെ ദാഹം തീർത്ത ചരിത്രമുണ്ട്. യന്ത്രങ്ങൾ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്താണ് ഇതു സാദ്ധ്യമാക്കിയത്. പേപ്പാറയ്ക്കും അരുവിക്കരയ്ക്കും ബദലായി നഗരത്തിനു തൊട്ടടുത്തു കിടക്കുന്ന വിശാലമായ വെള്ളായണി ജലസ്രോതസ് ഉപയോഗപ്പെടുത്താനുള്ള നീക്കമുണ്ടായിരുന്നു. അതും പാതിവഴിയിൽ ആലോചന നിറുത്തുകയാണുണ്ടായത്. അടിയന്തര ഘട്ടമെത്തുമ്പോൾ മാത്രം പരിഹാര വഴികൾ തേടുക എന്ന ഭരണശൈലിയാണ് കുഴപ്പം. പേപ്പാറ ജലസംഭരണിയിൽ വെള്ളം കുറഞ്ഞാൽ പമ്പിംഗ് നിറുത്തിവച്ച് പ്രതിസന്ധി നേരിടാമെന്ന എളുപ്പവഴി തിരഞ്ഞെടുക്കാൻ ഒരു പ്രയാസവുമില്ല. മറിച്ച് പ്രതിസന്ധി നേരത്തേ മനസിലാക്കി പരിഹാര നടപടി സ്വീകരിക്കണമെങ്കിൽ അദ്ധ്വാനവും ബുദ്ധിയും കൂടുതൽ ചെലവഴിക്കേണ്ടി വരും.
ജലം ഒരു ലോപവുമില്ലാതെ ഉപയോഗിച്ചു ശീലിച്ച തലസ്ഥാന നഗരവാസികൾ സ്വാഭാവികമായും ഇപ്പോഴത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ അസ്വസ്ഥരാകും. എന്നാൽ നിയന്ത്രണങ്ങളുമായി പരമാവധി സഹകരിക്കുക എന്നതിനപ്പുറം വേറെ വഴിയില്ല. ജല ദുരുപയോഗം പൂർണമായും ഒഴിവാക്കാൻ നഗരവാസികൾ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ