തട്ടിപ്പിന്റെ സുൽത്താൻ, സ്ത്രീ വിഷയത്തിൽ കേമൻ
April 17, 2017, 12:47 pm
കോട്ടാത്തല ശ്രീകുമാർ
കൊട്ടാരക്കര : പട്ടാളത്തിലെ ജോലി ഉപേക്ഷിച്ച് തട്ടിപ്പിന്റെ ലോകത്തേക്ക് എത്തിയ രാജേഷ് ചന്ദ്രൻ ആഡംബര ജീവിതത്തിൽ മതിമയങ്ങുകയായിരുന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാത്തെ അവസ്ഥയാണെങ്കിലും തട്ടിപ്പിലൂടെ ലഭിയ്ക്കുന്ന ലക്ഷങ്ങൾ സമ്പാദിച്ചുവയ്ക്കാൻ ഇയാൾ കൂട്ടാക്കിയിരുന്നില്ല. സ്ത്രീ വിഷയങ്ങളിൽ കൂടുതൽ താൽപര്യം ഉണ്ടായിരുന്നതിനാൽ ആ നിലയിലാണ് കൂടുതൽ പണവും നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ എഴുകോൺ പൊലീസ് പരിധിയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ ചില സ്ത്രീകളുമായി ബന്ധമുണ്ടാക്കിയിരുന്നു. ഇവിടെ സമീപ വാസികളെല്ലാം സി.ബി.ഐ ഓഫീസർക്ക് നൽകുന്ന ബുഹുമാനമെല്ലാം രാജേഷിന് നൽകിവരികയായിരുന്നു. സൈന്യത്തിൽ ജോലി ഉണ്ടായിരുന്നപ്പോഴാണ് കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശിനിയായ യുവതിയെ രാജേഷ് വിവാഹം ചെയ്തത്. സാമ്പത്തിക നില മെച്ചപ്പെട്ട വീട്ടിൽ നിന്നും വിവാഹം ചെയ്തെങ്കിലും സ്ത്രീധന തുക മുഴുവൻ ഇയാൾ ആർഭാട ജീവിതത്തിന് ചെലവഴിച്ചു. പട്ടാളത്തിൽ ഏഴര വർഷം ജോലി ചെയ്തെങ്കിലും ഈ ജോലി പിന്നീട് നഷ്ടപ്പെട്ടു. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് രാജേഷ് തട്ടിപ്പിന്റെ ലോകത്തെ സുൽത്താനായി വിലസിയത്. അതോടെ ഭാര്യയും മകനും വീട് വിട്ട് പോയി. 2010ൽ സുധീഷ് നമ്പ്യാർ ഐ.പി.എസ് എന്ന പേരിൽ പുനലൂരിൽ തട്ടിപ്പ് നടത്തുന്നതിനിടയിൽ തോക്കുമായി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1000 രൂപയ്ക്ക് വാങ്ങാൻ കിട്ടുന്ന തോക്കായിരുന്നു ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. അന്ന് മൂന്നര വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം തട്ടിപ്പ് കൂടുതൽ വിപുലമാക്കി. വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിച്ചു. സി.ബിഐ ഓഫീസർ ഹരികൃഷ്ണൻ ഐ.പി.എസ് എന്ന പേരാണ് ഈ സമയത്ത് ഉപയോഗിച്ചത്. ഐഡന്റിറ്റി കാർഡും നിർമ്മിച്ചു. സി.ബി.ഐ ഓഫീസർ തന്നെ വിസ വാഗ്ദാനം ചെയ്യുമ്പോൾ വിശ്വസിച്ച് പലരും പണം നൽകി. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്ന വീടുകളിലെത്തി താൻ സ്വർണ്ണത്തിന്റെ മൊത്ത വ്യാപാരിയാണെന്ന് പറ‌ഞ്ഞ് പവന് മൂവായിരം രൂപ വരെ കുറവ് ചെയ്യാമെന്ന് ഉറപ്പ് നൽകി. മുക്കുപണ്ടം നൽകിയ ശേഷം പണം തട്ടിയ കേസ് നിരവധിയുണ്ട്. ദേവസ്വം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഐഡന്റിറ്റി കാർഡ് നിർമ്മിച്ച ശേഷം ദേവസ്വം ബോർഡിലേക്ക് ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് നടത്തുമ്പോഴാണ് ഒടുവിൽ പിടിയിലായത്. അതിന് മുൻപ് പൂജാരിയുടെയും ദുർ മന്ത്രവാദിയുടെയുമൊക്കെ വേഷം കെട്ടി പണം തട്ടിച്ചു. ഇയാൾ പലരിൽ നിന്നും വാങ്ങിയ തുക കൂട്ടുമ്പോൾ കോടിയിലധികം വരുമെങ്കിലും ഇവ സമ്പാദിച്ചിട്ടില്ലെന്നാണ് സൂചന. യാത്ര മുന്തിയ കാറിൽ, സ്വന്തമായി സൈക്കിൾ പോലുമില്ല
സി.ബി.ഐ ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന രാജേഷ് ചന്ദ്രന്റെ സഞ്ചാരം മുന്തിയ കാറുകളിലാണെങ്കിലും സ്വന്തമായി ഒരു മോട്ടോർ ബൈക്കുപോലും ഇയാൾക്കില്ല. സി.ബി.ഐ ഓഫീസർ എന്ന നിലയിൽ പരിചയപ്പെട്ട ശേഷമാണ് പലരുടെയും ആഡംബര കാറുകൾ ഇയാൾ ഉപയോഗിച്ചിരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ബൈക്കിലും സ്കൂട്ടറിലും പുറത്ത് പോകേണ്ടി വരുമ്പോൾ വീട്ടിലെ പണിക്കാരുടെ വാഹനമാണെന്നാണ് മറ്റുള്ളവരോട് പറയാറുള്ളത്. അധികം കൂട്ടുകെട്ട് ഇല്ലെങ്കിലും കൊട്ടാരക്കരയിലെ വാടക വീട്ടിൽ ഇയാളെ തേടി  എത്താറുള്ളത് ഉന്നതൻമാരാണ്. വാടക വീടിന്റെ അടുത്ത വീടുകളിലുള്ളവരൊക്കെ സി.ബി.ഐ ഓഫീസർക്ക് നൽകേണ്ട ബഹുമാനം രാജേഷിന് നൽകിയിരുന്നു. ഇന്നലെ രാജേഷിനെയുംകൊണ്ട് പൊലീസ് ഇവിടെ തെളിവെടുപ്പിന് എത്തിയപ്പോഴാണ്  തങ്ങളുടെ 'സാറി'നെ അറസ്റ്റ് ചെയ്തോയെന്ന് അതിശയത്തോടെ പലരും ചോദിച്ചത്. ഇവിടെയും സ്ത്രീകളുമായി രാജേഷ് വലിയ ബന്ധം സ്ഥാപിച്ചിരുന്നു. വിലകൂടിയ വസ്ത്രങ്ങളാണ് രാജേഷ് ഉപയോഗിക്കാറുള്ളത്. വലിയ തുണിക്കടകളിൽ എത്തി സി.ബി.ഐ ഓഫീസറുടെ ഐഡന്റിറ്റി കാർഡ് കാട്ടിയ ശേഷം വിലകൂടിയ തുണികൾ കുറഞ്ഞ വില നൽകി വാങ്ങും. കൂടുതൽ തുണിത്തരങ്ങൾ ആവശ്യമുണ്ടെന്നും പണം ബാങ്ക് അക്കൗണ്ടിൽ ഇട്ടുതരാമെന്നും പറഞ്ഞ് തുണിക്കടയുടെ ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങും. പലവഴിക്ക് തട്ടിച്ച് കിട്ടുന്ന തുകയിൽ ചിലത് ഇങ്ങനെയുള്ള അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ പറയും. തുടർന്ന് കടയിലെത്തി അത്യാവശ്യം വേണ്ടുന്ന തുണിത്തരങ്ങൾ വാങ്ങിയ ശേഷം അക്കൗണ്ടിലേക്ക് അയച്ചതിന്റെ ബാക്കിയുള്ള തുക കടയിൽ നിന്നും വാങ്ങും. നൂറുകണക്കിനാളുകൾ രാജേഷിന്റെ വിവിധ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ 20 കേസുകളുണ്ട്. കൂടുതൽ പരാതിക്കാർ എത്തുമെന്നാണ് പൊലീസ് കരുതുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ