Monday, 24 April 2017 9.08 AM IST
ഇടനിലക്കാരുടെ പിടിയിൽ അരി വിപണി
April 18, 2017, 2:00 am
അരി മുഖ്യാഹാരമാക്കിയ മലയാളികൾ കഴിഞ്ഞ കുറേ മാസങ്ങളായി കഴിക്കാൻ കൊള്ളാവുന്ന അരിയ്ക്ക് വലിയ വില നൽകിക്കൊണ്ടിരിക്കുകയാണ്. ഒരു കിലോ അരിക്ക് അൻപതു രൂപയും കടന്ന ഘട്ടമുണ്ടായി. അനിയന്ത്രിതമായ ഈ അരിവില വർദ്ധനയ്ക്ക് അറുതിയുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. ആന്ധ്രയിലെ മില്ലുടമകളാണ് കേരളത്തിൽ അരിവില നിയന്ത്രിക്കുന്നതെന്നു പറയാറുണ്ട്. എന്നാൽ അവിടെ എത്രകണ്ടു വില കുറഞ്ഞാലും കേരളവിപണിയിൽ അതു പ്രതിഫലിക്കുന്നില്ലെന്നതാണ് സമീപകാലത്തു ദൃശ്യമായ പ്രവണത. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. സംസ്ഥാനത്ത് അരിവിപണിയെ നിയന്ത്രിക്കുന്ന ഇടനിലക്കാർ നടത്തുന്ന കൊള്ളയാണ് അഭൂതപൂർവ്വമായ നിലയിൽ അരിവില ഉയർന്നുതന്നെ നിൽക്കാൻ കാരണമായി പറയുന്നത്. അത് പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ആന്ധ്രയിലെയും കേരളത്തിലെയും ഇപ്പോഴത്തെ അരിവിലിയിൽ കാണുന്ന വലിയ അന്തരം. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ജയ അരിയ്ക്ക് ആന്ധ്രയിൽ ഇപ്പോൾ മുപ്പതുരൂപയ്ക്കടുത്താണ് വില. അതു ഇവിടെ എത്തുമ്പോൾ 47 രൂപയാകുന്നു. ഒരുകിലോ അരിവിലയിൽ പതിനേഴുരൂപയുടെ വ്യത്യാസം അത്യപൂർവ്വം തന്നെയാണ്. ആന്ധ്രാഅരിയ്ക്ക് വൻതോതിൽ വില കൂടുമ്പോൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് അവിടെ നിന്ന് അരിവാങ്ങി സബ്സിഡി വിലയ്ക്ക് വിതരണം ചെയ്തിരുന്ന ഏ‌ർപ്പാട് നിലയ്ക്കുകയോ മന്ദഗതിയിലാവുകയോ ചെയ്തതാണ് സംസ്ഥാനത്തെ അരിവിപണി കൊള്ളലാഭക്കാരുടെ പിടിയിലമരാൻ ഇടയാക്കിയത്. ഇക്കുറിയും അരിവില വർദ്ധനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നപ്പോൾ സഹകരണസംഘങ്ങൾ വഴി സർക്കാർ അരിവിതരണം ഏർപ്പെടുത്തുകയുണ്ടായി. കിലോയ്ക്ക് 25 രൂപ വിലയും നിശ്ചയിച്ചു. ആദ്യഘട്ടമായി ബംഗാളിൽ നിന്നാണ് ഇതിനായി അരി സംഭരിച്ചത്.എന്നാൽ ആദ്യസ്റ്റോക്ക് തീർന്നതോടെ ഇനി എന്ത് എന്ന ചിന്താകുഴപ്പത്തിലാണ് അധികൃതർ.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള അരിക്ക് ഇതുപോലെ വിലഉയർന്ന ഒരുകാലം മുൻപ് ഉണ്ടായിട്ടേയില്ല. ആന്ധ്രയിലും മറ്റും വൻതോതിൽ കൃഷിപ്പിഴ ഉണ്ടാകുമ്പോൾ അരിവരവ് കുറയുമെന്നല്ലാതെ വില ഇപ്പോഴത്തേതുപോലെ ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരാറില്ലായിരുന്നു.അരി വിപണി അടക്കിവാഴുന്ന മൊത്തക്കച്ചവടക്കാരും കണ്ണിൽ ചോരയില്ലാത്ത ഇടനിലക്കാരും ചേർന്നുള്ള തീവെട്ടിക്കൊള്ളയാണ് ഇപ്പോൾ നടക്കുന്നത്. വിപണിയിൽ സർക്കാർ ഫലപ്രദമായി ഇടപെട്ടിരുന്നുവെങ്കിൽ ഈ കൊള്ള അവസാനിപ്പിക്കാനാകുമായിരുന്നു. എന്നാൽ വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് ചെയ്യാതിരിക്കുക എന്നതിലാണല്ലോ സർക്കാരിന്റെ മിടുക്ക്. നിരവധി മാസങ്ങളായി സംസ്ഥാനത്തെ അരി വിപണി വിലക്കയറ്റത്തിൽപെട്ട് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെന്ന് സർക്കാരിനു ബോദ്ധ്യമുള്ളതാണ്. പൊതുവിപണിയിൽ വേണ്ടവിധം ഇടപെടുന്നില്ലെന്നതോ പോകട്ടെ, പാവങ്ങൾക്ക് ആശ്വാസമാകേണ്ട റേഷൻ വിതരണം പോലും നേരെ ചൊവ്വേ നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ല. തികഞ്ഞ അരാജകത്വമാണ് റേഷൻ രംഗത്തു നടമാടുന്നത്. കാർഡുടമകൾക്ക് ലഭിക്കേണ്ട റേഷൻ സാധനങ്ങളുടെ കണക്ക് സിവിൽ സപ്ലൈസ് വകുപ്പ് മാസാദ്യം മുടങ്ങാതെ പുറത്തിറക്കാറുണ്ട്. ഇത് വായിച്ച് കാർഡുമായി റേഷൻ കടകളിലെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് പലപ്പോഴും. പൊതുവിപണിയിൽ അരിവില ഇത്രയധികം ഉയരാൻ പ്രധാനകാരണം റേഷൻ വിതരണത്തിലുണ്ടായ പ്രതിസന്ധിയാണ്. റേഷൻ വിതരണത്തിലും പൊതുവിപണിയിലും ഒരേപോലെ തിരിച്ചടിയുണ്ടായ ഒരു കാലം മുമ്പുണ്ടായിട്ടില്ല.
ആന്ധ്രയിൽ വിലകൂടുമ്പോൾ ആനുപാതികമായി ഇവിടെയും വില കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ അവിടെ ഗണ്യമായ തോതിൽ വില കുറയുമ്പോൾ ഇവിടെയും അതനുസരിച്ച് കുറയേണ്ടതല്ലേ എന്നതാണ് ചോദ്യം. കയറിയ വില അതേപടി നിലനിൽക്കുന്നതിനു പിന്നിലെ വിപണി തന്ത്രം സർക്കാർ അന്വേഷിക്കുന്നില്ല. വിവാദപ്രശ്നങ്ങളിലിടപെട്ട് സമയവും ഊർജ്ജവും കളയുന്ന നേതാക്കൾ സാധാരണക്കാർ നേരിടുന്ന ജീവിത പ്രശ്നങ്ങളിൽ ഒരു താല്പര്യവും കാണിക്കാത്തത് വലിയ വഞ്ചന തന്നെയാണ്.
നാല്പത്തേഴും അൻപതും രൂപ നൽകി ഒരു കിലോ അരിവാങ്ങേണ്ടിവരുന്ന ദുസ്ഥിതി ഒരു വശത്തുതുടരുമ്പോഴാണ് കുട്ടനാട്ടിലും പാലക്കാട്ടും മറ്റും ആയിരക്കണക്കിന് ടൺ നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ കിടന്നു നശിക്കാൻതുടങ്ങുന്നത്. വിലയെച്ചൊല്ലി കർഷകരുമായുള്ള തർക്കമാണ് കൊയ്ത് കൂട്ടിയ നെല്ലുശേഖരം പാടത്തു തന്നെ കിടക്കാൻ കാരണം. ഇവിടെയും ഇടനിലക്കാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. വിലകുറച്ചും ഈർപ്പത്തിന്റെ പേരിൽ അളവു കൂട്ടിയും കർഷകരിൽ നിന്ന് നെല്ലുവാങ്ങുന്ന മില്ലുടമകൾ വലിയ ലാഭം നേടിയാണ് പിന്നീട് അരി വിപണിയിൽ എത്തിക്കുന്നത്. നെല്ലു സംഭരിക്കാനും കർഷകരെ സഹായിക്കാനും ഉത്തരവാദപ്പെട്ട ഏജൻസികൾ തന്ത്രപൂർവ്വം ഇടനിലക്കാരുമായി ഒത്തുകളിക്കുകയാണ് പതിവ്. ധാന്യ വിപണിയെ നിയന്ത്രിക്കുന്ന ഇടനിലക്കാരെ നിലയ്ക്കുനിർത്താൻ സർക്കാരിനു കഴിയാതെ വരുമ്പോൾ അരിക്ക് അൻപതല്ല അറുപതായാലും ജനം സഹിക്കതന്നെ വേണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ