Tuesday, 25 April 2017 4.40 AM IST
മോദി സംസ്ഥാനങ്ങളെ കാണുന്നത് സാമ്രാജ്യത്വ കോളനികളെ പോലെ: പിണറായി
April 20, 2017, 3:29 pm
തിരുവനന്തപുരം: സാമ്രാജ്യത്വകാലത്തെ കോളനികളെന്നപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഫെഡറൽ സംവിധാനം ശക്തമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസംസ്ഥാനബന്ധങ്ങൾ പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെകുറിച്ച് എ.കെ.ജി.പഠനഗവേഷണകേന്ദ്രം നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങളുമായി മുഖ്യമന്ത്രി ചെല്ലുമ്പോൾ പ്രധാനമന്ത്രി അനുമതി നൽകുന്നതാണ് ഇതുവരെയുള്ള കീഴ്‌വഴക്കം. എന്നാൽ രണ്ട് ദുരനുഭവങ്ങൾ കേരളത്തിനുണ്ടായി. ശക്തമായ കേന്ദ്രവും സമൃദ്ധമായ സംസ്ഥാനങ്ങളുമുണ്ടെങ്കിൽ മാത്രമേ ഫെഡറൽ സംവിധാനം നിലനിൽക്കുകയുള്ളു.എന്നാൽ പരിമിതമായ തോതിൽ നിലനിൽക്കുന്ന ഫെഡറൽ സംവിധാനം തകർക്കുന്ന നിയമനിർമ്മാണങ്ങളാണ് അടിക്കടി നടന്നുപോരുന്നത്. ഇതോടെ സംസ്ഥാനങ്ങൾ കേവലമായ സാമന്തപദവിയിലേക്ക് നീങ്ങുകയാണ്.സംസ്ഥാനതാൽപര്യങ്ങൾ നോക്കാതെ സാർക്ക്, ഗാട്ട് കരാറുകൾ ഒപ്പുവെയ്ക്കുന്നു.കേരളത്തിലെ റബ്ബറും വെളിച്ചെണ്ണയും വാണിജ്യപ്രതിസന്ധിയിലായത് സംസ്ഥാനമറിയാതുള്ള അന്താരാഷ്ട്രകരാറുകൾ മൂലമാണ്.സംസ്ഥാനനിയമസഭകൾ പാസാക്കുന്ന നിയമങ്ങൾ ഗവർണറും രാഷ്ട്രപതിയും അംഗീകരിക്കാത്ത സംഭവങ്ങൾ ഏറിവരുന്നു. സംസ്ഥാനത്തോട് ആലോചിക്കുക പോലും ചെയ്യാതെ ഗവർണർമാരെ നിയമിക്കുന്നു. തിരഞ്ഞെടുപ്പ്രൽ വലിയ കക്ഷിയായാലും ഗവർണർമാർ രാഷ്ട്രീയംനോക്കി അധികാരം നിഷേധിക്കുന്നു.ഗോവയിലും മണിപ്പൂരിലും സംഭവിച്ചതിതാണ്.ഡൽഹി മുഖ്യമന്ത്രിക്ക് ആ പദവിപോലും കേന്ദ്രം അംഗീകരിച്ചുനൽകുന്നില്ലെന്നാണ് കഴിഞ്ഞദിവസം നടത്തിയ കൂടികാഴ്ചയിൽ അദ്ദേഹം പറഞ്ഞത്. സംസ്ഥാന താൽപര്യം അവഗണിച്ച് ആസൂത്രണകമ്മിഷൻ പിരിച്ചുവിട്ടതോടെ കാര്യങ്ങൾ പറയാനുള്ള വേദികൂടി നഷ്ടമായി. കടമെടുപ്പ് പരിധിയിലും കേന്ദ്രീകൃത നികുതി പങ്കുവെയ്ക്കുന്നതിലും ഉൾപ്പെടെ നിരവധി സാമ്പത്തിക നിയന്ത്രണങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുകയാണ്.ഇത് ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രി പറഞ്ഞു.   ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആർ.എസ്.എസ്. നയമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. പറയുന്നത് ചെയ്യാതിരിക്കുകയും ചെയ്യാൻ പോകുന്നത് പറയാതിരിക്കുകയും ചെയ്യുന്ന ആർ. എസ്.എസിന്റെ പതിവ് ശൈലിയിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പ്രസംഗിക്കുകയും അധികാര കേന്ദ്രീകരണം നടപ്പാക്കുകയുമാണ് ചെയ്യുന്നത്. അവർ പറയുന്ന ഏകശിലാവാദം സർവ്വവൈവിധ്യങ്ങളേയും നിഷേധിക്കുന്നതാണ്. സംസ്ഥാനങ്ങളുടേയും പൗരജനങ്ങളുടേയും അവകാശാധികാരങ്ങൾ സംരക്ഷിക്കാൻ പോരാടേണ്ട നാളുകളിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ