Tuesday, 25 April 2017 4.39 AM IST
തിരിച്ചറിയാൻ ഏഴു പതിറ്റാണ്ട്
April 21, 2017, 2:00 am
ജനാധിപത്യ ഭരണ വ്യവസ്ഥയിൽ പൗരന്മാരെല്ലാം തുല്യരാണെന്നാണ് വയ്പെങ്കിലും അധികാര കേന്ദ്രങ്ങളിലുള്ളവർ എപ്പോഴും പത്തുപടി മുകളിലാണ്. അധികാര ചിഹ്‌നങ്ങളും ഇതിനായി രൂപകല്പന ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാർ രാജ്യംവിട്ടുപോയിട്ട് ഏഴുപതിറ്റാണ്ടായെങ്കിലും അവർ ഉപേക്ഷിച്ചുപോയ ഒട്ടേറെ ആചാരങ്ങളും കീഴ്‌നടപ്പുകളും ഒരു നാണവുമില്ലാതെ നാടൻധ്വരമാർ അവകാശംപോലെ കൊണ്ടുനടക്കുന്നതായി കാണാം. ജനങ്ങളിൽനിന്ന് വേർതിരിക്കുന്ന ചിലയിനം അധികാര ചിഹ്‌നങ്ങളാണ് സമൂഹത്തിൽ അവരെ വേറിട്ടുനിറുത്തുന്നത്. സഞ്ചരിക്കുന്ന വാഹനത്തിന് മുകളിൽ ബീക്കൺ ലൈറ്റും ചുവപ്പ് ബോർഡുകളുംമറ്റും ഇതിന്റെ ഭാഗമാണ്. ചുവന്ന ബീക്കൺലൈറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് 2013-ൽ സുപ്രീംകോടതി നിർദ്ദേശം പുറപ്പെടുവിച്ചതാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അത് കാര്യമായി എടുത്തില്ല. അധികാരചിഹ്‌നം ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കാൻപോലും കഴിയാത്തവരാണ് അധികവും. ഏതായാലും മേയ് ഒന്നാംതീയതി മുതൽ രാജ്യത്തുടനീളം ചുവപ്പുബീക്കൺ ലൈറ്റിന് നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്. പ്രഥമ പൗരനായ രാഷ്ട്രപതിതൊട്ട് സംസ്ഥാനങ്ങളിലെ സാദാ മന്ത്രിവരെയുള്ളവരുടെ വാഹനങ്ങൾ ഇനി ചുവന്ന ലൈറ്റില്ലാതെ ഒാടേണ്ടിവരും. ആംബുലൻസുകൾ, പൊലീസ് വാഹനങ്ങൾ, അടിയന്തര കാര്യങ്ങൾക്കായി പോകുന്ന ചിലയിനം വാഹനങ്ങൾ എന്നിവയ്ക്ക് നീല ബീക്കൺ ലൈറ്റുകൾ തുടർന്നും ഉപയോഗിക്കാവുന്നതാണ്.
വി.ഐ.പി സംസ്കാരത്തിന്റെ ഭാഗമായ ബീക്കൺ ലൈറ്റുകൾക്ക് നിരോധനം കൊണ്ടുവരാനുള്ള ആലോചനയ്ക്ക് തുടക്കമിട്ടത് ഒന്നരവർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിലും അതിനുമുമ്പുതന്നെ ഡൽഹി മുഖ്യമന്ത്രി കെജ്‌‌രിവാൾ സർക്കാർ വാഹനങ്ങളിൽ നിന്ന് അവ അഴിച്ചുമാറ്റിയിരുന്നു. സമീപകാലത്ത് അധികാരത്തിൽവന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ മാതൃക പിന്തുടർന്നിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര ഗതാഗതവകുപ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായവും തേടിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെയും മറ്റു ഉദ്യോഗസ്ഥ പ്രമുഖരുടെയും വാഹനങ്ങളിൽ നിന്ന് ബീക്കൺ ലൈറ്റ് എടുത്തുമാറ്റാനുള്ള തീരുമാനമുണ്ടായത്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ചീഫ് ജസ്റ്റിസ് , ലോക്‌സഭാ സ്പീക്കർ എന്നിവരെ ബീക്കൺ നിബന്ധനയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ചർച്ചാവിഷയമായെങ്കിലും ഒടുവിൽ അവരുടെ വാഹനങ്ങൾക്കും ഇതുവേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത്തരം അധികാരചിഹ്‌നങ്ങൾ ഇല്ലാതിരിക്കുന്നതാണ് ഭംഗിയെന്ന് മനസിലാക്കാൻ ഭരണാധികാരികൾക്ക് ഏഴുപതിറ്റാണ്ടുകൾ വേണ്ടിവന്നു. ഏറെ വൈകിയാണെങ്കിലും അത് നടന്നല്ലോ എന്നതിൽ ജനങ്ങൾക്കും ഇപ്പോൾ സന്തോഷിക്കാം.
ഗതാഗതക്കുരുക്കിൽപ്പെടാതെ സുഗമമായ യാത്ര ഉറപ്പുവരുത്താൻ വാഹനത്തിന് മുകളിലെ കത്തുന്ന വിളക്ക് വി.ഐ.പികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും സഹായകമായിരുന്നു. വിളക്ക് ഉപേക്ഷിക്കേണ്ടിവന്നാലും മന്ത്രിമാർക്കും മറ്റും വഴികാട്ടാൻ പൊലീസുകാർ ഉണ്ടാകുമെന്നതിനാൽ കുരുക്കിൽപ്പെടാതെ തന്നെ അവർക്ക് മുന്നോട്ടുപോകാൻ കഴിയും. അർഹതയില്ലെങ്കിൽപോലും ബീക്കൺ ലൈറ്റ് തരപ്പെടുത്തി വിലസി നടക്കുന്ന ഉദ്യോഗസ്ഥമേധാവികളെയാകും കേന്ദ്ര തീരുമാനം വല്ലാതെ നിരാശപ്പെടുത്തുക. നാട്ടുകാരുടെയും ബന്ധുക്കളുടെയുമിടയിൽ പത്രാസ് പെട്ടെന്ന് കുറയുമോ എന്ന ആശങ്കയാകും അവരിലുണ്ടാവുക. ബീക്കൺ ലൈറ്റ് നിരോധനത്തിനൊപ്പം റോഡ് നിയമങ്ങൾ പാലിക്കുന്ന കാര്യത്തിലും വി.ഐ.പി വാഹനങ്ങൾ ജനങ്ങൾക്ക് മാതൃക കാട്ടേണ്ടതുണ്ട്. ഇപ്പോൾ ഒരു നിയമവും ബാധകമല്ലെന്ന മട്ടിലാണ് അവയുടെ പോക്ക്. ജനസേവകരായിരിക്കേണ്ടവർ അവരുടെ യജമാനന്മാരായി ചമയുന്ന അധികാരശൈലി കണ്ട് മനംമടുത്തുകഴിയുന്നവർക്ക് കേന്ദ്ര തീരുമാനം നല്ല സന്ദേശം തന്നെയാണ് നൽകുന്നത്. മന്ത്രിയോ ജനപ്രതിനിധിയോ ആയാൽ ചെല്ലുന്ന ഇടങ്ങളിലെല്ലാം പ്രത്യേക സ്ഥാനവും പരിഗണനയും വേണമെന്ന ശാഠ്യം വർദ്ധിച്ചുവരുന്ന കാലമാണിത്. സാധാരണ ഗതിയിൽ അവർ ആവശ്യപ്പെടാതെ തന്നെ എല്ലാ ആദരവും വിശിഷ്ടപരിഗണനയും ലഭിക്കാറുമുണ്ട്. എന്നിരുന്നാലും ഇതിനെച്ചൊല്ലി പരിഭവം കാട്ടുന്നവരും കയർക്കാൻ നിൽക്കുന്നവരും ധാരാളമുണ്ട്. ഈയിടെ വിമാനത്തിൽ സൗകര്യം കുറഞ്ഞുപോയതിന്റെ പേരിൽ ശിവസേനക്കാരനായ എം.പി ഡൽഹിയിൽ എയർ ഇന്ത്യാ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച സംഭവം ഇതിന് തെളിവാണ്. തുടർന്ന് ദിവസങ്ങളോളം എം.പിക്ക് വിമാനവിലക്ക് നേരിടേണ്ടിവരികയും ചെയ്തു. ഒൗദ്യോഗിക പദവികൾ മറ്റുള്ളവരെ ചവിട്ടിത്താഴ്‌ത്താനുള്ള ഉപാധിയായി കാണുന്നവർക്ക് ബീക്കൺ ലൈറ്റ് നിരോധനം പോലുള്ള നടപടി വലിയ ഇച്ഛാഭംഗത്തിന് കാരണമായേക്കാം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ