Monday, 24 April 2017 9.03 AM IST
കൂട്ടക്കൊല: കേഡൽ 26വരെ റിമാന്റിൽ
April 21, 2017, 2:08 am
തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൂട്ടക്കൊല നടത്തിയ കേഡൽ ജീൻസൺ രാജയെ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് കോടതിയിൽ ഹാജരാക്കി. ഈ മാസം 26വരെ കേഡലിനെ റിമാന്റ് ചെയ്തു. കൂട്ടക്കൊലക്കേസിൽ മതിയായ തെളിവുകൾ ലഭിച്ചതിനാൽ പൊലീസ് കേഡലിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ജാമ്യം നേടി കേഡൽ പുറത്തിറങ്ങാതിരിക്കാൻ 90ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ തീരുമാനം.

കൂട്ടക്കൊലയ്ക്ക് ശേഷം ചെന്നൈയിലേക്ക് കടന്നശേഷം കേഡൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. അസി.കമ്മിഷണർ കെ.ഇ.ബൈജുവിന്രെ നേതൃത്വത്തിലുള്ള സംഘം കേഡലിനെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം മുറി വൃത്തിയാക്കാൻ ഡെറ്റോളും ലോഷനും വാങ്ങിയ നന്ദൻകോട്ടെ മെഡിക്കൽ സ്റ്റോറിലും കൊലയ്ക്ക് ശേഷവും കേഡൽ അഞ്ച് ഭക്ഷണപ്പൊതികൾ വീതം വീട്ടിലേക്ക് ഓർഡർ ചെയ്ത് വരുത്തിയ പാളയത്തെ ഭക്ഷണശാലയിലുമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. ദിവസം മൂന്നുനേരവും അഞ്ചുപേർക്കുള്ള ഭക്ഷണം ഇയാൾ വരുത്തിക്കുകയായിരുന്നു. പാളയത്തെ ഭക്ഷണശാലയിലെ ജീവനക്കാരനാണ് നന്ദൻകോട്ടെ വീട്ടിൽ കേഡലിന് ഭക്ഷണമെത്തിച്ചത്. ഈ ജീവനക്കാരനും കേഡലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ എട്ടിനാണ് നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ വീട്ടിൽ ഡോ. ജീൻ പത്മ, പ്റൊഫ. രാജ തങ്കം, കരോലിൻ, ലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടക്കൊലയ്ക്ക് മുൻപ് ഇവർക്ക് ഭക്ഷണത്തിൽ വിഷംകലർത്തി നൽകിയിരുന്നോ എന്നറിയാൻ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസപരിശോധനാ ഫലങ്ങൾ ലഭ്യമായാലുടൻ കുറ്റപത്രം നൽകുമെന്ന് പൊലീസ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ