Tuesday, 25 April 2017 4.40 AM IST
ബൈബൈ, ബാഴ്സലോണ
April 21, 2017, 12:44 am
യുവന്റസിനെതിരായ
രണ്ടാംപാദ ക്വാർട്ടറിൽ ഗോൾരഹിത
സമനില വഴങ്ങിയ ബാഴ്സലോണ
സെമി കാണാതെ പുറത്ത്
0-0
മാഡ്രിഡ് : അത്‌ഭുതങ്ങൾ എല്ലായ്പ്പോഴും സംഭവിക്കാറില്ല. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ അത്‌ഭുത വിജയം ക്വാർട്ടറിൽ ബാഴ്സലോണയ്ക്ക് ആവർത്തിക്കാനുമായില്ല. ഇറ്റാലിയൻ ക്ളബ് യുവന്റസിനോട് രണ്ടാംപാദത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ലയണൽ മെസിയും സംഘവും സെമിഫൈനലിലെത്താതെ പുറത്തായി.
യുവന്റസിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദ ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റതിന്റെ കുറവ് പരിഹരിക്കാൻ കഴിഞ്ഞരാത്രി സ്വന്തം മൈതാനമായ കാംപ്‌നൗവിലിനിറങ്ങിയ ബാഴ്സയെ ഗോളടിക്കാൻ അനുവദിക്കാതെ തടുത്തുനിറുത്തിയാണ് ജിയാൻ ലൂഗി ബഫൺ നയിച്ച ഇറ്റാലിയൻ ക്ളബ് അവസാന നാലിലേക്ക് കാലെടുത്തുവച്ചത്.
ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിക്കു എതിരെ എവേ മാച്ച്ൽ 4-0 ത്തിന്റെ തോൽവി ഏറ്റുവാങ്ങിയതിനുശേഷം ഹോം മാച്ചിൽ 6-1ന് ജയിച്ച് 6-5 എന്ന മാർജിനിലാണ് ബാഴ്സ ക്വാർട്ടർ ഫൈനലിലേക്ക് എത്തിയിരുന്നത്. ആ അത്‌ഭുത വിജയം ആവർത്തിക്കാമെന്ന ബാഴ്സലോണ ആരാധകരുടെ മോഹങ്ങൾക്ക് മേലേയാണ് യുവന്റസിന്റെ പിഴവുകളില്ലാത്ത പ്രതിരോധം കെട്ടുറപ്പോടെ നിന്നത്. മെസി, നെയ്‌മർ, സുവാരേസ് എന്നിവരടങ്ങിയ ബാഴ്സലോണ മുന്നേറ്റത്തെ ക്രിയാത്മകമായി പ്രതിരോധിക്കുകയായിരുന്നു കെല്ലിനിയും കൂട്ടരും. സ്വതസിദ്ധമായ ശൈലിയിൽ എതിർ ഡിഫൻഡിനെ കബളിപ്പിച്ച് നുഴഞ്ഞുകയറാറുള്ള മെസിക്ക് പോലും ഇന്നലെ നിരാശപ്പെടേണ്ടിവന്നു. ഇരുപകുതികളിലമായി മെസിക്ക് ഒാരോ അവസരംവീതം ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. ആദ്യപകുതിയിൽ ക്ളോസ് റേഞ്ചിൽ നിന്നൊരു ഷോട്ടാണ് മെസി പുറത്തേക്ക് അടിച്ചുകളഞ്ഞത്. മത്സരത്തിലൊട്ടാകെ ബാഴ്സ 19 ഷോട്ടുകൾ തൊടുത്തപ്പോൾ അതിലൊന്നുമാത്രമാണ് യുവന്റസ് ഗോളി ബഫണിന് നേർക്കുണ്ടായിരുന്നത്.
ആദ്യപാദത്തിലെ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് യുവന്റ്സ് കളിക്കാനിറങ്ങിയത്. ബാഴ്സലോണ മഷറാനോയെ മാറ്റി മദ്ധ്യനിരയിൽ സെർജിയോ ബുഡ്ക്വെറ്റിനെയിറക്കി. പ്രതിരോധത്തിലേക്ക് ജോർഡി അൽബയെയും ഇറക്കി. 4-3-3 ശൈലിയിലാണ് ലൂയിസ് എൻറിക്കെ ടീമിനെ വിന്യസിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസിയുടെ ഒരു ശ്രമം പുറത്തേക്കുപോകുന്നതാണ് കണ്ടത്. സുവാരേസും നെയ്‌മറും ചേർന്ന് വീണ്ടും മെസിക്ക് പന്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ബഫണിന്റെ സേവിന് മുന്നിൽ അത് നിഷ്ഫലമായി.
ആദ്യപകുതിയിൽ യുവന്റസിനും സ്കോർ ചെയ്യാൻ നല്ലൊരു ചാൻസ് ലഭിച്ചിരുന്നു. എന്നാൽ ഹിഗ്വെയ്‌ന് ഗോളി മാത്രം മുന്നിൽ നിൽക്കേ ഷൂട്ട് ചെയ്യാനായില്ല. രണ്ടാംപകുതിയിലും യുവന്റ്സ് ഗോളടിക്കുന്നതിന് തൊട്ടടുത്തുവരെ എത്തിയതാണ് എന്നാൽ ഇത്തവണ ക്വാർഡാഡോയ്ക്ക് പിഴച്ചു. ആദ്യപകുതിയിലെ ഇരട്ടഗോളുകാരൻ പൗളോ ഡൈബാലയെ മാർക്ക് ചെയ്യുന്നതിൽ ബാഴ്സ പ്രതിരോധത്തിന് പിഴവ് പറ്റിയില്ല. രണ്ടാംപകുതിയിൽ മെസിയുടെ ഒരു ഷോട്ട് ബഫൺ കോർണർ വഴങ്ങി തട്ടിയകറ്റി. അവസാന സമയത്ത് പ്രതിരോധത്തിൽനിന്ന് പിക്വെ വരെ മുന്നോട്ടറിങ്ങിയെങ്കിലും ബാഴ്സയ്ക്ക് ഗോൾ നേടാനായില്ല.

. 2012/13 സീസണിന് ശേഷം ഇതാദ്യമായാണ് ബാഴ്സലോ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഇരുപാദങ്ങളിലും ഗോളടിക്കാതെയിരിക്കുന്നത്. 2012/13 ൽ ബയേൺ ഇരുപാദങ്ങളിലുമായി 7-0 ത്തിനാണ് ബാഴ്സയെ തോൽപ്പിച്ചിരുന്നത്.
. 2004/05 സീസണിന് ശേഷം ബാഴ്സ തുടർച്ചയായ സീസണുകളിൽ ചാമ്പ്യൻസ് ലീഗ് സെമി കാണാതിരിക്കുന്നത് ഇതാദ്യമായാണ്.
. ഹോംഗ്രൗണ്ടിലെ എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ജയിച്ചിരുന്ന ബാഴ്സ കോച്ച് ലൂയിസ് എൻറിക്വെയുടെ പതിവും തെറ്റി.
. ബഫൺ ചാമ്പ്യൻസ് ലീഗിൽ ഗോൾ വഴങ്ങാത്ത 46-ാമത്തെ മത്സരമായിരുന്നു ഇത്. കസിയസ് (54), വാൻഡർസർ (50), പീറ്റർ ചെക് (47) എന്നിവർ മാത്രമേ ഇക്കാര്യത്തിൽ ബഫണിന് മുന്നിലുള്ളൂ.
. ഈ സീസണിൽ യുവന്റസ് നിശ്ചിത സമയത്ത് പെനാൽറ്റിയിൽ നിന്നല്ലാതെ ഇതുവരെയും ഗോൾ വഴങ്ങിയിട്ടില്ല.
. മെസി ഈ മത്സരത്തിൽ പുറത്തേക്കടിച്ചുകളഞ്ഞത് അഞ്ച് ഷോട്ടുകളാണ്. ഇതിനെക്കാൾ ഷോട്ടുകൾ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാത്രമേ മെസി പുറത്തേക്കടിച്ചുകളഞ്ഞിട്ടുള്ളൂ.

ക്യാപ്ഷൻ
1. യുവന്റസ് ടീം വിജയമാഘോഷിക്കുമ്പോൾ വിഷമിച്ചുമടങ്ങുന്ന പിക്വെ.
2. ബാഴ്സയുടെ ബ്രസീലിയൻ താരം നെയ്‌മറെ യുവന്റസിന്റെ ബ്രസീലിയൻ താരവും മുൻ ബാഴ്സ താരവുമായ ഡാനി അൽവ്സ് ആശ്വസിപ്പിക്കുന്നു.
3. കെല്ലിനിയും സുവാരേസും മത്സരത്തിന് ശേഷം
4. മെസി നിരാശയോടെ കളി പൂർത്തിയാക്കി മടങ്ങുന്നു
5. യുവന്റസ് താരങ്ങൾ ആരാധകർക്ക് വിജയാഭിവാദ്യം അർപ്പിക്കുന്നു
6. വൻ വീഴ്ച: മത്സരത്തിനിടെ ഹെഡറിനായി ഉയർന്നുചാടിയ മെസി ഗ്രൗണ്ടിൽ മുഖമിടിച്ച് വീണപ്പോൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ