സർക്കാർ മരുന്നു കോർപ്പറേഷനിൽ കാലാവധി കഴിഞ്ഞ് നശിച്ചത് 6.06 കോടി രൂപയുടെ മരുന്ന്
April 20, 2017, 1:23 am
ആർ.കിരൺ ബാബു
തിരുവനന്തപുരം: സർക്കാരിന്റെ മരുന്നു കോർപ്പറേഷൻ വെയർഹൗസുകളിൽ 6.06 കോടി രൂപയുടെ മരുന്ന് കെട്ടിക്കിടന്ന് നശിച്ചതായി കണ്ടെത്തി. മരുന്ന് കിട്ടാതെ ജനം വലയുകയും ആശുപത്രി പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുമ്പോഴും ഇതിൽ പല മരുന്നുകളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വെയർഹൗസുകളിൽ കെട്ടികിടപ്പുണ്ടായിരുന്നു.

388 ഇനത്തിൽ പെട്ട മരുന്നാണ് 2008 ൽ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചതു മുതൽ 2017 മാർച്ച് വരെ ഉപയോഗ ശൂന്യമായത്. ഇതിൽ കമ്മിഷൻ മോഹിച്ച് വാങ്ങിക്കൂട്ടിയ മരുന്നുകൾ മുതൽ കാൻസർ, ന്യൂറോ മരുന്നുകൾ അടക്കം ജീവൻരക്ഷാ മരുന്നുകളുമുണ്ട്. 1.65 കോടി രൂപയുടെ 2846 പാക്കറ്റ് എക്സ്റേ ഫിലിമും ഈ കാലയളവിൽ നശിച്ചു. ഫിലിം ഇല്ലാത്തതിനാൽ തിരുവനന്തപുരം അടക്കമുളള മെഡിക്കൽ കോളേജ് ആശുപത്രികളിലെ എക്സ്റേ യൂണിറ്റുകൾ ഈ കാലയളവിൽ പല തവണ അടച്ചിടേണ്ടി വന്നിട്ടുണ്ട്.

കോർപ്പറേഷൻ മേലാളന്മാരുടെ കെടുകാര്യസ്ഥതയുടെ ആഴം അറിയാൻ ജെന്നി രോഗത്തിനുളള ഫിനോബാർബിറ്റോൺ ഗുളിക നശിച്ചതിന്റെ കണക്ക് മതി. 59.73 ലക്ഷം രൂപയുടെ 1.56 കോടി ഗുളികകളുടെ കാലാവധി കഴിഞ്ഞത് ഇവർ അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുറിവിനും ചതവിനും ഉപയോഗിക്കുന്ന 16.22 ലക്ഷം ആംപിസിലിൻ ആറ്റിബയോട്ടിക് ഗുളികയും നശിച്ചു. ഈ മരുന്നിന്റെ വില 10.98 ലക്ഷം രൂപ വരും.

സർക്കാർ കടം 515.37 കോടി.
സർക്കാർ ആശുപത്രികൾക്ക് മരുന്ന് നൽകിയ വകയിൽ കഴിഞ്ഞ രണ്ട് സർക്കാരുകൾ കോർപ്പറേഷന് നൽകാനുളളത് 502.64 കോടി രൂപയാണ്. കാരുണ്യ ഫാർമസികൾ വഴി ആശുപത്രികൾക്ക് മരുന്ന് നൽകിയ വകയിൽ 12.73 കോടി രൂപയും കിട്ടാനുണ്ട്.

അനങ്ങാപ്പാറ നയം
മരുന്ന് കോർപ്പറേഷനിലെ അഴിമതി സംബന്ധിച്ച കേരള കൗമുദി വാർത്തയെ തുടർന്നുളള വിജിലൻസ് അന്വേഷണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളകൗമുദി വാർത്തയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ അന്നത്തെ എം.എൽ.എ വി.ശിവൻകുട്ടി നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കെട്ടിവച്ചിരിക്കുന്നത് കണ്ടെത്തിയിരുന്നു.

ഉടൻ നടപടി എടുക്കുമെന്ന് അന്നത്തെ സർക്കാർ പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. കോർപ്പറേഷന്റെ അഴിമതിയുടെ വാർത്തകൾ മാദ്ധ്യമങ്ങൾ നിരവധി തവണ നൽകിയെങ്കിലും കോർപ്പറേഷൻ നിയന്ത്രിക്കുന്ന ലോബിയെ തൊടാൻ പുതിയ സർക്കാരും മടിക്കുകയാണ്. സാധാരണക്കാർക്കും സർക്കാർ ആശുപത്രികൾക്കും ന്യായവിലയ്‌ക്ക് മരുന്ന് ലഭ്യമാക്കാൻ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച കോർപ്പറേഷൻ ആദ്യ വർഷങ്ങളിൽ മാത്രമാണ് കൃത്യമായി പ്രവർത്തിച്ചത്.

 ഡോ. എസ്.ആർ.ദിലീപ്, ജനറൽ മാനേജർ, കെ.എം.എസ്.സി.എൽ.
വിതരണത്തിനിടെ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന നിർത്തിയ മരുന്നുകളാണ് ഇതെല്ലാം.

 കോടതിയെ സമീപിക്കും
ജനം മരുന്നിനായി നെട്ടോട്ടം ഒാടുമ്പോൾ മരുന്ന് നശിപ്പിച്ച കോർപ്പറേഷന്റെ അഴിമതി വ്യക്തമാക്കുന്ന വിവരാവകാശ വിവരങ്ങൾ വച്ച് കോട‌തിയെ സമീപിക്കുമെന്ന് പൊതുപ്രവർത്തകനായ പി.കെ.രാജു പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ