Thursday, 25 May 2017 12.28 PM IST
രസീതു ലഭിക്കും വോട്ടു കിട്ടില്ല
May 14, 2017, 1:24 am
തിരഞ്ഞെടുപ്പിലെ തോൽവിക്ക് വോട്ടിംഗ് യന്ത്രത്തെ പഴിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കു ആശ്വാസം നൽകുന്നതാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വിളിച്ചുചേർത്ത സർവകക്ഷിയോഗം കൈക്കൊണ്ട തീരുമാനം. രാജ്യത്തു ഇനി നടക്കാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടർമാർക്ക് രസീത് നൽകുന്ന സംവിധാനം ഏർപ്പെടുത്താൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ ഇതിനുള്ള പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തും.

യന്ത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കു തന്നെയാണോ ലഭിച്ചതെന്ന് വോട്ടറെ ബോദ്ധ്യപ്പെടുത്താൻ സഹായിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ടു നൽകുന്ന വോട്ടിംഗ് രസീത്. എന്നാൽ ഈ രസീത് പുറത്തുകൊണ്ടുപോകാൻ അനുവാദമുണ്ടാകില്ല. പോളിംഗ് ബൂത്തിൽ പ്രത്യേക പെട്ടിയിൽ അതു നിക്ഷേപിക്കണം. വോട്ടെണ്ണൽ വേളയിൽ അവയിൽ ഒരു ഭാഗം പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുകയും ചെയ്യും. വി.വി. പാറ്റ് എന്നറിയപ്പെടുന്ന സംവിധാനം വോട്ടിംഗ് യന്ത്രങ്ങളിൽ സജ്ജീകരിക്കുന്നതിന് മൂവായിരം കോടിയിലധികം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി എല്ലാ യന്ത്രങ്ങളിലും ഈ സംവിധാനം ഒരുക്കും. ഗുജറാത്തിലും ഹിമാചലിലും ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിപാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളെച്ചൊല്ലി പ്രമുഖ കക്ഷികൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇലക്‌ഷൻ കമ്മിഷൻ സർവകക്ഷിയോഗം വിളിച്ചുകൂട്ടിയത്. യു.പിയിലും ഛത്തീസ്‌ഗഢിലും ബി.ജെ.പി വൻ വിജയം നേടിയത് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്ന കക്ഷികളുണ്ട്. ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി ഈ വിഷയത്തിൽ ഇലക്‌ഷൻ കമ്മിഷനെ വെല്ലുവിളിച്ച് ഇപ്പോഴും രംഗത്തുണ്ട്. യന്ത്രത്തിൽ കൃത്രിമങ്ങൾ സുസാദ്ധ്യമാണെന്ന് ഡൽഹി നിയമസഭയിൽ വോട്ടിംഗ് യന്ത്രം കൊണ്ടുവന്ന് പരീക്ഷിച്ച് കാണിക്കുകയും ചെയ്തു.

എന്നാൽ അംഗീകാരമില്ലാത്ത എവിടെ നിന്നോ കൊണ്ടുവന്ന യന്ത്രമാണ് ഇതിനായി ഉപയോഗിച്ചതെന്നു പറഞ്ഞ് ആം ആദ്‌മി പാർട്ടിയുടെ ആരോപണം ഇലക്‌ഷൻ കമ്മിഷൻ തള്ളിക്കളയുകയാണുണ്ടായത്. കമ്മിഷന്റെ പക്കലുള്ളതും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചതുമായ എല്ലാ യന്ത്രങ്ങളും കൃത്രിമങ്ങൾ കാണിക്കാൻ പറ്റാത്തവിധം ശരിയായിത്തന്നെ പ്രവർത്തിക്കുന്നവയാണെന്ന ഉറച്ച നിലപാടിലാണ് കമ്മിഷൻ. വെള്ളിയാഴ്ച നടന്ന സർവകക്ഷി സമ്മേളനത്തിൽ വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികത ബോദ്ധ്യപ്പെടുത്താൻ ബന്ധപ്പെട്ട വിദഗ്ദ്ധന്മാരെയും പങ്കെടുപ്പിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുടെ സംശയങ്ങൾക്ക് അവർ തൃപ്തികരമായി മറുപടിയും നൽകി. ഏതായാലും സംശയ നിഴലിലായ പാവം വോട്ടിംഗ് യന്ത്രത്തിന്റെ അന്തസ് വീണ്ടെടുക്കാൻ സർവകക്ഷി യോഗത്തിന് ഏറക്കുറെ കഴിഞ്ഞിട്ടുണ്ടെന്നാണു സൂചന.

അരനൂറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസിന് അടിക്കടി ഉണ്ടാകുന്ന തിരഞ്ഞെടുപ്പു പരാജയങ്ങളുടെ യഥാർത്ഥ കാരണം അന്വേഷിക്കാതെ വോട്ടിംഗ് യന്ത്രത്തെ പഴിചാരി തടിതപ്പാനാണു നേതാക്കൾ ഇപ്പോഴും ശ്രമിക്കുന്നത്. നിരവധി വർഷങ്ങളായി ഉപയോഗിച്ചുവരുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി കാണുന്നവർ പഞ്ചാബിൽ നേടിയ വിജയത്തിൽ ഒട്ടും കൃത്രിമം കാണുന്നില്ല. ഗോവയിൽ ഭരണം പിടിക്കാനായില്ലെങ്കിലും ബി.ജെ.പിയെക്കാൾ കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസാണ്. ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ വിജയത്തിലെത്തിക്കാൻ ബി.ജെ.പിക്കു കഴിഞ്ഞതുകൊണ്ടു മാത്രമാണ് അവിടെ അവർ ഭരണം സ്വന്തമാക്കിയത്.

ബുദ്ധിയും ബോധവും മരവിച്ചുകഴിഞ്ഞ കോൺഗ്രസ് നേതൃത്വത്തിന് പഴയതുപോലെ ജനങ്ങളെ ഒപ്പം നിറുത്താൻ സാധിക്കുന്നില്ലെന്നത് പച്ചപ്പരമാർത്ഥമാണ്. വോട്ടിംഗ് യന്ത്രം പാടേ ഉപേക്ഷിച്ച് ബാലറ്റ് പേപ്പർ തിരിയെ കൊണ്ടുവന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചു ഫലമുണ്ടെന്നു തോന്നുന്നില്ല. മോദി സർക്കാരിനോടുള്ള രാഷ്ട്രീയ എതിർപ്പ് പ്രകടിപ്പിക്കാൻ പലതും പയറ്റുന്നതിന്റെ കൂട്ടത്തിൽ വോട്ടിംഗ് യന്ത്രത്തെയും കൂട്ടുപിടിച്ചെന്നേയുള്ളൂ. ടി.എൻ. ശേഷൻ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറായതിനുശേഷം തിരഞ്ഞെടുപ്പുകൾക്കു കൈവന്ന ചിട്ടയും വിശ്വാസ്യതയും നിഷ്‌പക്ഷതയും അഭംഗുരം നിലനിറുത്താൻ പിന്നീട് വന്നവർക്കും കഴിഞ്ഞിട്ടുണ്ടെന്നത് തർക്കമറ്റ സംഗതിയാണ്.

അടുത്തിടെ പൂർത്തിയായ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വോട്ടിംഗ് യന്ത്രങ്ങൾ സംശയ നിഴലിലായത്. അതാകട്ടെ പരാജയം സമ്മാനിച്ച കടുത്ത നിരാശയിൽ നിന്നുണ്ടായതുമാണ്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള സംശയം ഫലത്തിൽ തിരഞ്ഞെുപ്പു കമ്മിഷനെ അവിശ്വസിക്കുന്നതിനു തുല്യമാണ്. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമങ്ങൾ സാദ്ധ്യമാണെന്നു തെളിയിക്കാൻ കമ്മിഷൻ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവരെ വെല്ലുവിളിച്ചിരുന്നു. കേജ്‌രിവാൾ ഒഴികെ മറ്റാരും ആ വെല്ലുവിളി ഇതുവരെ ഏറ്റെടുത്തതുമില്ല. കേജ്‌‌രിവാളിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണത്തിന് ആധികാരികത ലഭിക്കാതെ ചീറ്റിപ്പോവുകയും ചെയ്തു. ആരോപണം തെളിയിക്കാൻ കമ്മിഷൻ രാഷ്ട്രീയകക്ഷികൾക്ക് രണ്ടു അവസരം കൂടി നൽകിയിട്ടുണ്ട്. ആരോപണം ജനങ്ങൾക്കു മുൻപാകെ തെളിയിക്കാനുള്ള ബാദ്ധ്യത അത് ഉന്നയിച്ചവർ ഏറ്റെടുക്കുക തന്നെ വേണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ