Thursday, 25 May 2017 12.36 PM IST
ഇപ്പോൾ പിൻവാങ്ങിയെങ്കിലും വീണ്ടും വന്നേക്കും
May 13, 2017, 2:00 am
എ.ടി.എം മുഖേനയുള്ള ഒാരോ ഇടപാടിനും 25 രൂപ നിരക്കിൽ ചാർജ് ചുമത്താനുള്ള എസ്.ബി.ഐ നീക്കം ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചതായാണ് വിവരം. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ഉൾപ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ വിഴുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറിയ എസ്.ബി.ഐ ജനങ്ങളിൽ നിന്ന് എത്രത്തോളം അകന്നുതുടങ്ങിയെന്ന് വെളിവാക്കുന്നതാണ് സമീപകാലത്തുണ്ടായ പല നടപടികളും. പൊതുമേഖലാ ബാങ്കുകളിൽ പ്രഥമ സ്ഥാനത്തുനിൽക്കുന്ന എസ്.ബി.ഐ പൂർണമായും ഇടപാടുകാരോട് മുഖംതിരിക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നുവേണം കരുതാൻ. ഒാരോവർഷവും കേന്ദ്ര ബഡ്‌ജറ്റിൽനിന്ന് നിശ്ചിത തോതിൽ വിഹിതം മൂലധനമിനത്തിൽ ലഭിച്ചുകൊണ്ടിരിക്കുമ്പോഴും പകരം ജനങ്ങൾക്ക് നൽകുന്നത് നിലവാരം കുറഞ്ഞ സേവനവും ഉയർന്നുപോകുന്ന സേവന നിരക്കുകളുമാണ്. ബാങ്കിനുമുന്നിലൂടെ നടന്നുപോയാലും ചാർജ് നൽകണമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. നഗര-പട്ടണ ഗ്രാമ വേർതിരിയൽ മിനിമം ബാലൻസ് നിബന്ധന ഏർപ്പെടുത്തി ഇടപാടുകാരെ പിഴിയാനുള്ള നിബന്ധന പ്രാബല്യത്തിലായി ഒരുമാസം എത്തിയപ്പോഴാണ് എ.ടി.എം ഇടപാടുകൾ ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് വർദ്ധിച്ച തോതിലുള്ള നിരക്കുകളുമായി എസ്.ബി.ഐ മുന്നോട്ടുവന്നത്. വ്യാപകമായ എതിർപ്പിനെത്തുടർന്ന് എ.ടി.എം സേവന നിരക്കുകൾ പഴയപടി തുടരാൻ ബാങ്ക് നിർബന്ധിതമായെങ്കിലും ഭീഷണി പൂർണമായും ഒഴിഞ്ഞതായി കരുതാനാകില്ല. ജനങ്ങളുടെ പ്രതികരണം അറിയുക എന്ന ലക്ഷ്യത്തോടെ തന്നെയാകും വിവാദ എ.ടി.എം സർക്കുലർ ബാങ്ക് ഇറക്കിയത്. സംഗതി പന്തിയല്ലെന്ന് ആദ്യ മണിക്കൂറിൽത്തന്നെ ബോദ്ധ്യമായതോടെയാകാല അബദ്ധം പറ്റിയതാണെന്ന വിശദീകരണവുമായി സർക്കുലർ പിൻവലിക്കപ്പെട്ടത്. അബദ്ധം പറ്റിയതാണെന്ന വിശദീകരണവുമായി സർക്കുലർ പിൻവലിക്കപ്പെട്ടത്. അബദ്ധം പറ്റിയതല്ല, കരുതിക്കൂട്ടിത്തന്നെയാണ് ഒാരോ ഇടപാടിനും ചാർജ് വസൂലാക്കാനുള്ള നീക്കം നടത്തിയത്. ഭാവിയിൽ എപ്പോൾ വേണമെങ്കിലും അത് നടപ്പായെന്നും വരാം.
എസ്.ബി. അക്കൗണ്ടിൽ നിശ്ചിത തോതിൽ മിനിമം ബാലൻസ് നിലനിറുത്താത്തവർക്ക് ഏർപ്പെടുത്തിയ പിഴ കേന്ദ്രം നിർദ്ദേശിച്ചിട്ടുപോലും ഇപ്പോഴും തുടരുകയാണ്. ബാങ്കുകളുടെ മേൽ കേന്ദ്രത്തിന് ഒരു നിയന്ത്രണവുമില്ലാത്തതുപോലെയാണ് സമീപകാലത്തെ അവയുടെ പ്രവർത്തനരീതി. ബാങ്കുകളുടെ വഴിവിട്ട പോക്ക് നിയന്ത്രിക്കേണ്ട റിസർവ് ബാങ്കും ജനങ്ങളുടെ രക്ഷയ്ക്ക് എത്തുന്നില്ലെന്നതാണ് ഏറെ ദൗർഭാഗ്യകരം.
ബാങ്കുകളിലെ തിരക്ക് കുറയ്ക്കാനും ഇടപാടുകാർക്ക് അയത്‌‌ന ലളിതമായി സേവനങ്ങൾ ലഭ്യമാക്കാനും ഉദ്ദേശിച്ചാണ് എ.ടി.എം, മൊബൈൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള നവീന സംവിധാനങ്ങൾ വിപുലമായ തോതിൽ പ്രാബല്യത്തിൽ കൊണ്ടുവന്നത്. പുതിയ സമ്പ്രദായങ്ങളുമായി ജനങ്ങൾ നന്നായി പരിചയപ്പെടുകയും ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തപ്പോഴാണ് എല്ലാറ്റിനും വില നൽകേണ്ടിവന്ന സ്ഥിതി ഉണ്ടായത്. ഏത് വിധത്തിലുള്ള സേവനത്തിനും പണം നൽകേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോൾ. നേരത്തെ ലഭിച്ചിരുന്ന സൗജന്യങ്ങൾ ഒാരോന്നോരോന്നായി പിൻവലിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചെക്കുണ്ട.......... ചെക്കുമാറാനും മുഷിഞ്ഞ നോട്ട് മാറ്റാനും അക്കൗണ്ട് സ്റ്റേറ്റുമെന്റിനുമൊക്കെ നിശ്ചിത തോതിൽ പണം നൽകേണ്ടിവരുന്നു. മിനിമം ബാലൻസ് ശോഷിക്കുന്നതിന്റെ പേരിൽ ഉപഭോക്താവിൽനിന്ന് പിഴ ഈടാക്കുമ്പോൾ നിക്ഷേപ ബാക്കിക്ക് അർഹമായ പലിശ ലഭിക്കുന്നത് അപൂർവ്വമാണ്. അങ്ങോട്ടു ചെല്ലാനുള്ളതിനുമാത്രമേ കൃത്യമായ കണക്കുള്ളൂ. തിരിയെ ലഭിക്കാനുള്ളതിനാണ് കണക്കില്ലാത്തത്. ഒൻപത് ശതമാനത്തിലും താഴെയാണ് വാഹനവായ്പയ്ക്കുള്ള പലിശനിരക്ക് പഠനച്ചെലവിന് പണമില്ലാത്ത പാവങ്ങൾ വിദ്യാഭ്യാസ വായ്പ എടുത്താൽ പന്ത്രണ്ടും പതിമൂന്നും ശതമാനം പലിശ നൽകണം. ബാങ്കുകളുടെ സാമൂഹ്യപ്രതിബദധത ഇത്തരത്തിലാണ്.
ബാങ്കുകളുടെ ദുർവഹമായ സേവന നിരക്കു കൊള്ള ആളുകളെ ക്രമേണ വലിയ ബാങ്കുകളിൽ നിന്ന് അകറ്റാനേ സഹായിക്കൂ. എ.ടി.എം ഉപയോഗത്തിന് ഫീസ് വരുന്നതോടെ ഒറ്റയടിക്ക് പണം പിൻവലിക്കാനുള്ള പ്രവണത വർദ്ധിപ്പിക്കും. ബാങ്കുകളിലും എ.ടി.എമ്മുകളിലും കറൻസി ക്ഷാമത്തിനായിരിക്കും അത് ഇടയാക്കുക. നോട്ട് നിരോധന കാലത്തെ കടുത്ത പണക്ഷാമം ഒാർമ്മയിൽ നിന്നു മാഞ്ഞിട്ടില്ല. അത്തരം ദുർദ്ദിനങ്ങളിലേക്കാണ് ബാങ്കുകൾ ജനങ്ങളെ നയിക്കുന്നത്. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി എന്ന പേരിലുള്ള കിട്ടാക്കടം ആറുലക്ഷംകോടി രൂപയിലധികമാണ്. ഇതിൽ സിംഹഭാഗവും രാജ്യത്തെ വൻതോക്കുകളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ളതാണ്. വമ്പൻ സ്രാവുകളെ പിടിക്കാൻ മുട്ടുവിറയ്ക്കുന്ന ബാങ്കുകൾ സാധാരണ ഇടപാടുകാരന്റെ തുച്ഛമായ സമ്പാദ്യത്തിൽ കൈയിട്ടുവാരാനാണ് ശ്രമിക്കുന്നത്. ഒറ്റക്കെട്ടായി നിന്ന് പ്രതിരോധ നിര തീർക്കുക എന്നത് മാത്രമാണ് ബാങ്കുകളുടെ ഏകപക്ഷീയമായ നിരക്ക് വർദ്ധന നീക്കത്തിനെതിരെ ആകെ ചെയ്യാനാകുന്നത്. അതിന് കൃത്യമായ ഫലമുണ്ടാകുമെന്ന് കഴിഞ്ഞദിവസം തെളിയുകയും ചെയ്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ