ആർ.ടി ഓഫീസിലെ 'കൺവെർഷൻ' തട്ടിപ്പിന് ക്ലിപ്പിടുന്നു
May 17, 2017, 1:52 am
രാജൻ പുരക്കോട്
തിരുവനന്തപുരം: ലേണേഴ്സ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ എന്നിവയ്‌ക്ക് ഓൺലൈനായി ഫീസടച്ച അപേക്ഷകർ 'കൺവെർഷൻ' എന്ന സാങ്കേതിക കടമ്പകടക്കാൻ ഇനി ആർ. ടി . ഓഫീസ് കയറിയിറങ്ങേണ്ട. ഏജന്റുവഴി ക്ളാർക്കിന് കൈക്കൂലിയും കൊടുക്കേണ്ട. അപേക്ഷകരെ ഓഫീസിൽ വരുത്താതെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഫീസ് കൺവെർട്ട് ചെയ്തുനൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണ‌ർ എസ്. ആനന്ദകൃഷ്ണൻ ഉത്തരവിട്ടു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുമുണ്ട്.

ഉത്തരവ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ, ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ എന്നിവർക്ക് കൈമാറി. മേയ് 11ന് കേരളകൗമുദി പ്രസിദ്ധീകരിച്ച 'മോട്ടോർ വാഹന വകുപ്പിലെ ഓൺലൈനിൽ 'ക‌ൺവെർഷൻ തട്ടിപ്പ്, ഏജന്റുമാരും വിലസുന്നു' എന്ന റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. ഓൺലൈൻ ഫീസും ‌ റോഡ് ടാക്സും ആ‌‌ർ.ടി . ഓഫീസിന്റെ അക്കൗണ്ടിലെത്താൻ കൺവെർഷനെന്ന കടമ്പ കടക്കണം. ഇതിന് ആ‌ർ. ടി ഓഫീസിലെ ക്ളാർക്ക് കനിയണം. ഏജന്റുമാരുമുണ്ട്. 500 രൂപയാണ് ഇവരുടെ ഫീസ് .

ഇനിമുതൽ, രജിസ്റ്രർ ചെയ്യാൻ ഓൺലൈനായി ഫീസും റോഡ് ടാക്സും അടച്ചശേഷം വാഹനവുമായി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരെ സമീപിച്ചാൽ മതി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും, അസിസ്റ്റന്റ് മോട്ടോർവാഹന ഇൻസ്പെക്ടർമാരും ഇൻസ്പെക്ടിംഗ് അതോറിറ്റിയും ടാക്സേഷൻ ഓഫീസറുമാണ്. അവർ തന്നെ ഫീസ് കൺവെർട്ട് ചെയ്ത് വാഹന നമ്പർ നൽകും. യാതൊരു കാരണവശാലും അപേക്ഷകരെ ഓഫീസിൽവരുത്തരുത്. പരിശോധിച്ച അപേക്ഷകൾ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ രജിസ്ട്രേഷൻ ഗ്രൗണ്ടിൽ വച്ചു വാങ്ങണം. അപേക്ഷയുമായി ഉച്ചതിരിഞ്ഞ് ഓഫീസിലെത്താൻ ആവശ്യപ്പെടരുത്. എ. എം. വി. ഐമാർ ഫയൽ ഓഫീസിന് കൈമാറിയാൽ ടാക്സ് അടച്ച രസീത് ആർ. സി. ബുക്കിനോടൊപ്പം തപാലിലൂടെ അപേക്ഷകന് ലഭിക്കും.

ഓൺലൈൻ അപേക്ഷകളും ഫീസും മോട്ടോർ വാഹന വകുപ്പിന്റെ സെൻട്രൽ സെർവറിലേക്കാണ് പോകുന്നത്. തുടർന്ന് ഇത് ബന്ധപ്പെട്ട ഓഫീസുകളിലേക്ക് മാറ്റണം . ഈ അപേക്ഷകൾ സ്മാർട്ട് മൂവിലെ ( വകുപ്പിലെ സോഫ്റ്റ്‌വെയർ ) ഇൻവേർഡ് നമ്പർ, അഥവാ അപേക്ഷാ നമ്പരായി മാറ്റിയാലേ തുടർനടപടി സാദ്ധ്യമാവൂ. ഇതിനാണ് കൺവെർഷൻ. ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്, ടെമ്പററി രജിസ്ട്രേഷൻ എന്നിങ്ങനെ പൂർണമായും വെബ് അധിഷ്ഠിതമായ സേവനങ്ങൾക്ക് കൺവെർഷൻ ആവശ്യമില്ല. ഇത്തരത്തിൽ മറ്റെല്ലാ സേവനങ്ങളും പൂർണമായി വെബിലൂടെ ചെയ്യാനുള്ള സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തുവരികയാണ്. അതിന് എത്ര കാലം എടുക്കുമെന്നറിയില്ല. 2002ൽ കമ്പ്യൂട്ടറൈസേഷൻ ആരംഭിച്ച മോട്ടോർ വാഹന വകുപ്പിൽ കൊല്ലം പതിനഞ്ചായിട്ടും ഓൺലൈൻ സംവിധാനം എങ്ങുമെത്തിയിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ