Thursday, 25 May 2017 12.28 PM IST
വിമാന കമ്പനികളുടെ കടും വെട്ട്
May 17, 2017, 2:00 am
ഓണം, പെരുന്നാൾ കാലത്ത് ഗൾഫ് വിമാന നിരക്കുകളിലുണ്ടാകുന്ന വൻ കുതിച്ചു കയറ്റത്തിനു അറുതിയാകുമെന്നു സൂചന നൽകിയാണ് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര - സംസ്ഥാന ഉദ്യോഗസ്ഥന്മാരും ഇരുപത് വിമാന കമ്പനികളുടെ പ്രതിനിധികളും സംബന്ധിച്ച ഉന്നതതല യോഗം പിരിഞ്ഞത്. ഉത്സവ സീസണുകളിൽ കടും വെട്ടു നടത്തുന്ന പ്രവണതയിൽ നിന്ന് വിമാന കമ്പനികൾ പിന്തിരിയുമെന്നു ഉറപ്പു തന്നിട്ടുണ്ടെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. ഉറപ്പ് പാലിക്കപ്പെടുന്നതിനു വേണ്ട നടപടികളാണ് ഇനി ഉണ്ടാകേണ്ടത്. ഉദ്യോഗസ്ഥ തലത്തിൽ അതിനു സ്വീകരിക്കേണ്ട തുടർ നടപടികൾ പലതുമുണ്ട്. കാര്യക്ഷമമായി അതൊക്കെ പൂർത്തിയാക്കിയാലേ ഉദ്ദേശിച്ച ഫലമുണ്ടാകൂ.
ഓരോ ഉത്സവകാലത്തും സാധാരണ നിരക്കിന്റെ പല മടങ്ങ് വിമാനക്കൂലി നൽകി നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇക്കുറിയും സംശയത്തോടെയാകും ഉന്നതതല യോഗത്തിൽ ലഭിച്ച ഉറപ്പിനോടുള്ള പ്രതികരണം. കഴിഞ്ഞ നിരവധി വർഷങ്ങളായി നടന്നുവരുന്ന ചൂഷണം അവസാനിപ്പിക്കാൻ ഇന്നേവരെ കേന്ദ്ര സർക്കാർ ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്ന പരുഷ യാഥാർത്ഥ്യമാണ് അതിനു കാരണം. വിമാന കമ്പനികൾ വർഷങ്ങളായി നടത്തിവരുന്ന കൊള്ള നിശ്ശബ്ദം കണ്ടുനിൽക്കാനേ സംസ്ഥാന സർക്കാരിനും കഴിയുന്നുള്ളൂ. പ്രതിഷേധവും നിയമസഭയിൽ പ്രമേയം പാസാക്കലുമൊക്കെ ഇടയ്ക്കിടെ നടന്നിട്ടില്ലെന്നല്ല. ക്രിയാത്മകമായ പരിഹാര മാർഗങ്ങൾ ഉണ്ടായിട്ടില്ലെന്നു മാത്രം.
തിരക്കേറിയ ഉത്സവ നാളുകളിൽ അമിത നിരക്ക് ഒഴിവാക്കുന്നതിന് വിമാന കമ്പനികൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കാൻ കേന്ദ്രം ഒരുക്കമാണെന്നാണ് സിവിൽ ഏവിയേഷൻ സെക്രട്ടറി യോഗത്തിൽ ഉറപ്പു നൽകിയത്. ഇതു സാദ്ധ്യമായാൽ അമിത നിരക്കിൽ നിന്ന് പ്രവാസികൾക്ക് ആശ്വാസമുണ്ടാകുമെന്നാണ് നിഗമനം. അതോടൊപ്പം വിമാന ഇന്ധനത്തിന് സംസ്ഥാന സർക്കാർ ചുമത്തുന്ന അമിതമായ വില്പന നികുതി കൂടി കുറയേണ്ടതുണ്ടെന്ന വിമാന കമ്പനികളുടെ നിർദ്ദേശത്തിനും അർഹിക്കുന്ന പരിഗണന ലഭിക്കണം. ഇപ്പോൾ 29 ശതമാനം നികുതിയാണ് വിമാന ഇന്ധനത്തിന് ഈടാക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയും ഉയർന്ന നിരക്കില്ല. കേന്ദ്ര - സംസ്ഥാന സർക്കാർ പ്രതിനിധികളും വിമാന കമ്പനികളുടെ ആൾക്കാരും ഉൾപ്പെട്ട ഒരു കർമ്മസമിതി രൂപീകരിച്ച് നിരക്കു പ്രശ്നത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വാഗതാർഹമാണ്. ഓണത്തിനു മുമ്പ് തീരുമാനമെടുത്താൽ പ്രവാസികൾക്ക് വലിയ അനുഗ്രഹമാകും.
ഒരു ന്യായീകരണവുമില്ലാത്ത രീതിയിലാണ് വിമാന കമ്പനികൾ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാറുള്ളത്. സാധാരണ നാളിൽ പതിനായിരം രൂപ ഈടാക്കുന്ന സെക്ടറിൽ ഓണമോ പെരുന്നാളോ സ്കൂൾ തുറപ്പു സമയമോ ആണെങ്കിൽ നിരക്ക് നാല്പതിനായിരമോ അൻപതിനായിരമോ ചിലപ്പോൾ അതിലുമധികമോ ആകും. എല്ലാ വിമാന കമ്പനികളും ഒരുപോലെ നിരക്കു കൂട്ടുന്നതിനാൽ യാത്രക്കാർക്ക് വേറെ വഴിയൊന്നുമില്ല. ഇരുപതും ഇരുപത്തിരണ്ടും മണിക്കൂർ യാത്ര വേണ്ടിവരുന്ന അമേരിക്കൻ നഗരങ്ങളിലേക്കുള്ള നിരക്കിലുമധികം ഗൾഫിലെ ഒരു കേന്ദ്രത്തിലേക്കു നൽകേണ്ടിവരുന്ന പ്രവാസിയുടെ ദുരവസ്ഥ കാലങ്ങളായി തുടരുകയാണ്. ഗൾഫിൽ പര്യടനം നടത്തി ഉറപ്പുകൾ നൽകി മടങ്ങുന്ന എത്രയോ മന്ത്രിമാരും ജനനേതാക്കളുമുണ്ട്. പ്രവാസികൾ നേരിടുന്ന ഈ ചൂഷണം അവസാനിപ്പിക്കാൻ ഇന്നേവരെ ആർക്കും സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഇടപെടലിൽ അതിന് ഒരു പരിഹാരമുണ്ടാകുമെങ്കിൽ പ്രവാസി ലോകം ആജീവാനാന്തം അതിനു കടപ്പെട്ടവരാകും.
ഒരുകാലത്ത് അത്യാഡംബരമായിരുന്ന വിമാന യാത്ര ഇന്ന് തികച്ചും സാധാരണമായിട്ടുണ്ട്. വിമാന കമ്പനികൾ വർദ്ധിച്ചതോടെ മത്സരാടിസ്ഥാനത്തിൽ നിരക്കുകളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ആകാശ യാത്രയ്ക്ക് അവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇപ്പോഴും വളരെ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇതിനും മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഈയിടെ ആരംഭിച്ച 'ഉഡാൻ' സർവീസിലും കേരളത്തിലെ നഗരങ്ങൾക്ക് പരിഗണന ലഭിച്ചില്ല. ഒരുമണിക്കൂർ യാത്രയ്ക്ക് 2500 രൂപ മാത്രം ഈടാക്കുന്ന ഈ സർവീസിന് സംസ്ഥാനത്ത് വലിയ സാദ്ധ്യതയാണുള്ളത്. അതു ലഭിക്കാനുള്ള ശ്രമം സർക്കാർ തലത്തിൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. കണ്ണൂർ വിമാനത്താവളം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ ആഭ്യന്തര വിമാന സർവീസുകളുടെ വിപുലീകരണത്തിന് ധാരാളം സാദ്ധ്യതകളാണ് തുറന്നിടുന്നത്. ഇതു മുതലാക്കാൻ വിമാന കമ്പനികൾക്കു കഴിഞ്ഞാൽ മലയാളികൾക്കും ഗുണകരമാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ