Thursday, 25 May 2017 12.31 PM IST
ഭക്ഷ്യ സമൃദ്ധിയിലും കർഷകനു വേദന
May 16, 2017, 2:00 am
രാജ്യമൊട്ടാകെ കാലവർഷം ഇക്കുറി സാധാരണ നിലയിലായിരിക്കുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള അറിയിപ്പുകൾ കർഷകർക്ക് ആശ്വാസം പകരുന്നതാണ്. ദക്ഷിണേന്ത്യ പൊതുവേ വരൾച്ചയുടെ പിടിയിലാണെങ്കിലും കാലവർഷം എത്തുന്നതോടെ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. കാലവർഷത്തിന്റെ വരവറിയിച്ചു കൊണ്ട് ആൻഡമാനിൽ ശുഭസൂചനകൾ വന്നുകഴിഞ്ഞു. ശ്രീലങ്കയും കടന്നെത്തുന്ന തെക്കു പടിഞ്ഞാറൻ കാലവർഷം മേയ് അവസാനത്തോടെ കേരളത്തിൽ പെയ്തു തുടങ്ങുമെന്നാണ് പ്രവചനം. കഴിഞ്ഞവർഷം പ്രകൃതി സംസ്ഥാനത്തെ പാടേ കൈവിട്ടതിന്റെ ദുരിതം ഇന്നും അനുഭവിക്കുകയാണ് ജനങ്ങൾ. ആയിരത്തോളം കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. ജലസ്രോതസുകളെല്ലാം വറ്റിവരണ്ട് ഉണങ്ങിക്കഴിഞ്ഞു. ആർത്തലച്ചെത്തുന്ന കാലവർഷത്തിൽ വേണം അവയൊക്കെ ഇനി നിറയാൻ.
കഴിഞ്ഞവർഷം വേണ്ട സമയത്തെല്ലാം നല്ല മഴ ലഭിച്ചത് രാജ്യത്ത് ഭക്ഷോത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ടെന്നാണ് കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. ഗോതമ്പും നെല്ലും മാത്രമല്ല പയർ - പരിപ്പു വർഗങ്ങളും ആവശ്യത്തിലേറെ ഉത്പാദിപ്പിക്കാൻ സാധിച്ചു. ഗോതമ്പുത്പാദനത്തിൽ 52 ലക്ഷം ടൺ വർദ്ധന ഉണ്ടായെന്നാണ് കണക്ക്. നെല്ലുത്പാദനത്തിലെ വർദ്ധന 47 ലക്ഷം ടണ്ണാണ്. പയർ - പരിപ്പു വർഗങ്ങളുടെ കാര്യത്തിൽ വർദ്ധന 20 ലക്ഷം ടണ്ണാണ്. ഉത്പന്നങ്ങൾ കുന്നുകൂടിയത് വിലയെയും സംഭരണത്തെയും പ്രതികൂലമായി ബാധിച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്. കരുതൽ ശേഖരമായി സംസ്ഥാനങ്ങൾ ഇവ ഏറ്റെടുക്കണമെന്ന കേന്ദ്രത്തിന്റെ അഭ്യർത്ഥനയോട് സംസ്ഥാനങ്ങൾ പൊതുവേ മുഖം തിരിച്ചാണ് നില്പ്.
പൊതുവിപണിയിൽ ധാന്യവില ഉയ‌ർന്നുതന്നെ നിൽക്കുന്നത് വിതരണത്തിലും സംഭരണത്തിലും പിന്തുടരുന്ന അശാസ്ത്രീയ സമീപനം കാരണമാണ്. ഉഴുന്നിനും പരിപ്പിനുമൊക്കെ മുൻവർഷത്തെ അപേക്ഷിച്ച് വില ഏതാണ്ട് പകുതിയായി താഴ്ന്നിട്ടുണ്ട്. എന്നാൽ ധാന്യ സമൃദ്ധി നേടിയപ്പോഴും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അവയ്ക്ക് പൊള്ളുന്ന വില നൽകേണ്ടിവരുന്നത് മെച്ചപ്പെട്ട വിതരണ ശൃംഖലയുടെ അഭാവം കാരണമാണ്. വിപണി ഇടപെടൽ നടത്തേണ്ട സർക്കാർ ഏജൻസികൾ ജനങ്ങളുടെ സഹായത്തിനെത്തുന്നില്ല. പയർ വർഗങ്ങൾ കെട്ടിക്കിടന്നിട്ടും അവ ഏറ്റെടുക്കാനുള്ള അഭ്യർത്ഥനയ്ക്ക് ചെവി കൊടുത്തത് മഹാരാഷ്ട്ര സർക്കാർ മാത്രമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കർഷകരെ സഹായിക്കാനായി മഹാരാഷ്ട്ര ഒരുലക്ഷം ടൺ പയർവർഗങ്ങൾ വാങ്ങി സംഭരിച്ചത് ഈ മാസം ആദ്യമാണ്.
ഉത്പാദന സമൃദ്ധി കർഷകരെ സംബന്ധിച്ചിടത്തോളം പലപ്പോഴും വലിയ തിരിച്ചടിയിലാണ് കലാശിക്കുന്നത്. ഉത്പന്നങ്ങൾക്ക് ന്യായവില പോകട്ടെ, ഉത്പാദനച്ചെലവുപോലും ലഭിക്കാതെ കഷ്ടത്തിലാകുന്ന അതീവ ദയനീയാവസ്ഥ പലപ്പോഴും ഉണ്ടാകുന്നുണ്ട്. അധികനാൾ സൂക്ഷിക്കാനാവാത്ത കാർഷികോത്പന്നങ്ങളുടെ കാര്യത്തിലാണ് പലപ്പോഴും ഇതു പ്രകടമാകുന്നത്. പച്ചക്കറികളുടെ ഉത്പാദനം കണക്കിലേറെയായാൽ വില പാതാളത്തോളം ഇടിയും. കർഷകർ ദുരിതത്തിലുമാകും. ഈ അടുത്തകാലത്ത് തക്കാളി ഉത്പാദനം വ‌ർദ്ധിച്ചപ്പോൾ വാങ്ങാനാളില്ലാതെ കർഷകർ ലോഡ് കണക്കിനു തക്കാളി തെരുവുകളിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോൾ ഗുജറാത്തിലെ ഉള്ളികർഷകരും അതേ സ്ഥിതി നേരിടുകയാണ്. ഉള്ളി ഉത്പാദനം റെക്കാഡായതോടെ വില കുത്തനേ ഇടിഞ്ഞു. ഇരുപതു കിലോ വരുന്ന ഒരുചാക്ക് ഉള്ളിക്ക് വിപണിയിൽ മുപ്പതുരൂപപോലും നൽകാൻ ആളില്ല. എന്തു ചെയ്യണമെന്നറിയാതെ കർഷകർ വൻതോതിൽ ഉള്ളി പൊതുനിരത്തുകളിൽ കൊണ്ടുചെന്നിട്ട് നശിപ്പിക്കുകയാണിപ്പോൾ. മുൻപ് പല അവസരങ്ങളിലും ഉള്ളിവില ആകാശം മുട്ടെ ഉയർന്നതാണ്. ഇപ്പോൾ ചെറിയ ഉള്ളിയാണ് വിപണിയിലെ താരം. കിലോയ്ക്ക് നൂറും നൂറ്റമ്പതുമൊക്കെയായി അതിന്റെ വില കയറിക്കൊണ്ടിരിക്കുകയാണ്. ശീതീകരണിയുള്ള സംഭരണ കേന്ദ്രങ്ങളുടെ അഭാവമാണ് കൃഷിക്കാർ നേരിടുന്ന വലിയ പരിമിതി. കാർഷിക കേന്ദ്രങ്ങളിൽ നവീന സംഭരണശാലകളുടെ വലിയ ശൃംഖലകൾ സ്ഥാപിക്കുമെന്ന കേന്ദ്ര വാഗ്ദാനം നിറവേറാനിരിക്കുന്നതേയുള്ളൂ. സംഭരണശാലകളില്ലാത്തതുമൂലം വൻതോതിൽ ധാന്യങ്ങൾ തുറസായ സ്ഥലത്തു സൂക്ഷിക്കേണ്ടിവരുന്നതു മൂലം ലക്ഷക്കണക്കിന് ടൺ ധാന്യമാണ് ഓരോ വർഷവും മഴയും വെയിലുമേറ്റ് നശിക്കുന്നത്. ഗുരുതരമായ ഭക്ഷ്യക്കമ്മി നേരിടുന്ന കേരളം പോലും ധാന്യസംഭരണത്തിന് ഗൗരവമായ പരിഗണന ഇനിയും നൽകിയിട്ടില്ല. നെല്ല്, നാളികേരം തുടങ്ങിയ ഉത്പന്നങ്ങളുടെ സംഭരണത്തിൽ കാണിക്കുന്ന അലംഭാവവും വീഴ്ചകളും ഉദാഹരണമാണ്. രൂക്ഷമായ ഭക്ഷ്യക്കമ്മി നേരിടുമ്പോഴും ലഭ്യമായ നെല്ല് വാങ്ങി കർഷകരെ സഹായിക്കുന്ന കാര്യത്തിൽ വലിയ അവഗണനയാണ് കാണുന്നത്.
കാർഷികോത്പാദന സമൃദ്ധിയിലും ജനങ്ങൾ പട്ടിണിയിലോ അർദ്ധ പട്ടിണിയിലോ കഴിയേണ്ട സാഹചര്യമുണ്ടാകുന്നത് വലിയ ദുരന്തം തന്നെയാണ്. രാജ്യത്ത് പൊതുവേ കാണുന്നത് അതാണ്. കർഷകരും ഉപഭോക്താക്കളും ഒരുപോലെ ചൂഷണത്തിന് ഇരയാകേണ്ടിവരുന്നു എന്നതാണ് അനുഭവം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ