Thursday, 25 May 2017 12.29 PM IST
ഡെങ്കിയുടെ ഇരകളും സഹായമർഹിക്കുന്നു
May 19, 2017, 2:00 am
മഴക്കാലം എത്തുംമുമ്പേ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും പകർച്ചപ്പനി ഉൾപ്പെടെ പലതരം വ്യാധികളുടെ പിടിയിലാണ്. തമ്മിൽത്തല്ലാനും വികസനത്തിന്റെ പേരിൽ പൊതുമുതൽ വീതം വച്ചു നൽകാനുമല്ലാതെ ശുചിത്വ കാര്യങ്ങളിൽ തെല്ലും ശ്രദ്ധ പുലർത്താത്ത തദ്ദേശ സ്ഥാപനങ്ങളാണ് ജനങ്ങൾക്ക് വലിയ തോതിൽ ആരോഗ്യഭീഷണി ഉയർത്തുന്നത്. പതിവില്ലാത്ത തോതിലാണ് ഇപ്പോൾ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നത്. ശുചിത്വത്തിന് പേരുകേട്ടിരുന്ന തലസ്ഥാന നഗരി ഡെങ്കിയുടെയും തലസ്ഥാനമായി മാറിയിരിക്കുകയാണ്. ജില്ലയിൽ 2214 ഡെങ്കി കേസുകളാണ് ഔദ്യോഗികമായി രേഖപ്പടുത്തിയത്.
രേഖപ്പെടുത്താത്തവ വേറെയും കാണും. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി പിടിപെട്ട് 68 പേർ മരിച്ചുവെന്നാണു കണക്ക്. എലിപ്പനി, എച്ച് -1, എൻ - 1, ചിക്കുൻഗുനിയ, തക്കാളിപ്പനി തുടങ്ങിയ വ്യാധികൾ വേറെയും ഉണ്ട്. എല്ലാ ജില്ലകളിലും നിത്യേന പനി ബാധിച്ച് അനവധി പേർ ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നുണ്ട്. ഡെങ്കി, ചിക്കുൻ ഗുനിയ എന്നിവ കൊതുകുകളുടെ സംഭാവനയാണ്. ഒന്നൊഴിയാതെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിയന്ത്രണാതീതമായി കൊതുകു പെരുകിയിട്ടും പ്രതിരോധ നടപടികൾ കാര്യമായി ഉണ്ടായിട്ടില്ല. പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് എല്ലാവരും നോക്കുന്നത്. സർക്കാർ തദ്ദേശ സ്ഥാപനങ്ങളെയും അവ ജനങ്ങളെയും കുറ്റപ്പെടുത്തി നാളുകൾ തള്ളിനീക്കുന്നതല്ലാതെ മാലിന്യ സംസ്കരണവും കൊതുകു നിവാരണവും എങ്ങനെ കാര്യക്ഷമമാക്കാമെന്ന് ആലോചിക്കുന്നില്ല.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിനെക്കുറിച്ച് ധാരാളം ഉൽബോധനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളും ജലാശയങ്ങളും മറ്റു ജലസ്രോതസുകളും ശുചിയായി സൂക്ഷിക്കാൻ ചുമതലപ്പെട്ടവർ അങ്ങോട്ടൊന്നും തിരിഞ്ഞു നോക്കാറേയില്ല. പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും മാലിന്യ മലകൾ ഉയർന്നിട്ടും അതു സംസ്കരിക്കാൻ മിനക്കെടാറില്ല. ക്ഷേത്രങ്ങളിൽ പൊങ്കാലയോ പള്ളി പെരുന്നാളോ വിവി.ഐ.പി സന്ദർശനമോ വേണം അവ നീക്കം ചെയ്യാൻ. തിരുവനന്തപുരം നഗരത്തിൽ വിളപ്പിൽശാലയിൽ പ്രവർത്തിച്ചിരുന്ന സംസ്കരണ പ്ളാന്റ് നടത്തിപ്പു ദോഷം കൊണ്ട് പൂട്ടേണ്ടിവന്നു. അതിനുശേഷം മൂന്നുവർഷമായിട്ടും ഒരു ബദൽ കണ്ടെത്താൻ നഗരസഭയ്ക്കു സാധിച്ചിട്ടില്ല. വിളപ്പിൽശാല പൂട്ടിയപ്പോൾ വലിയ വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്ന സർക്കാരും ഒന്നും ചെയ്തില്ല. തിരുവനന്തപുരത്തു മാത്രമല്ല കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമൊക്കെ ഇതുതന്നെയാണു സ്ഥിതി. സ്വന്തമായി ഉപഗ്രഹങ്ങൾ വരെ നിർമ്മിച്ച് ഭ്രമണ പഥത്തിലെത്തിക്കാനുള്ള സാങ്കേതിക ശേഷി കൈവരിച്ച രാജ്യത്ത് പ്രവർത്തനക്ഷമവും നാട്ടുകാർക്ക് ഉപദ്രവവുമുണ്ടാക്കാത്തതുമായ മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാനാകില്ലെന്നു വരുന്നത് അവിശ്വസനീയം തന്നെയാണ്. ക്ഷണിച്ചു വരുത്തുന്ന പകർച്ചവ്യാധികളുടെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വരുന്ന പണത്തിന്റെ ചെറിയൊരു ഭാഗം മതി ഇത്തരം കാര്യങ്ങൾക്ക്. എന്നാൽ പരിസരങ്ങൾ പോലെ മാലിന്യം നിറഞ്ഞ മനസുമായി കഴിയുന്നവർക്ക് ഇത്തരം ജനോപകാരപ്രദമായ കാര്യങ്ങളിൽ ശ്രദ്ധയോ താത്‌പര്യമോ ഇല്ലാതെ പോയി. പനി ബാധിതരുടെ സംഖ്യ ഇനിയും കൂടുക തന്നെ ചെയ്യുമെന്നാണ് ആരോഗ്യവകുപ്പു സെക്രട്ടറിയുടെ വിലയിരുത്തൽ. കൊതുക് നിയന്ത്രണത്തിനായി ഊഴം വച്ച് ഡ്രൈ ഡേ ദിനാചരണത്തിനു കോപ്പുകൂട്ടുകയാണ് ആരോഗ്യമന്ത്രി. ഇത്തരം ദിനാചരണങ്ങളിലൊന്നും കൊതുകുകൾക്ക് തീരെ വിശ്വാസമില്ലാത്തതിനാൽ താത്‌കാലിക പ്രതിരോധ പ്രവർത്തനങ്ങളെ അതിജീവിക്കാൻ അവയ്ക്കറിയാം. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നു എന്നു പറഞ്ഞതുപോലെ പകർച്ചവ്യാധികൾ പടിവാതിലും കടന്നെത്തുമ്പോൾ മാത്രം പോരാ കൊതുകു നശീകരണം പോലുള്ള യജ്ഞങ്ങൾ. അതിനു സ്ഥിരം സംവിധാനവും കർമ്മശേഷിയുള്ള ഉദ്യോഗസ്ഥാന്മാരുമൊക്കെ ഉണ്ടാകണം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രഥമവും പ്രധാനവുമായ കർത്തവ്യം പൊതുജനാരോഗ്യ സംരക്ഷണം തന്നെയാവണം. ആരോഗ്യ വകുപ്പിന്റെ കലവറയില്ലാത്ത സഹായ സഹകരണങ്ങൾ അതിനു ലഭ്യമാക്കുകയും വേണം.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം നൂറ്റാണ്ടു പഴക്കമുള്ള തിരുവനന്തപുരം ജനറൽ ആശുപത്രി സന്ദർശിച്ചിരുന്നു. ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രിയിലെ നാല്പത്തഞ്ചു ജീവനക്കാർ ഡെങ്കിപ്പനി പിടിപെട്ട് ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ കണ്ടാണ് മന്ത്രി അവിടെ എത്തിയത്. ഡെങ്കിപ്പനി എങ്ങനെ പിടിപെടാതിരിക്കുമെന്നു സ്വയം വെളിപ്പെടുത്തുന്നതായിരുന്നു മന്ത്രി അവിടെ കണ്ട കാഴ്ചകൾ. നഗരത്തിലെ മറ്റിടങ്ങളിലും സംസ്ഥാനത്തു മൊത്തത്തിലും ഇതേ അരാജക സ്ഥിതിയാണു നിലനിൽക്കുന്നത്. ഒരാഴ്ചകൊണ്ടോ ഒരു മാസം കൊണ്ടോ പരിഹാരം കാണാവുന്ന വിഷയമല്ലിത്. ശുചിത്വമെന്നത് സംസ്കാരത്തിന്റെയും ജീവിതശൈലിയുടെയും അവിഭാജ്യ ഭാഗമായി മാറുക തന്നെ വേണം. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒരേ മനസോടെ പ്രവർത്തിച്ചാൽ നാടും നഗരവും ശുചിത്വപൂർണമാകും. പകർച്ചവ്യാധികളെ ദൂരെ നിറുത്താനുമാകും.
നോട്ട് നിരോധന കാലത്ത് ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ ക്യൂനിൽക്കവെ മരണമടഞ്ഞവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതം സഹായധനം നൽകാൻ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. പുതുമയുള്ള സംഗതി തന്നെ. അതുപോലെ ഡെങ്കിപ്പനി പിടിപെട്ട് അകാല മരണം പൂകിയവരുടെ കുടുംബങ്ങളെയും പരിഗണിക്കേണ്ടതാണ്. ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചയുടെ ഇരകളാണല്ലോ അവർ. ആ നിലയ്ക്ക് അവരുടെ കുടുംബങ്ങളും സഹായത്തിന് അർഹരാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ