Wednesday, 24 May 2017 3.15 PM IST
സ്കൂൾ പഠനം നേരത്തെയാക്കും, രാവിലെ 8.30 മുതൽ 1.30 വരെ!
May 18, 2017, 8:06 pm
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: രാവിലെ മുതൽ വൈകിട്ട് വരെ പഠനമെന്ന പരമ്പരാഗത സംവിധാനത്തിന് മാറ്റം വരുന്നു. പുതിയ അദ്ധ്യയന വർഷം മുതൽ സ്കൂളുകളുടെ പ്രവൃത്തി സമയം നേരത്തെയാക്കി നേരത്തെ തീർക്കാനുളള ശ്രമത്തിലാണ് സർക്കാർ. രണ്ട് നിർദ്ദേശങ്ങളാണ് മുന്നിൽ. ഒന്ന് രാവിലെ 8.30 ന് തുടങ്ങി 1.30 വരെ അഞ്ച് മണിക്കൂർ ഇടതടവില്ലാതെ പഠനം. രണ്ട് രാവിലെ 9 ന് തുടങ്ങി 12 ന് ഒരു മണിക്കൂർ ഇന്റർവെൽ നൽകി 3 ന് അവസാനിക്കുന്ന രീതി. ഇതിൽ ഏത് വേണമെന്ന് സർക്കാർ തീരുമാനിക്കും. അദ്ധ്യാപകർ ഉൾപ്പെട്ട ഗുണനിലവാരം ഉയർത്തൽ കമ്മിറ്റിയാണ് ഈ നിർദ്ദേശം അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.

പഠനം നേരത്തെയാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാറ്റം. സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിൽ രാവിലെ ക്ളാസുകൾ തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയാണ്. ഉച്ചയ്‌ക്ക് ശേഷം കുട്ടികൾക്കും അദ്ധ്യാപകർക്കും കൂടുതൽ സമയം കിട്ടുമെന്നതാണ് മറ്റൊരു സവിശേഷത. രാവിലെയുളള പഠനം കൂടുതൽ കാര്യക്ഷമമാണെന്നതും ഇതിന് ബലം കൂട്ടുന്നു.

ഹയർ സെക്കണ്ടറിയുളള സ്കൂളുകളിൽ ക്ളാസുകൾ 9 ന് തുടങ്ങുകയും അതേ സ്കൂളുകളിലെ പത്താം ക്ളാസ് വരെയുള്ളവ 10 മണിക്കും ആരംഭിക്കുന്ന രീതിയാണ് നിലവിൽ. ഇത് ഒരു സ്കൂളിൽ രണ്ട് രീതിയിലുളള പ്രവർത്തനം നടന്നുവരുന്നത് പഠനത്തിന് തടസമായിട്ടുണ്ട്. രണ്ട് പ്രാർത്ഥന രണ്ട് സമയങ്ങളിൽ നടക്കുന്നതും പഠനത്തിന് തടസമാകുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രവൃത്തി സമയം ‌ഏകീകരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ