Thursday, 25 May 2017 12.31 PM IST
എല്ലാ വീട്ടിലും വെളിച്ചം; കേരളം ഒന്നാമത്
May 19, 2017, 1:40 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: എല്ലാവീടുകളിലും വൈദ്യുതി എത്തിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ദേശീയ കുടുംബാരോഗ്യസർവ്വേ വകുപ്പ് (എൻ.എഫ്.എച്ച്. എസ് ) പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലാണ് കേരളം സമ്പൂർണ വൈദ്യുതീകരണത്തിൽ ഒന്നാമതെത്തിയതിന്റെ കീർത്തി നേടിയത്. കേന്ദ്രഭരണ പ്രദേശമായ ദാമൻദിയു ആണ് താെട്ടുപിന്നിൽ. ലക്ഷ്വദീപ് മൂന്നാം സ്ഥാനത്തും തലസ്ഥാനമായ ഡൽഹി നാലാമതുമാണ്.

ആദ്യ 10 സ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളില്ല. തമിഴ്നാട്‌ പന്ത്രണ്ടാമതും കർണാടകം പതിന്നാലാമതുമാണ്. ഗുജറാത്തിന് 20-ാം സ്ഥാനമാണ്. 36 സംസ്ഥാനങ്ങളുടെ പട്ടികയിൽ 58.3 ശതമാനം വൈദ്യുതീകരിച്ച ബീഹാറാണ് ഏറ്റവും പിന്നിൽ. 88.8 ശതമാനമാണ് ദേശീയ ശരാശരി. സമ്പൂർണ്ണ വൈദ്യുതീകരണം ഒരു അഭിമാന പദ്ധതിയായാണ് പിണറായി സർക്കാർ ഏറ്റെടുത്തത്. ഒന്നാം വാർഷിക ദിനമായ മെയ് 29 ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പദ്ധതി വിജയിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ചെലവ് 174 കോടി
വെളിച്ചമെത്താതിരുന്ന 149000 വീടുകളിൽ വൈദ്യുതിയെത്തിച്ച് പദ്ധതി വിജയിപ്പിക്കാൻ കെ.എസ്.ഇ.ബി. ക്ക് ചെലവായത്‌ 174 കോടിരൂപ. ഇതിൽ 68000 ഉം പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ വീടുകളാണ്. ഉൾവനങ്ങളിലുൾപ്പെടെ വഴിപോലുമില്ലാത്ത 2250 ഓളം വീടുകളിലും വൈദ്യുതിയെത്തിച്ചു. വൈദ്യുതിലൈൻ വലിക്കാനാകാത്തിടങ്ങളിൽ അനർട്ടുമായി സഹകരിച്ച് സോളാർ വൈദ്യുതി എത്തിച്ചാണ് ലക്ഷ്യംപൂർത്തിയാക്കിയത്. ചെലവിൽ പകുതി മാത്രമാണ് കെ.എസ്.ഇ.ബി വഹിച്ചത്. ബാക്കി തുക പഞ്ചായത്തുകൾ, കോർപറേഷൻനുകൾ, പട്ടികജാതിവർഗ ക്ഷേമവകുപ്പ്, എം.എൽ.എ ഫണ്ട്, എം.പി.ഫണ്ട് എന്നിവയിൽ നിന്ന് കണ്ടെത്തി.

കൂട്ടായ്മയുടെ നേട്ടം: മന്ത്രി എം. എം.മണി
വൈദ്യുതി ബോർഡ്‌ ജീവനക്കാരുടെയും അധികൃതരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയാണ് ലക്ഷ്യം വിജയത്തിലെത്തിച്ചത്. വനംവകുപ്പിന്റെ അനുമതി കിട്ടാത്തതും മറ്റുള്ളവരുടെ ഭൂമിയിലൂടെ ലൈൻ വലിക്കുന്നതിനുള്ള തടസങ്ങളും മൂലം അരുവിക്കര, ചാലക്കുടി, ദേവികുളം, ഇടുക്കി, കൽപ്പറ്റ, മാനന്തവാടി, പീരുമേട്, പെരുമ്പാവൂർ, കോതമംഗലം, പുനലൂർ, സുൽത്താൻ ബത്തേരി, തൊടുപുഴ തുടങ്ങിയ മണ്ഡലങ്ങളിൽ പദ്ധതി പൂർത്തിയാകാനുണ്ട്. ഇത് ഉടൻ പരിഹരിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ