Thursday, 25 May 2017 12.35 PM IST
കൊച്ചിയുടെ നേട്ടം കേരളത്തിന്റെയും
May 20, 2017, 1:49 am
അർപ്പണബോധത്തോടെ കൈമെയ്‌മറന്ന് പ്രവർത്തിച്ചാൽ നടക്കാത്തത് ഒന്നുമില്ലെന്ന് വിളിച്ചറിയിക്കുന്നതാണ് അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്കായി കൊച്ചിക്ക് ലഭിച്ച അംഗീകാരം. കൊച്ചിയിൽനിന്ന് വഴുതിപ്പോകുമെന്ന് കരുതിയ വലിയ നേട്ടം ഉദ്യോഗസ്ഥന്മാരുടെയും തൊഴിലാളികളുടെയും അക്ഷീണപരിശ്രമത്തിന്റെ ഫലമായി സാദ്ധ്യമായിരിക്കുകയാണ്.

കലൂരിലെ നെഹ്റു സ്റ്റേഡിയത്തിൽ അരലക്ഷത്തോളം കാണികളുടെ നിറസാന്നിദ്ധ്യത്തിൽ ഒക്ടോബറിൽ അണ്ടർ 17 ലോകകപ്പിലെ ക്വാർട്ടർ ഉൾപ്പെടെ എട്ട് പ്രാഥമിക മത്സരങ്ങൾ അരങ്ങേറുമ്പോൾ സംസ്ഥാനത്തെ കായികപ്രേമികൾക്ക് അത് പുത്തൻ അനുഭവമായി മാറുമെന്ന് തീർച്ച.

മത്സരവേദിയായ നെഹ്റു സ്റ്റേഡിയത്തിന് പുറമേ താരങ്ങളുടെ പരിശീലനത്തിനായുള്ള നാല് ഗ്രൗണ്ടുകളും തയ്യാറാക്കുന്ന പ്രവൃത്തികൾ എങ്ങുമെത്താതെ നിന്ന വേളയിലാണ് ഇക്കഴിഞ്ഞ മാർച്ചിൽ ഫിഫാസംഘം കേന്ദ്ര കായിക വകുപ്പ് മന്ത്രിയുമൊത്ത് പരിശോധനയ്ക്കെത്തിയത്. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ലോക കപ്പ് വേദിയാകാനുള്ള പൂതി ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയശേഷമാണ് അന്ന് വിദഗ്ദ്ധ സംഘം മടങ്ങിയത്.

സംസ്ഥാന കായികവകുപ്പിന്റെ ചുമതലക്കാരനായ മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെയും മറ്റും അതൃപ്തി പ്രകടനം. അടുത്ത പരിശോധനയ്ക്കുവരുമ്പോൾ എല്ലാം കുറ്റമറ്റ നിലയിലായിരിക്കുമെന്ന മന്ത്രി മൊയ്തീന്റെ വാക്കുകൾ കേട്ട് മടങ്ങിയ സംഘത്തിന് ഇക്കഴിഞ്ഞ ദിവസം അത് പൂർണമായും ബോദ്ധ്യപ്പെടുകയും ചെയ്തു. അല്ലറചില്ലറ കാര്യങ്ങളേ ഇനി തീരാനുള്ളൂ. ജൂലായിൽ അവസാനഘട്ട പരിശോധനയ്ക്ക് മുമ്പ് അവയും പൂർത്തിയാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഇത് ലോകകപ്പാണ്. അത് ഓർത്ത് വേണം ഒരുക്കങ്ങളെന്ന കേന്ദ്ര കായികമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ അതേപടി ശിരസാവഹിച്ചതിന്റെ സദ്ഫലമാണ് മത്സരവേദിയിലും പരിശീലനവേദികളിലും ഇന്ന് കാണാനാവുന്നത്. വിദഗ്ദ്ധസംഘം ചൂണ്ടിക്കാട്ടിയ പോരായ്മകൾ തൊണ്ണൂറുശതമാനവും പരിഹരിക്കപ്പെട്ടുകഴിഞ്ഞു. ലോകോത്തര നിലവാരം ഉറപ്പാക്കി നെഹ്റുസ്റ്റേഡിയം തല ഉയർത്തി നിൽക്കുകയാണിപ്പോൾ.

മത്സരവേദിയായി കൊച്ചിക്ക് നറുക്കുവീണതിനുശേഷം ഒരുക്കങ്ങൾക്ക് ഏറെ സമയം ലഭിച്ചതാണ്. എന്നാൽ എല്ലാം അവസാനസമയത്തേക്ക് മാറ്റിവയ്ക്കുക എന്ന ദുശീലം കാരണം വിലപ്പെട്ട സമയം വെറുതെ പാഴാക്കി. കാര്യങ്ങൾക്ക് വേഗത കൈവരണമെങ്കിൽ പിന്നിൽനിന്ന് തള്ളാൻ ആരെങ്കിലും കൂടിയേതീരു എന്ന അവസ്ഥ കായികമേഖലയിലുമുണ്ട്.

ഏറെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന കോമൺവെൽത്ത് ഗെയിംസിന് രാജ്യം ആതിഥ്യം വഹിച്ചപ്പോഴും ഒരുക്കങ്ങൾ ഉദ്ഘാടനദിവസംവരെ നീണ്ടുപോയത് മറക്കാറായിട്ടില്ല. ദേശീയ ഗെയിംസിന് കേരളം വേദിയായപ്പോൾ നടന്ന പുകിലുകൾ പലരുടെയും മനസിലുണ്ടാകും. മത്സരവേദികളിൽ ഉപയോഗിക്കേണ്ടിയിരുന്ന ചിലയിനം ഉപകരണങ്ങൾ വൈകി എത്തിയതും നേരത്തെ എത്തിയവയിൽ ചിലതെല്ലാം വെട്ടിപ്പൊളിക്കാതെ പിന്നീട് കണ്ടെത്തിയതുമെല്ലാം ഗെയിംസ് വിവാദപട്ടികയിലുണ്ട്. ഇത്തരം തരികിടകൾക്കൊന്നും ഒരു സ്ഥാനവുമില്ലാത്ത ഫീഫാ മത്സരവേദി

ഏതായാലും തീർത്തും കുറ്റമറ്റനിലയിൽ പൂർണസൗകര്യങ്ങളോടെ അണിയിച്ചൊരുക്കുന്നതിൽ നോഡൽ ഓഫീസറായ മുഹമ്മദ് ഹനീഷും ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനനും ജില്ലാകളക്ടർ മുഹമ്മദ് സഫിറുള്ളയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വഹിച്ച പങ്ക് അഭിനന്ദനീയമാണ്. ലക്ഷ്യപ്രാപ്തിക്കായി ഉൗണും ഉറക്കവും വെടിഞ്ഞാണ് നോഡൽ ഓഫീസർ സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ പൂർത്തിയാക്കാൻ പ്രയത്നിച്ചത്. ഫീഫാ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി വ്യാഴാഴ്ച സ്റ്റേഡിയം സന്ദർശിച്ചശേഷം മാദ്ധ്യമപ്രതിനിധികളുമായി സംസാരിക്കവെ സംഘാടകരുടെ സ്തുത്യർഹ സേവനത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

പ്രാഥമിക മത്സരങ്ങളും പ്രീക്വാർട്ടറും ക്വാർട്ടറും മാത്രമേ കാെച്ചിക്ക് ലഭിച്ചുള്ളൂവെന്നതിൽ സംസ്ഥാനത്തെ ഫുട്ബാൾ പ്രേമികൾക്ക് ഏറെ നിരാശയുണ്ട്. ആഞ്ഞുപിടിച്ചിരുന്നുവെങ്കിൽ ഒരു സെമികൂടിയെങ്കിലും കൊച്ചിയിലേക്ക് കൊണ്ടുവരാമായിരുന്നുവെന്ന് പറയുന്നവരും കുറവല്ല. ഇതിനുള്ള മറുപടി ടൂർണമെന്റ് ഡയറക്ടർ തന്നെ നൽകിക്കഴിഞ്ഞു. കൊച്ചിയിലേക്ക് പല രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാനസർവീസില്ലാത്തതാണ് കൂടുതൽ മത്സരങ്ങൾക്ക് കൊച്ചി നേരിട്ട പ്രധാന തടസമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വിമർശകരുടെ നാവടക്കാൻ പര്യാപ്തമാണ്.

നിലവാരമുള്ള ഏതിനം മത്സരങ്ങളെയും വികാരത്തോടെ വീക്ഷിക്കുകയും ഹർഷാരവങ്ങളോടെ അതിന്റെ ഭാഗമാകുകയും ചെയ്യാറുള്ള മലയാളികളെ സംബന്ധിച്ച് ഫീഫാ അണ്ടർ 17 മത്സരങ്ങളും നവ്യാനുഭവമായി മാറുമെന്നതിൽ സംശയമില്ല. കൊൽക്കത്തയിലും മറ്റും മത്സരത്തിന്റെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നപ്പോൾ കേരളത്തിൽ ആയിരത്തിൽ താഴെ ടിക്കറ്റുകളേ ഇതുവരെ വിറ്റിട്ടുള്ളൂ എന്ന ടൂർണമെന്റ് ഡയറക്ടറുടെ പരിഭവത്തിൽ കാര്യമൊന്നുമില്ല.

ഒക്ടോബറെത്താൻ ഇനിയും എത്രയോനാൾ കിടക്കുന്നു. ഗാലറി നിറയ്ക്കാൻ മലയാളികൾക്ക് പ്രത്യേകിച്ച് പ്രേരണയൊന്നും വേണ്ടിവരില്ല. അന്താരാഷ്ട്ര ചട്ടമനുസരിച്ച് സ്റ്റേഡിയത്തിലെ സീറ്റുകൾ 41748 ആയി പരിമിതപ്പെടുത്തുന്നതിലേ കാണികൾക്ക് നിരാശ ഉണ്ടാകാനിടയുള്ളൂ. കളിക്കളങ്ങൾ മാത്രമല്ല, ഗതാഗതം ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും വർദ്ധിക്കുമെന്നതാണ് ഇത്തരം രാജ്യാന്തര മത്സരവേദി ലഭിക്കുന്നതിന്റെ നേട്ടം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ