ചിറകരിഞ്ഞു; ടേക്ക് ഓഫ് ചെയ്യാതെ എയർ കേരള
May 20, 2017, 1:05 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: വിമാനയാത്രയുടെ ചെലവ് കുറയ്‌ക്കുന്നതിനുള്ള കേന്ദ്ര സിവിൽ വ്യോമയാന നയംമാറ്റങ്ങളും കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയർ കേരളയെ തുണച്ചില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചതോടെ തകർന്നത് 25 ലക്ഷം പ്രവാസി മലയാളികളുടെ പ്രതീക്ഷയാണ്. റംസാനും ഓണവും ഉൾപ്പെടെയുള്ള ആഘോഷക്കാലത്ത് വിമാനക്കമ്പനികൾ നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി പ്രവാസികളെ പിഴിയുന്ന ദുരവസ്ഥ പരിഹരിക്കണമെന്ന ചിന്തയിൽ നിന്നാണ് എയർ കേരള എന്ന സ്വപ്നം ചിറക് വി‌ടർത്തിയത്.

പദ്ധതി ഉപേക്ഷിച്ചതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികളെ സഹായിക്കാനും വ്യോമയാന വിപണിയിൽ കേരളത്തിന് കടന്നു ചെല്ലാനുമുള്ള സാദ്ധ്യതയാണ് ഇല്ലാതായത്. ഇരുപത് വിമാനങ്ങളും അഞ്ച് വർഷത്തെ ആഭ്യന്തര സർവീസ് പരിചയവും വേണമെന്ന കേന്ദ്ര വ്യവസ്ഥകളാണ് പദ്ധതി ഉപേക്ഷിക്കുന്നതിന് കാരണമായി പറയുന്നത്. എന്നാൽ ബഡ്ജറ്റ് വിമാന സർവീസുകൾക്ക് അനുകൂലമായ പുതിയ കേന്ദ്രനയത്തിന്റെ സാദ്ധ്യതകൾ സർക്കാർ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്ന വിമർശനമാണിപ്പോൾ ഉയരുന്നത്.

അഞ്ച് വർഷത്തെ ആഭ്യന്തര സർവീസ് വ്യവസ്ഥയിൽ ഇളവ് നൽകിയ കേന്ദ്രം, കൂടുതൽ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിൽ വിമാനങ്ങളുടെ എണ്ണത്തിലും വിട്ടുവീഴ്ച ചെയ്യുമായിരുന്നുവെന്നാണ് എയർ കേരളയുടെ അണിയറ പ്രവർത്തകർ പറയുന്നത്. മുൻസർക്കാർ നിയമിച്ച ഡയറക്ടർ ബോർഡ് ഒരു യോഗം പോലും ചേരുകയോ, പുനഃസംഘടിപ്പിക്കുകയോ ചെയ്യാതെയാണ് ഈ സർക്കാർ പദ്ധതി ഉപേക്ഷിക്കുന്നത്. പദ്ധതി നടത്താനാകുമോ എന്ന പഠനവും നടത്തിയില്ല. വ്യവസ്ഥകളിൽ ഇളവ് ചോദിച്ച് സർക്കാർ പുതുതായി അപേക്ഷ നൽകിയതുമില്ല.

എയർ കേരള പദ്ധതി
അഞ്ച് ലക്ഷം പ്രവാസി മലയാളികളിൽ നിന്ന് 20,000 രൂപ വീതം സമാഹരിച്ച് 1000 കോടിയുമായി തുടങ്ങും. സംസ്ഥാന സർക്കാരിന് 26 ശതമാനവും ബാക്കി സ്വകാര്യ പങ്കാളിത്തവുമായിരിക്കും. സർക്കാരിന്റെ വിഹിതത്തിൽ സിയാൽ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ മുഖ്യപങ്ക് വഹിക്കും. സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാതിരിക്കാനാണിത്. സ്വകാര്യമേഖലയിൽ കൊച്ചി വിമാനത്താവളനിർമ്മാണം വിജയകരമായി പൂർത്തിയാക്കിയ വി.ജെ. കുര്യനെയാണ് എയർ കേരളയുടെ എം.ഡിയാക്കിയത്. മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ഡയറക്ടർമാർ. വ്യവസായ പ്രമുഖരായ യൂസഫലി, സി.വി. ജേക്കബ് എന്നിവരും ഡയറക്ടർ ബോർഡിലുണ്ടായിരുന്നു.

നാൾ വഴി
 2005 ൽ എയർ കേരള വിഭാവനം ചെയ്തു
 2006 ൽ ഇടതുമുന്നണി സർക്കാർ പദ്ധതി മരവിപ്പിച്ചു
 2011 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചു.
 2013 ൽ വാണിജ്യ സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു, കേന്ദ്രാനുമതി ലഭിക്കാതായതോടെ മാറ്റിവച്ചു
 2015 ൽ കേന്ദ്രസർക്കാർ അഞ്ച് വർഷത്തെ വിമാന സർവീസ് പരിചയമെന്ന വ്യവസ്ഥയിൽ ഇളവ് നൽകി
 2017 ൽ പദ്ധതി തത്കാലം നിറുത്തിവയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാസി സ്നേഹമല്ല: എം.എം. ഹസൻ
സർക്കാർ നിലപാട് പ്രവാസികളുടെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടിയാണ്. എയർ കേരളയ്‌ക്ക് ധനസഹായം നൽകാൻ പ്രവാസികൾ ഒരുക്കമായിരുന്നു. അവരെ സഹായിക്കാനുള്ള ശ്രമം പോലും നടത്താതെയാണ് സർക്കാർ പദ്ധതി ഉപേക്ഷിക്കുന്നത്. പ്രവാസികളിൽ നിന്ന് പണം സമാഹരിച്ച് കിഫ്ബി നടത്താനാണ് സർക്കാരിന് താത്പര്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ