വളർച്ച ലക്ഷ്യമാക്കി കേരളത്തിലെ ടൂറിസം വ്യവസായം
May 18, 2017, 12:20 am
ഇ.എം. നജീബ്
അനുകൂലമല്ലാത്ത പല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും കേരളത്തിൽ ടൂറിസ്റ്റുകളുടെ വരവ് വളർച്ചയുടെ കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,038,419 വിദേശ ടൂറിസ്റ്റുകളും 1,31,72,535 ദേശീയ ടൂറിസ്റ്റുകളുമാണ് കഴിഞ്ഞ വ‌ർഷം കേരളം സന്ദർശിച്ചത്. അതിന് മുമ്പുള്ള വർഷത്തേക്കാൾ ഏതാണ്ട് 5.71 ശതമാനം വർദ്ധനയാണ് നേടിയത്. കഴിഞ്ഞ വ‌ർഷത്തെ വരുമാനം 29,658.56 കോടി രൂപ. അതിൽ 7,749.59 കോടി വിദേശനാണ്യമായിരുന്നു. കഴിഞ്ഞ നവംബർ മാസത്തിൽ ടൂറിസ്റ്റ് സീസൺ ആയിരുന്നെങ്കിൽക്കൂടി തദ്ദേശ ടൂറിസ്റ്റുകളുടെ വരവിൽ ഏതാണ്ട് അര ശതമാനത്തോളം കുറവുണ്ടായി. ഉയർന്ന കറൻസി നോട്ടുകൾ പിൻവലിച്ചതാണ് ഈ കുറവിന് കാരണമായി കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും മൊത്തത്തിൽ ടൂറിസ്റ്റുകളുടെ വരവ് ഭേദപ്പെട്ട നിലവാരത്തിലായിരുന്നു.
ടൂറിസത്തിന് വെല്ലുവിളികളെ നേരിടേണ്ടി വന്നുവെങ്കിലും ഒരു ടൂറിസം ‌ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളത്തിന്റെ പ്രശസ്തി ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ ശക്തമായി ഉയർന്നു നിൽക്കുന്നതാണ് നാം കണ്ടത്. ഈ കഴിഞ്ഞ മാർച്ചിൽ ബെർലിനിൽ നടന്ന ഐ.റ്റി.ബി ടൂറിസം മാർട്ടിൽ കേരളത്തിന്റെ 'ഉത്തരവാദിത്ത ടൂറിസ'ത്തെക്കുറിച്ചുള്ള പ്രചരണങ്ങൾക്ക് പ്രശസ്തമായ 'ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ്' ലഭിക്കുകയുണ്ടായി. അതുപോലെതന്നെ ആഗോള തലത്തിൽ സുസ്ഥിര ടൂറിസം വികസനത്തിന് നൽകിയ സംഭാവന കണക്കാക്കി 'യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) കേരള ടൂറിസത്തിന് 'യുലീസ്സസ് അവാർഡ് നൽകുകയുണ്ടായി. ഇക്കഴിഞ്ഞ വർഷം തന്നെ പസഫിക് ഏഷ്യാ ട്രാവൽ അസോസിയേഷൻ (PATA) നൂതന ആശയങ്ങൾ ഉപയോഗിച്ചുള്ള കേരളത്തിന്റെ വിപണന ശ്രമങ്ങൾക്ക് രണ്ട് 'ഗോൾഡ് അവാർഡു'കളാണ് നൽകി ആദരിച്ചത്. ഇതു കൂടാതെ പന്ത്രണ്ട് ദേശീയ ടൂറിസം അവാർഡുകളും കേരള ടൂറിസം നേടി. 2016 ലെ 'കോൺഡ് നാസ്റ്റ് ട്രാവലർ റീഡേഴ്സ് അവാർഡി (Conde Nast Traveller readers Awards) ന് അതിന്റെ വായനക്കാർ ഒരു സർവ്വേയിലൂടെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ ടൂറിസം ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത് കേരളത്തെയാണ്. കൂടാതെ ട്രാവൽ പ്ലസ്സ് ലീഷർ ഇന്ത്യ & സൗത്ത് ഏഷ്യ എന്ന ടൂറിസം മാഗസിന്റെ വായനക്കാരുടെ വോട്ടിംഗിൽ ഇന്ത്യയിലെ ഏറ്റവും ഹൃദ്യമായ 'ഹണിമൂൺ ഡെസ്റ്റിനേഷ'നായി കേരളത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ഇതൊക്കെ കാണിക്കുന്നത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളത്തിന്റെ വളർച്ച തന്നെയാണ്.
ടൂറിസം വികസനത്തിന് ഗവൺമെന്റ് വിവിധമായ നടപടികളും സ്വീകരിച്ചു വരുന്നതിൽ ഏറ്റവും സുപ്രധാനമായ ഒരു കാൽവയ്പ് കേരളത്തിലെ 79 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പാക്കിയ 'ഗ്രീൻ കാർപ്പറ്റ് പദ്ധതി'യാണ്. ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷിതത്വം, ശുചിത്വം, ശാസ്ത്രീയ വേസ്റ്റ് മാനേജ്മെന്റ് നടപടികൾ എന്നിവ ഉറപ്പു വരുത്തുവാൻ ഉദ്ദേശിച്ചുള്ളതാണ് ഗ്രീൻകാർപ്പറ്റ് പദ്ധതി. ഓരോ കേന്ദ്രത്തിലും ടൂറിസത്തിൽ പങ്കാളികളായ സ്ഥാപനങ്ങളേയും വ്യക്തികളേയും സഹകരിപ്പിച്ചു കൊണ്ടുള്ള നടപടി ടൂറിസം വ്യവസായത്തെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനകരമാണ്.
ഇതൊക്കെപ്പറയുമ്പോൾ എല്ലാം വളരെ കുറ്റമറ്റതായിരിക്കുന്നു എന്നർത്ഥമില്ല. നമ്മുടെ ലക്ഷ്യം തന്നെ സുസ്ഥിര ടൂറിസം വികസനത്തിനുള്ള മാർഗ്ഗങ്ങൾ പിൻതുടരുകയും അതിലൂടെ സാമ്പത്തിക പുരോഗതിയും സാമൂഹിക വളർച്ചയും നേടുകയും അതോടൊപ്പം പരിസ്ഥിതി സംസ്കാരം എന്നിവയെ പരിരക്ഷിച്ചു കൊണ്ട് സന്ദർശകർക്ക് ഏറ്റവും ഹൃദ്യമായ അനുഭവം പ്രദാനം ചെയ്യുകയും എന്നുള്ളതാണ്. ഇതോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നുള്ളത് പ്രധാന വിഷയമാണ്.
എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ നമുക്ക് പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. അതിന് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളും ആതിഥേയ അന്തരീക്ഷവും സൃഷ്ടിക്കേണ്ടതുണ്ട്. ടൂറിസത്തിന് മുതൽക്കൂട്ടായ ഓരോ ആകർഷണീയതകളും ആ സ്ഥലങ്ങളും, അനുബന്ധ സൗകര്യങ്ങളും തിട്ടപ്പെടുത്തേണ്ടതായിട്ടുണ്ട്. ഓരോ വ‌ർഷവും ടൂറിസ്റ്റ് സീസണുകൾ വന്നു പോകുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത വേണ്ടത്രയില്ലാത്തതിനാൽ അത് വിപരീത ഫലം സൃഷ്ടിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ അടിയന്തിര പ്രാധാന്യത്തോടുകൂടി നിർവ്വഹിക്കേണ്ടതുണ്ട്. ടൂറിസം വ്യവസായത്തിനുമേലുള്ള ടാക്സേഷൻ വളരെ കൂടുതലായതിനാൽ ചെലവ് കുറഞ്ഞ കേന്ദ്രങ്ങളിലേക്ക് ടൂറിസ്റ്റുകൾ പോയിത്തുടങ്ങിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന നികുതികൾ ശാസ്ത്രീയമായി പുനഃപരിശോധിക്കുന്നത് ഈ വ്യവസായത്തിന് അത്യന്താപേക്ഷിതമാണ്.
വായു, ജലം, ശബ്ദാന്തരീക്ഷം എന്നിവയെ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുക, ഗതാഗത സംവിധാനങ്ങൾ അനുയോജ്യ നിയമങ്ങൾ കൊണ്ട് നിയന്ത്രിക്കുക, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സുരക്ഷ വർദ്ധിപ്പിക്കുക എന്നിവ അത്യന്താപേക്ഷിതമാണ്. ടൂറിസം കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകൾക്ക് ആവശ്യമുള്ള വിവരങ്ങളും സഹായങ്ങളും നൽകുന്ന സൗകര്യങ്ങൾ നിശ്ചയമായും ഉറപ്പാക്കണം. ടൂറിസ്റ്റുകളോട് സത്യസന്ധമായും സൗഹാർദ്ദപരമായും ഇടപെടുന്ന സ്ഥാപനങ്ങളേയും കടകളേയും സർട്ടിഫൈ ചെയ്യുന്നതും പ്രോത്സാഹനം നൽകും. ടൂറിസ്റ്റുകളോട് ഇടപെടുന്ന പൊതുജനങ്ങൾക്ക് ബോധവത്ക്കരണവും പരിശീലനവും നൽകുന്നത് ഈ വ്യവസായത്തിന് അത്യന്താപേക്ഷിതമാണ്.
ടൂറിസം വ്യവസായം സുസ്ഥിരമാതൃകയിലുള്ളതാവണം. അതേ സമയം വ്യവസായം മാതൃകാപരമായി ലാഭമുണ്ടാക്കുകയും വേണം. ഈ സന്തുലനം തന്നെയാവണം നമ്മുടെ ലക്ഷ്യം.
(കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റാണ് ലേഖകൻ)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ