Thursday, 25 May 2017 12.34 PM IST
സർക്കാരിനു തന്നെ ചെയ്യാമായിരുന്നത്
May 18, 2017, 2:00 am
സംസ്ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 5 വരെയായി ഹൈക്കോടതി ദീർഘിപ്പിച്ചുനൽകിയത് സി.ബി.എസ്.ഇ സ്കൂളുകളിൽ പത്താംക്ളാസ് പഠിച്ചിറങ്ങുന്ന പതിനായിരങ്ങൾക്ക് സഹായകമാകും. ഹൈക്കോടതി ഇടപെടൽ ഇല്ലാതെതന്നെ സംസ്ഥാന സർക്കാരിന് ചെയ്യാമായിരുന്ന കാര്യമായിരുന്നു ഇത്. എന്നാൽ വിവരമില്ലായ്മയോ ദുർവാശിയോ കാരണം പ്ളസ് വൺ പ്രവേശന അപേക്ഷ സമർപ്പണം മേയ് 22ന് അവസാനിപ്പിക്കാനാണ് ഹയർ സെക്കൻഡറി അധികൃതർ തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാകും ഇതിന്റെ ഷെഡ്യൂൾ തയ്യാറാക്കപ്പെട്ടതെന്ന് തീർച്ച. സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷാഫലം എല്ലാവർഷവും മേയ് അവസാനമാണ് പുറത്തുവരാറുള്ളത്. സാധാരണ ഗതിയിൽ ഇതിൽ മാറ്റം വരാറുമില്ല. പത്താംക്ളാസ് കഴിഞ്ഞ് സംസ്ഥാന സിലബസിലേക്ക് ചുവടുമാറ്റം നടത്തുന്ന ആയിരക്കണക്കിന് കുട്ടികളുണ്ട്. അവർക്കുകൂടി അപേക്ഷിക്കാൻ പാകത്തിൽ തീയതി ക്രമീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ കർത്തവ്യമാണ്. എന്തുകൊണ്ടോ സി.ബി.എസ്.ഇ എന്ന് കേൾക്കുന്നതേ അലർജിയായ ഒരു വിഭാഗം അപേക്ഷാതീയതി നേരത്തെയാക്കി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മാനസിക സംഘർഷത്തിലാക്കുന്നതിൽ ആഹ്ളാദം കൊള്ളുന്നു. മുൻ വർഷങ്ങളിലും ഇതായിരുന്നു അവസ്ഥ. മുറവിളിയും പ്രതിഷേധവും ശക്തമാകുമ്പോൾ തീയതി ദീർഘിപ്പിക്കുകയും ചെയ്യും. പ്രവേശനം ലഭിക്കുമോ എന്നറിയാതെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ പരക്കം പായുന്നത് സാധാരണമാണ്.
സംസ്ഥാനത്ത് പത്താംക്ളാസ് പരീക്ഷ റിക്കാർഡ് വേഗത്തിൽ പുറത്തുവരുന്നതാണ് അപേക്ഷാതീയതി നേരത്തെയാക്കാനുള്ള കാരണങ്ങളിലൊന്ന്. എന്നാൽ പല ബോർഡുകളുടെയും സിലബസ് പിന്തുടരുന്ന വിദ്യാർത്ഥികൾ ഇവിടെ ഉള്ള സ്ഥിതിക്ക് അവർക്കുകൂടി അവസരം നൽകുമാറ് പ്രവേശന ഷെഡ്യൂൾ നിശ്ചയിക്കേണ്ടത് കേവല മര്യാദയാണ്. ജൂൺ ഒന്നിനുതന്നെ പ്ളസ് വൺ ക്ളാസ് ആരംഭിക്കുകയാണെങ്കിൽ അപേക്ഷിക്കാനുള്ള തീയതി മേയ് 22 ആയി നിശ്ചയിച്ചത് മനസിലാക്കാം. എന്നാൽ, ട്രയൽ അലോട്ട്മെന്റും മുഖ്യ അലോട്ടുമെന്റുമൊക്കെ കഴിഞ്ഞ് ജൂൺ മൂന്നാംവാരമേ ക്ളാസുകൾ തുടങ്ങൂഎന്നതിനാൽ അപേക്ഷ നേരത്തെ വാങ്ങി സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല, അപേക്ഷ സ്വീകരിക്കുന്നത് ഒാൺലൈൻ വഴിയാണ്. റാങ്ക് നിർണയവും അലോട്ട്മെന്റും ഉൾപ്പെടെ എല്ലാം കമ്പ്യൂട്ടർ വഴിയാകുമ്പോൾ സമയലാഭവും ഉണ്ട്. ഇതൊക്കെ ചുമതലപ്പെട്ടവർക്കെല്ലാം അറിയാം. പിന്നെ എന്തിനായിരുന്നു അപേക്ഷാസമർപ്പണത്തിന് ഇത്ര ധൃതി കാണിച്ചത്?‌ എല്ലാവിഭാഗം കുട്ടികൾക്കും പഠനാവസരങ്ങൾ തുല്യമായി ലഭ്യമാക്കുകയല്ലേ സർക്കാരിന്റെ ധർമ്മം? വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എന്തുകാര്യവും കോടതി തീർപ്പിന് വിധേയമാകേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അപേക്ഷാതീയതി നീട്ടാൻവേണ്ടിയും കോടതി ഇടപെടേണ്ട സാഹചര്യമുണ്ടായത് നിർഭാഗ്യകരമാണ്.
പുതിയ അദ്ധ്യയനവർഷം പിറക്കുംമുൻപുതന്നെ അന്തരീക്ഷം കലുഷമാകാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ കാണാം. മെഡിക്കൽ പി.ജി. ഫീസ് വർദ്ധയെച്ചൊല്ലി ഒരുവിഭാഗം വിദ്യാർത്ഥി സംഘടനകൾ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. ഒറ്റയടിക്ക് ഫീസ് മൂന്നിരട്ടിയിലേറെയായി വർദ്ധിപ്പിച്ചിട്ടും പോരെന്ന നിലയിൽ മുറുമുറുക്കുന്ന സ്വാശ്രയ മാനേജ്മെന്റുകൾ വീണ്ടുമൊരു ഏറ്റുമുട്ടലിന്റെ പാതയിലാണ്. അതിസമ്പന്നർക്കുമാത്രമേ മെഡിക്കൽ പി.ജി. പഠനം പൂർത്തിയാക്കാനാവൂ എന്ന നിലയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. കോടതിയും സർക്കാരും മാനേജ്മെന്റുകളും ചേർന്ന് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗം തനി കച്ചവടമാക്കി മാറ്റിക്കഴിഞ്ഞു. 'നീറ്റ്' പ്രാബല്യത്തിലായതോടെ എല്ലാം നല്ല നിലയിലായി എന്ന് ആശ്വസിച്ചപ്പോഴാണ് ഇടിത്തീയായി ഫീസ് ഘടന ഉയർന്നുവന്നിരിക്കുന്നത്. എം.ബി.ബി.എസ്, എൻജിനീയറിംഗ് പ്രവേശനവും ഫീസ് നിർണയവും നടക്കാനിരിക്കുന്നതേയുള്ളൂ. അതിന്റെ ഗതി എന്താകുമോ എന്തോ.
സംസ്ഥാന ഹയർ സെക്കൻഡറിയിലെ റിക്കാർഡ് വിജയം ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ സമ്മർദ്ദവും സംഘർഷവുമാണ് സൃഷ്ടിക്കാൻ പോകുന്നത്. കോളേജ് പ്രവേശനം പലർക്കും വെല്ലുവിളി തന്നെയാകും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ