സർക്കാർ എല്ലാം ശരിയാക്കി;പാരിപ്പള്ളി മെഡി. കോളേജ് റെഡി
May 18, 2017, 1:59 am
എം.എച്ച് വിഷ്‌ണു
മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടിയ 26കുറവുകളും പരിഹരിച്ചു

തിരുവനന്തപുരം: ആറുമാസം കൊണ്ട് പോരായ്‌മകളെല്ലാം പരിഹരിച്ച് നൂറു മിടുമിടുക്കർക്ക് എം.ബി.ബി.എസ് പ്രവേശനം നൽകാൻ പാരിപ്പള്ളി മെഡിക്കൽകോളേജ് ഒരുങ്ങി. വർഷങ്ങൾ നീണ്ട തർക്കങ്ങൾക്കും ആലസ്യത്തിനുമൊടുവിൽ സുപ്രീംകോടതിയുടെ ലോധകമ്മിറ്റി നിർദ്ദേശിച്ച കുറവുകളെല്ലാം മിന്നൽവേഗത്തിൽ പരിഹരിച്ചു. മെഡിക്കൽകൗൺസിൽ കണ്ടെത്തിയ 26 കുറവുകൾ പരിഹരിച്ചതായി അഡി.ചീഫ്സെക്രട്ടറി രാജീവ്സദാനന്ദൻ കേന്ദ്രസർക്കാരിനെയും ലോധകമ്മിറ്രിയെയും അറിയിച്ചു.
അദ്ധ്യാപകരുടെയും സൗകര്യങ്ങളുടെയും കുറവ് ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിലും കേന്ദ്രസർക്കാരും പാരിപ്പള്ളിയിലെ പ്രവേശനം തടഞ്ഞത്. ഇടുക്കി, തിരുവനന്തപുരം ജനറൽ ആശുപത്രി മെഡിക്കൽ കോളേജുകളിൽ നിയമിച്ചിരുന്ന ഡോക്ടർമാരെയും പ്രൊഫസർമാരെയും പാരിപ്പള്ളിയിലേക്ക് മാറ്റിയതോടെ 59ഫാക്കൽറ്റി വേണ്ടിടത്ത് ഇപ്പോൾ സീനിയർ റസിഡന്റ്‌മാരടക്കം 89പേരായി. 19വകുപ്പുകൾ സജ്ജമാക്കി. ഇ.എൻ.ടി, കണ്ണ്, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, ലാപ്പറോസ്‌കോപി തുടങ്ങിയ വിഭാഗങ്ങളിൽ ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കിയതോടെ ദിവസേന ശരാശരി 12ശസ്ത്രക്രിയകൾ നടക്കുന്നു. വാർഡുകളിൽ 180 രോഗികളായി. എം.സി.ഐ പരിശോധനാ സമയത്ത് വാർഡുകളിൽ 22പേരേ ഉണ്ടായിരുന്നുള്ളൂ. ഒ.പിയിൽ ദിവസവും 1500രോഗികളായി.

സൗകര്യങ്ങൾ
മെഡിക്കൽകൗൺസിൽ ചൂണ്ടിക്കാട്ടിയ ലേബർറൂം, തിയേറ്ററുകൾ, ഐ.സി.യു എന്നീ കുറവുകളെല്ലാം പരിഹരിച്ചു.
ബ്ലഡ്ബാങ്ക്, സർജറി, പീഡിയാട്രിക്, ന്യൂബോൺ അടക്കം 60കിടക്കകളുള്ള ഐ.സി.യു.
പനിരോഗികൾക്കായി ഫീവർ ഐ.സി.യു.
അഞ്ച് അൾട്രാസൗണ്ട് സ്‌കാനറുകൾ വാങ്ങി.
സി.ടി.സ്കാനറുകൾക്ക് പർച്ചേസ് ഓർഡർ നൽകി.
ഒ.പി കമ്പ്യൂട്ടറൈസ്ഡ് ചെയ്തു.
മെഡിക്കൽ റെക്കാർഡ്സ് അന്താരാഷ്ട്ര നിലവാരത്തിലാക്കി. 240പേർക്കുള്ള വലിയ ക്ലാസ്‌മുറിയും 120പേർക്കു വീതമുള്ള രണ്ടെണ്ണവും 60പേർക്ക് വീതമുള്ള നാല് ഡെമോൺസ്ട്രേഷൻ മുറികളും. ഫിസിയോളജി, അനാട്ടമി, ബയോകെമസ്ട്രി, പത്തോളജി, മൈക്രോബയോളജി എന്നിവയിൽ 25പേർക്കു വീതമുള്ള ലബോറട്ടികൾ. 120 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകളും മുറികളിൽ കട്ടിൽ, അലമാര, മേശ, കസേര. 120ഇന്റേണികൾക്കും ഹോസ്റ്റൽ സൗകര്യം.
1500പുസ്തകങ്ങളുള്ള ലൈബ്രറി ഉടൻ ഡിജിറ്റലാക്കും.
ആശുപത്രിയും ക്ലാസ്‌മുറികളും ശീതീകരിച്ചു.

കുരുക്കഴിക്കാൻ
74കോടി

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൗകര്യങ്ങളൊരുക്കാൻ 54കോടിരൂപ സർക്കാർ അനുവദിച്ചു. മെഡിക്കൽ സർവീസസ് കോർപറേഷൻ, കെ.എച്ച്.ആർ.ഡബ്യു.എസ് വഴി 20കോടിയിലേറെയും നൽകി.

പുതിയ വാർഡുകൾ നിർമ്മിക്കാൻ 5കോടി
തിയേറ്ററുകൾ നവീകരിക്കാൻ 4കോടി
ഒ.പി വിപുലമാക്കാൻ 3.75കോടി
ലേബർറൂമിനോട് ചേർന്ന് എമർജൻസി തിയേറ്ററിന് 85ലക്ഷം
കാത്ത് ലാബിന് 8കോടി
20കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റിന് 6കോടി
മണിക്കൂറിൽ 200സാമ്പിൾ പരിശോധിക്കുന്ന ഓട്ടോഅനലൈസർ-40ലക്ഷം
കമ്പ്യൂട്ടറൈസ്ഡ് എക്സ്‌റേ-25ലക്ഷം
ഫാക്കൽറ്റി പരിശീലനത്തിന് 80ലക്ഷം
മെറ്റേണൽ കാഷ്വാൽറ്റി, വേസ്റ്റ് മാനേജ്മെന്റ്-2കോടി
ഒഫ്താൽമോളജിയിൽ ലേസർ ചികിത്സ
വേദനരഹിതമായ ലാപ്രോ‌സ്കോപിക് സർജറികൾ


150കോടിയുടെ
പദ്ധതി വരുന്നു

കാർഡിയോളജി, സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കുകൾ തുടങ്ങാൻ 150കോടിയുടെ പദ്ധതി ഇന്നലെ സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ ആർദ്രം മിഷനിൽനിന്ന് കൂടുതൽ ഫണ്ട് തേടിയിട്ടുണ്ട്.

''അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കിയത് ആറുമാസം കൊണ്ടാണ്. സർക്കാർ സഹായിച്ചതിനാൽ പണത്തിന് പ്രശ്‌നമുണ്ടായില്ല. ഇനി ക്ലാസ് തുടങ്ങിയാൽ മതി.''

--ഡോ.കെ.വി വിശ്വനാഥൻ
മെഡിക്കൽ സൂപ്രണ്ട്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ