Saturday, 24 June 2017 7.41 PM IST
ജീവനെടുക്കുന്ന മാലിന്യ പ്രശ്നം
June 14, 2017, 2:00 am
അയൽവാസിയും ബന്ധുവുമായ ആൾ തന്റെ പറമ്പിലേക്കു മാലിന്യം ഇട്ടതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ അറുപതുകാരിയായ വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ച അത്യധികം ദാരുണമായ സംഭവം നടന്നത് കോഴഞ്ചേരിയിലാണ്. സംസ്ഥാനത്ത് മാലിന്യപ്രശ്നം എത്രമേൽ മനുഷ്യരുടെ സ്വൈരം കെടുത്തുന്നുണ്ടെന്നുള്ളതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്. ജീവിതം തന്നെ അസാദ്ധ്യമാക്കുന്ന വിധത്തിലാണ് പല സ്ഥലത്തും മാലിന്യ നിക്ഷേപം നടന്നുവരുന്നത്. നഗരങ്ങളും പട്ടണങ്ങളും മാത്രമല്ല ശുദ്ധിയും വെടിപ്പുമുണ്ടായിരുന്ന ഗ്രാമങ്ങൾ പോലും വലിയ കുപ്പത്തൊട്ടികൾക്കു മുകളിലാണ് ഇന്നു കഴിയുന്നത്. മാലിന്യ ശേഖരണവും സംസ്കരണവും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽപ്പെട്ട കാര്യമാണ്. എന്നാൽ ഒരിടത്തും ആ ചുമതല കൃത്യമായി നിർവഹിക്കപ്പെടുന്നില്ല. മാലിന്യ സംസ്കരണത്തിന്റെ അഭാവത്താൽ പലതരത്തിലുള്ള പകർച്ചവ്യാധികൾ വ്യാപകമായിട്ടുപോലും ആദ്യം പരിഹാരം കാണേണ്ട ഈ പ്രശ്നത്തിൽ ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ല. പൊതുജനാരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിൽ മികവു കാണിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള അവാർഡ്‌‌ ദാനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചതും മാലിന്യ പ്രശ്നത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശക്തിയായി ഇടപെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. പ്രഥമവും പ്രധാനവുമായ ഈ കടമ വിസ്മരിച്ചുകൊണ്ട് മറ്റ് എന്തൊക്കെ നേട്ടമുണ്ടാക്കിയാലും ഫലമുണ്ടാകാൻ പോകുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പണത്തിന്റെ കുറവല്ല ഇതിനു കാരണം. ശാസ്ത്രീയവും പ്രവർത്തനക്ഷമവുമായ മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രദ്ധ കാണിക്കുന്നില്ലെന്നതാണ് പ്രശ്നം. പകർച്ചപ്പനി ഉൾപ്പെടെ നാനാതരം വ്യാധികളാൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്. എവിടെയും കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളാണ് പകർച്ചവ്യാധികൾ കൊണ്ടുവരുന്നതെന്ന് എല്ലാവർക്കും നന്നായി അറിയുകയും ചെയ്യാം. എന്നാൽ എങ്ങനെ ഈ മാലിന്യങ്ങൾ സംഭരിച്ച് സംസ്കരിക്കാമെന്ന കാര്യം മാത്രം ആലോചനയിലില്ല.
രോഗികൾക്ക് അഭയകേന്ദ്രങ്ങളായ ആശുപത്രികൾ ഏറ്റവും വലിയ ആരോഗ്യഭീഷണി ഉയർത്തുകയാണ്. വെറും പനിയുമായി ആശുപത്രിയിലെത്തുന്നവർ കൂട്ടത്തിൽ വേറെ പകർച്ചവ്യാധികളുമായി മടങ്ങേണ്ട ദുസ്ഥിതിയാണ്. ഉപയോഗശേഷമുള്ള കുപ്പികളും സിറിഞ്ചുകളും മറ്റ് അവശിഷ്ടങ്ങളും മാത്രമല്ല, ശരീരഭാഗങ്ങളും തുറസായ സ്ഥലത്ത് ഉപേക്ഷിക്കപ്പെടുന്ന നിലയിലേക്ക് മെഡിക്കൽ കോളേജ് ആശുപത്രികൾ പോലും ശുചിത്വ വിഷയത്തിൽ പ്രാകൃതാവസ്ഥയിലെത്തിയിരിക്കുന്നു.
മനുഷ്യർ ജീവിക്കുന്ന എല്ലാ രാജ്യങ്ങളിലും മാലിന്യങ്ങളും അത് സംസ്കരിക്കാനുള്ള ഏർപ്പാടുകളുമുണ്ട്. ഇവിടെ മാത്രം അതിനുള്ള സംവിധാനം ഒരുക്കാനാകാത്തത് അതിനു ചുമതലപ്പെട്ടവർ ശുഷ്കാന്തിയും താത്‌പര്യവും കാണിക്കാത്തതുകൊണ്ടാണ്. ഈ അലംഭാവം തുടർന്നാൽ സംസ്ഥാനം എവിടെ ചെന്നെത്തുമെന്നു പറയാനാകില്ല. ആരോഗ്യരംഗത്ത് ഇതിനകം സൃഷ്ടിക്കാൻ കഴിഞ്ഞ നേട്ടങ്ങളെ നിഷ്‌പ്രഭമാക്കും വിധത്തിലാണ് ഓരോ വർഷവും പകർച്ചവ്യാധികൾ പടരുന്നതും മരണസംഖ്യ ഉയരുന്നതും. നഗരങ്ങളിലും പട്ടണങ്ങളിലും ആധുനിക മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാൻ വിപുലമായ കർമ്മപദ്ധതി തയ്യാറാക്കണം. സമയബന്ധിതമായി അതു പ്രാവർത്തികമാക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കുകയും വേണം. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ മുഖ്യ പരിഗണന ഇതിനു തന്നെയാകണം.
ഗംഗാ നദി മലിനമാക്കുന്നവരെ കർക്കശമായി ശിക്ഷിക്കാൻ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനായുള്ള കരടു ബിൽ തയ്യാറായിക്കഴിഞ്ഞു. ഗംഗ, യമുനാ നദികൾക്ക് മനുഷ്യതുല്യമായ പദവി നൽകി കോടതി വിധി വന്ന സാഹചര്യത്തിൽ അവയുടെ പുനരുദ്ധാരണത്തിനുള്ള നടപടികളുമായി കേന്ദ്രവും ബന്ധപ്പെട്ട സംസ്ഥാനങ്ങളും മുന്നോട്ടുവരുന്നത് ശുഭോദർക്കമാണ്. നദിയിലെ ഏതു തരത്തിലുള്ള മലിനീകരണവും തടവും പിഴയും ക്ഷണിച്ചുവരുത്തുന്ന കുറ്റമായി പരിഗണിക്കും. നദിയുടെ ഒഴുക്ക് തടസപ്പെടുത്തിയാൽ പിഴ നൂറു കോടി രൂപയാണ്. ഗംഗാ ശുചീകരണ പദ്ധതിക്കായി ഇതിനകം ഒഴുക്കിയ കോടികൾക്കു കണക്കില്ല. ഇപ്പോഴും മലിനവാഹിനിയായി അവ ഒഴുകുന്നു. കർക്കശ വ്യവസ്ഥകളോടെ പുതിയ നിയമം പ്രാബല്യത്തിലാകുമ്പോഴെങ്കിലും ഗംഗ രക്ഷപെട്ടാൽ മതിയായിരുന്നു. നാല്പത്തിനാലു നദികളും അനവധി കായലുകളും എണ്ണമറ്റ നീരുറവകളുമുള്ള കേരളത്തിൽ ജലസ്രോതസുകളെല്ലാം ആർത്തി മൂത്ത മനുഷ്യന്റെ പലവിധ കൈയേറ്റങ്ങളാൽ മൃതപ്രായത്തിലെത്തി നിൽക്കുകയാണ്. മാലിന്യനിക്ഷേപത്തിനുള്ള ഏറ്റവും പറ്റിയ ഇടങ്ങളായി മനുഷ്യർ അവയെ മാറ്റിക്കഴിഞ്ഞു. മണലെടുത്തും കരകൾ വൻതോതിൽ കൈയേറിയും പാറ പൊട്ടിച്ചും മാഫിയകൾ വളരുന്നതിനൊപ്പം അമ്പേ തളരുന്നത് നദികളും പുഴകളുമൊക്കെയാണ്. ജലസ്രോതസുകൾ മലിനപ്പെടുത്തുന്നത് തടയാൻ ഇവിടെയും നിയമമുണ്ടാക്കിയിട്ടുണ്ട്. എത്ര കൊടിയ മലിനീകരണം ഉണ്ടായിട്ടും ഒരാൾക്കു പോലുമെതിരെ ഇന്നേവരെ നിയമം നീണ്ടു ചെന്നിട്ടില്ലെന്നു മാത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ