Saturday, 24 June 2017 7.42 PM IST
തെറ്റു തിരുത്തി കേരള സർവകലാശാല
June 15, 2017, 12:02 am
പ്രത്യാഘാതങ്ങളെക്കുറിച്ച് അശേഷം ആലോചിക്കാതെ വ്യക്തികൾക്കു എന്തു തീരുമാനവുമെടുക്കാം. അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ആ വ്യക്തി മാത്രമായിരിക്കും. എന്നാൽ അധികാര കേന്ദ്രങ്ങൾ ഏതു തീരുമാനമെടുക്കുന്നതിനു മുൻപും പലവട്ടം ആലോചിക്കേണ്ടതുണ്ട്. സമൂഹത്തിന് ദോഷമുണ്ടാക്കുന്നതോ അവകാശങ്ങൾ ഹനിക്കുന്നതോ ആണു തീരുമാനമെങ്കിൽ അതു സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ കുറച്ചൊന്നുമായിരിക്കില്ല. ഭരണകൂടങ്ങൾ വീണ്ടുവിചാരം കൂടാതെ എടുത്ത പല തീരുമാനങ്ങൾക്കെതിരെയും സമൂഹം പ്രക്ഷോഭമാർഗത്തിലേക്കു തിരിയാൻ നിർബന്ധിതമായതിന്റെ അനവധി ഉദാഹരണങ്ങൾ മുന്നിലുണ്ട്. വിദ്യാഭ്യാസ രംഗത്തെ ബാധിക്കുന്ന പല തീരുമാനങ്ങളും ഗുണത്തേക്കാളേറെ ദോഷകരമായിട്ടാണു ഭവിക്കാറുള്ളത്. ഈ ഗണത്തിൽപ്പെടുത്താവുന്നതാണ് ഉപരിപഠനത്തിന് പ്രൈവറ്റ് രജിസ്ട്രേഷൻ നിറുത്തലാക്കിക്കൊണ്ട് സമീപകാലത്ത് കേരള സർവകലാശാലാ തീരുമാനം. സർവകലാശാലയ്ക്കോ സർക്കാരിനോ ഒരുവിധ ബാദ്ധ്യതയുമില്ലാതെ നടന്നുവന്ന പ്രൈവറ്റ് രജിസ്ട്രേഷൻ പഠന സമ്പ്രദായം ഒരു സുപ്രഭാതത്തിൽ അവസാനിപ്പിക്കാൻ സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം ആയിരക്കണക്കിനു വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നതായിരുന്നു. സംസ്ഥാനത്തെ മറ്റു സർവകലാശാലകൾ പ്രൈവറ്റ് പഠനം അനുവദിക്കുമ്പോൾ കേരള സർവകലാശാല അതിനു വിലക്കു കല്പിച്ചതിനു പിന്നിലെ ചേതോവികാരം മനസിലാക്കാൻ വിഷമമാണ്. ഏതായാലും വിദ്യാർത്ഥികളിൽ നിന്നുള്ള വ്യാപകമായ പ്രതിഷേധത്തിനു മുന്നിൽ വിവാദ തീരുമാനം പുനഃപരിശോധിക്കാൻ സിൻഡിക്കേറ്റ് യോഗം നടപടി എടുത്തത് നന്നായി. ഉപരിപഠനം ആഗ്രഹിക്കുന്ന പതിനായിരങ്ങൾക്കു ഗുണം ലഭിക്കുന്നതാണ് പ്രൈവറ്റ് രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചുകൊണ്ടുള്ള സിൻഡിക്കേറ്റ് തീരുമാനം.
വിദൂര പഠനകേന്ദ്രങ്ങൾ സർവകലാശാലയ്ക്കു കീഴിലുള്ളപ്പോൾ എന്തിനു പ്രൈവറ്റ് രജിസ്ട്രേഷനു പോകണം എന്ന ചോദ്യത്തിൽ നിന്നാണ് ഈ സൗകര്യം നിറുത്തലാക്കാനുള്ള തീരുമാനമുണ്ടായത്. എന്നാൽ സർവകലാശാലയുടെ വിദൂര പഠന കേന്ദ്രങ്ങളുടെ സ്ഥിതി അത്രയൊന്നും മെച്ചമല്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. ഇതിനെക്കാൾ കുട്ടികൾക്കു താത്‌‌പര്യം പാരലൽ സ്ഥാപനങ്ങളിൽ ചേർന്നു പഠിക്കാനാണ്. വിദൂര പഠന കേന്ദ്രങ്ങൾ നൽകുന്നതിനെക്കാൾ പഠന സൗകര്യങ്ങൾ ഉറപ്പാക്കുന്നതുകൊണ്ടാണ് കൂടുതൽ പേരും പ്രൈവറ്റ് രജിസ്ട്രേഷനെ ആശ്രയിക്കുന്നത്.
ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയ ശതമാനം നൂറിലെത്തിക്കാൻ സർക്കാർ പാടുപെടുകയാണ്. എന്നാൽ ഉപരിപഠന യോഗ്യത നേടി പുറത്തുവരുന്ന ലക്ഷക്കണക്കിനു കുട്ടികൾക്കെല്ലാം ഭാവി പഠന സൗകര്യം ഒരുക്കാൻ സർക്കാരിനു കഴിയാറില്ല. ഏതു നിലയിൽ നോക്കിയാലും അത് അസാദ്ധ്യവുമാണ്. ആ നിലയ്ക്ക് വലിയൊരു വിഭാഗത്തിന് ആശ്രയം സമാന്തര പഠന കേന്ദ്രങ്ങൾ തന്നെയാണ്. വർഷങ്ങളായി നല്ല നിലയിൽ നടക്കുന്ന അനവധി സ്ഥാപനങ്ങളുണ്ട്. കോളേജുകളിൽ ലഭ്യമായ പഠന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നവയാണ് ഇവയിലധികവും. ഉയർന്ന മാർക്ക് നേടിയവരിൽത്തന്നെ വലിയൊരു വിഭാഗത്തിന് കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണു ഇന്നുള്ളത്. സാഹചര്യം ഇതായിരിക്കെ പ്രൈവറ്റ് രജിസ്ട്രേഷൻ സൗകര്യം കൂടി നിഷേധിച്ചാലുണ്ടാകാവുന്ന ദുസ്ഥിതി വലിയ സമൂഹ്യപ്രശ്നം തന്നെയാണ്. സർവകലാശാല മറന്നതും കുട്ടികൾ പ്രതിഷേധിച്ചപ്പോൾ വിവേകമുദിച്ച് തീരുമാനം മാറ്റിയതും അതുകൊണ്ടാണ്. പഠനം മുടക്കാനല്ല, പഠന സൗകര്യങ്ങൾ വിപുലപ്പെടുത്തുകയെന്നതാകണം സർവകലാശാലകളുടെ ദൗത്യം.
വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമ്പോൾ അങ്ങേയറ്റം കരുതലുണ്ടാകണമെന്നു പറയുന്നത് വെറുതെയല്ല. പതിനായിരങ്ങളെ ബാധിക്കുമെന്നതു കൊണ്ടാണ്. സർക്കാരായാലും സർവകലാശാലകളായാലും കോടതികളായാലും പ്രഥമ പരിഗണന നൽകേണ്ടത് വിദ്യാർത്ഥികളുടെ താത്‌പര്യത്തിനായിരിക്കണം. നിർഭാഗ്യവശാൽ പലപ്പോഴും ഇതിനു വിരുദ്ധമായാണ് കാര്യങ്ങൾ കലാശിക്കാറുള്ളത്. പതിനൊന്നു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ എഴുതിയ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ കാര്യം ഇതിനുദാഹരണമാണ്. മേയിൽ നടന്ന പരീക്ഷയുടെ ഫലം ജൂൺ 8-നു പുറത്തുവരേണ്ടതായിരുന്നു. ഇംഗ്ളീഷിനു പുറമെ ഏഴു പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. ഇംഗ്ളീഷിലും പ്രാദേശിക ഭാഷകളിലുമുള്ള ചോദ്യങ്ങൾ വ്യത്യസ്ത സ്വഭാവത്തിലായതിനാൽ അവസരം നഷ്ടപ്പെടുമെന്ന പരാതിയുമായി തമിഴ്‌നാട്ടിലുള്ള ആരോ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനു സ്റ്റേയും നൽകി. ഫലമറിയാൻ ലക്ഷക്കണക്കിനു കുട്ടികൾ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണെന്ന് അറിയാഞ്ഞിട്ടല്ല. ഹർജി തീർപ്പാക്കാനോ സ്റ്റേ വെക്കേറ്റു ചെയ്യാനോ നടപടി ഉണ്ടായില്ല. പരീക്ഷ നടത്തിയ സി.ബി.എസ്.ഇ ഇക്കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചാണ് സ്റ്റേ ഒഴിവാക്കിയെടുത്തതും പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള അനുവാദം സമ്പാദിച്ചതും. നീറ്റ് പരീക്ഷയും പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ മേലിൽ സുപ്രീംകോടതി മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ എന്ന തീരുമാനവും കൂട്ടത്തിലുണ്ടായി. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങൾ ഒഴിഞ്ഞ നേരമില്ലെന്നായിട്ടുണ്ട്. വിധിയിലെ പഴുതുകളും അവ്യക്തതയും പലപ്പോഴും തല്പരകക്ഷികൾ അവസരമാക്കിയെടുക്കുകയാണു പതിവ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ