Saturday, 24 June 2017 7.41 PM IST
ജി.എസ്.ടി വന്നാലെങ്കിലും രക്ഷയുണ്ടാകുമോ?
June 13, 2017, 2:59 am
രാജ്യത്തിനൊട്ടാകെ ബാധകമായ ഏകീകൃത ചരക്കുസേവന നികുതി സമ്പ്രദായം ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്താനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും പട്ടികയും നികുതി നിരക്കും തയ്യാറായിക്കഴി‌ഞ്ഞു. ലോട്ടറി ടിക്കറ്റ് പോലെ വിരലിലെണ്ണാവുന്നവയുടെ നികുതിയുടെ കാര്യത്തിൽ മാത്രമാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ധാരണയാകാത്തത്. അടുത്ത തിങ്കളാഴ്ച നടക്കുന്ന അവസാനവട്ടം ജി.എസ്.ടി കൗൺസിൽ യോഗം അവശേഷിക്കുന്ന ഇനങ്ങളുടെ നികുതി നിരക്കും അന്തിമമായി നിശ്ചയിക്കുന്നതോടെ വർഷങ്ങളായി കാത്തിരിക്കുന്ന പുതിയ ചരക്കു- സേവന നികുതി സമ്പ്രദായം നടപ്പിലാകും.
ജി.എസ്.ടിയിൽ വില കൂടുന്നതും വിലകുറയുന്നതുമായ ഉത്പന്നങ്ങളുടെ പട്ടിക പലഘട്ടങ്ങളിലായി പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ നേരത്തേ നിശ്ചയിച്ച നികുതിയിൽ കുറവ് വരുത്തിയ 66 ഉത്പന്നങ്ങളുടെ പട്ടികയും വന്നിട്ടുണ്ട്. സംസ്ഥാനങ്ങളുടെയും വ്യവസായികളുടെയും പരാതികൾ കണക്കിലെടുത്താണ് ഈ മാറ്റം. ചെറുകിട വ്യവസായികളുടെ താത്പര്യസംരക്ഷണാർത്ഥം അനുമാന നികുതി നൽകേണ്ടവരുടെ വാർഷിക വിറ്റുവരവ് പരിധി നിലവിലുള്ള 50 ലക്ഷം രൂപയിൽ നിന്ന് 75 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
നേരത്തേ നിശ്ചയിച്ച നികുതിയിൽ കുറവ് വരുത്തിയ 66 ഇനങ്ങളുടെ കൂട്ടത്തിൽ പ്രമേഹരോഗികൾക്കുള്ള ഇൻസുലിൻ, സ്കൂൾബാഗ്, കയർ, കശുഅണ്ടി, കുട്ടികൾക്കുള്ള കളർബുക്ക്, അഗർബത്തി, ടാർപോളിൻ, കമ്പ്യൂട്ടർ പ്രിന്റർ തുടങ്ങിയവയാണുള്ളത്. നിരക്ക് കുറച്ചതു കൊണ്ടുമാത്രമായില്ല. അതിന്റെ ഗുണം ഉപഭോക്താവിലെത്തുമെന്ന് ഉറപ്പാക്കുകയും വേണം.
നികുതിഘടനയിൽ എന്തൊക്കെ പരിഷ്കാരം വരുത്തിയാലും അതുകൊണ്ടുള്ള പ്രയോജനം ഉപഭോക്താവിൽ എത്താറില്ലെന്നതാണ് പൊതുവേയുള്ള അനുഭവം. കഴിഞ്ഞ പത്തുപതിനഞ്ചു വർഷത്തെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റ് നിർദ്ദേശങ്ങൾ പരിശോധിച്ചാൽ ഇതു ബോദ്ധ്യമാകും. ഈ കാലയളവിൽ വൻ വ്യവസായികളും വ്യാപാരികളും നികുതി ഇളവുകൾ വഴി ലക്ഷക്കണക്കിന് കോടികൾ ലാഭമുണ്ടാക്കിയപ്പോൾ ഉപഭോക്താക്കൾ ഒരു നേട്ടവും ഉണ്ടാക്കിയില്ല. അരി ഉൾപ്പെടെ അവശ്യ ഭക്ഷ്യവസ്തുക്കളെ നികുതി വിമുക്തമാക്കുകയോ നാമമാത്ര നികുതി ചുമത്തുകയോ ചെയ്തിട്ടുണ്ടെങ്കിലും ഇവയുടെ വില ഒരു നിയന്ത്രണവുമില്ലാത്ത രീതിയിൽ കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. പൂഴ്ത്തിവയ്പും കരിഞ്ചന്തയും കച്ചവടത്തിന്റെ അവിഭാജ്യഘടകമായി മാറുന്നതാണ് ശമനമില്ലാത്ത വിലക്കയറ്റത്തിന്റെ മുഖ്യകാരണം. ഉത്പന്നങ്ങൾക്കു മുടക്കുമുതൽ പോലും ലഭിക്കാതെ കർഷകർ രാജ്യമൊട്ടാകെ പ്രക്ഷോഭത്തിലാണിപ്പോൾ. അതേസമയം വിപണിയിൽ കാർഷികോത്പന്നങ്ങൾക്കെല്ലാം തീവിലയാണ് താനും. നികുതി നിരക്കുകളുമായി പുലബന്ധം പോലുമില്ലാതെയാണ് സാധനവിലയിലുണ്ടാകുന്ന മാറ്റങ്ങൾ. പരമാവധി വില്പന വില എന്ന ലേബൽ ഉപഭോക്താവിനെ പറ്റിക്കാനുള്ള ഏർപ്പാടായിത്തീർന്നിരിക്കുന്നു.
ഉത്പാദനത്തിലുണ്ടാകുന്ന ഇടിവ് കാർഷികോത്പന്ന വിലക്കയറ്റത്തിൽ പ്രതിഫലിക്കുമെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്ക് ഇപ്പോൾ അനുഭവപ്പെടുന്ന വിലക്കയറ്റം അഭൂതപൂർവമാണെന്നു തന്നെ പറയാം. നല്ല അരിയുടെ വില അൻപത്തിയഞ്ചു രൂപയിലെത്തി എന്ന വാർത്ത വായിച്ച് ഞെട്ടാത്തവർ കുറവായിരിക്കും. എല്ലായിനം അരിക്കും അഞ്ചും പത്തും എന്ന തോതിൽ വില കയറുന്നുണ്ട്. നെല്ലുസംഭരണ വിലയുമായി ഒരു പൊരുത്തവുമില്ലാത്ത വിധമാണ് വിപണിയിൽ അരിവില. റേഷൻ സംവിധാനം പാടേ കുത്തഴിയുകയും സർക്കാർ ഏജൻസികളുടെ വിപണി സാന്നിദ്ധ്യം നാമമാത്രമാകുകയും ചെയ്തത് മൊത്ത വ്യാപാരികൾക്ക് ലാഭം കൊയ്യാനുള്ള എളുപ്പവഴിയായിരിക്കുകയാണ്. ചെറിയ ഉള്ളിയുടെ വില 130 രൂപയിലെത്തിയത് അതിന്റെ ഉത്പാദനത്തിൽ പല കാരണങ്ങളാൽ സംഭവിച്ച ഇടിവുമൂലമാകാമെന്നു സമാധാനിക്കാം. എന്നാൽ മറ്റ് അവശ്യസാധനങ്ങളുടെ വിലയിൽ ഒരു വർഷത്തിനിടയിലുണ്ടായ വർദ്ധനയ്ക്ക് പ്രത്യേകിച്ച് കാരണമൊന്നും പറയാനാകില്ല. പയർ- പരിപ്പു വർഗങ്ങൾക്ക് കഴിഞ്ഞ സീസണിൽ റെക്കാഡ് വിളവെടുപ്പായിട്ടും അവയുടെ വില കുറയാത്തത് വ്യാപാരികളുടെ ലാഭക്കൊതി കാരണമാണ്. മഹാരാഷ്ട്രയിൽ കരിമ്പുത്പാദനം സർവകാല റെക്കാഡിലെത്തിയപ്പോഴാണ് പഞ്ചസാരയ്ക്ക് വില അൻപത് രൂപയ്ക്കടുത്തെത്തി നിൽക്കുന്നത്. ഉത്തരേന്ത്യയിൽ പയർ - പരിപ്പു വർഗങ്ങൾക്കും നല്ല വിളവെടുപ്പായിരുന്നു. വിപണികളിൽ അവ വന്നു നിറഞ്ഞതോടെ പ്രതിസന്ധിയിലായത് പതിവുപോലെ കർഷകരാണ്. പ്രാദേശിക വിപണിയിൽ തറവില പോലും ലഭിക്കാതെ അവർ വല‌ഞ്ഞു. മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും മറ്റും നടന്ന കർഷക പ്രക്ഷോഭത്തിന്റെ കാരണങ്ങളിലൊന്ന് കാർഷികോത്പന്ന വിലയിലുണ്ടായ വൻ ഇടിവാണ്. വ്യാപാരികൾക്കും ഇടനിലക്കാർക്കുമാണ് വിളസമൃദ്ധിയുടെ മുഴുവൻ നേട്ടവും ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തിലായിട്ട് മൂന്നു വർഷമായെങ്കിലും സാധാരണക്കാരുടെ അടുക്കള ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ശോഷിച്ചുകൊണ്ടിരിക്കുകയാണ്.
അവശ്യസാധനവില നിയന്ത്രിക്കാൻ വിപണിയിൽ സർക്കാർ കാര്യമായി ഇടപെട്ടാലേ പറ്റൂ. സംസ്ഥാനത്ത് അത്തരം ഇടപെടലുകൾ വളരെ ദുർബലമായതാണ് ആർക്കും നിയന്ത്രിക്കാനാകാത്ത നിലയിൽ സാധനവില ഉയർന്നുയർന്നു പോകാൻ കാരണം. സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ് തുടങ്ങിയ സർക്കാർ ഏജൻസികൾ പഴയ പ്രതാപം വീണ്ടെടുത്ത് ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചാലേ സാധാരണക്കാർക്ക് ഗുണം ലഭിക്കുകയുള്ളൂ. ഈ സ്ഥാപനങ്ങളൊക്കെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് വിലക്കയറ്റത്തിന് നല്ല അളവിൽ ജനങ്ങൾക്ക് സംരക്ഷണം ലഭിച്ചിരുന്നു. ഓണം തുടങ്ങിയ ഉത്സവകാലങ്ങളിൽ മാത്രം വിപണിയിലിറങ്ങുന്ന രീതി മാറ്റി വർഷം മുഴുവൻ ജനങ്ങളുടെ സഹായത്തിന് ഈ സ്ഥാപനങ്ങൾക്ക് എത്താൻ കഴിയണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ