Saturday, 24 June 2017 7.42 PM IST
നാടിന് അഭിമാനമായി കൊച്ചി മെട്രോ
June 17, 2017, 1:00 am
കേരളത്തിനു മൊത്തം പുതിയൊരു യാത്രാസംസ്കാരം ഒരുക്കുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നാടിനു സമർപ്പിക്കുകയാണ്. ഒന്നര പതിറ്റാണ്ടായി ഏവരും കാത്തിരുന്ന മനോഹര മുഹൂർത്തമാണിത്. കുത്തിത്തിരിപ്പുകളും അഴിമതി ലക്ഷ്യമാക്കി നടന്ന ഉപജാപങ്ങളും എണ്ണമറ്റ വിവാദങ്ങളുമൊന്നുമുണ്ടാകാതിരുന്നെങ്കിൽ പണ്ടേ തന്നെ മെട്രോ പാളങ്ങളിലൂടെ ഇടതടവില്ലാതെ ട്രെയിനുകൾ ഓടേണ്ടതായിരുന്നു. ഏറെ വൈകിയാണെങ്കിലും കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഇപ്പോഴെങ്കിലും തുറക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഡോ. ഇ. ശ്രീധരനും കെ.എം.ആർ.സി മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജിനും അവകാശപ്പെട്ടതാണ്. ഇവർ ഇരുവരുടെയും നിറസാന്നിദ്ധ്യവും അർപ്പണ മനസോടെയുള്ള കഠിന പരിശ്രമവും ഇല്ലാതിരുന്നുവെങ്കിൽ പദ്ധതിയുടെ ഒന്നാം ഘട്ടം ഇപ്പോഴും വഴിയിലെവിടെയോ കിടന്നേനെ.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കൊച്ചി മെട്രോ കൊച്ചിക്കു മാത്രമല്ല തിലകക്കുറിയാകുന്നത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയൊരു യാത്രാ സംവിധാനത്തിന്റെ അനന്ത സാദ്ധ്യതകളാണ് അതു തുറന്നിടുന്നത്. നാല്പതു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങൾക്കു മാത്രം അനുവദിക്കപ്പെടുന്ന മെട്രോ റെയിൽ അതിന്റെ നാലിലൊന്നു മാത്രം ജനസംഖ്യയുള്ള കൊച്ചിക്കും ലഭിച്ചതിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും കാണാം. രാഷ്ട്രീയ വേർതിരിവുകൾ മാറ്റിവച്ച് പദ്ധതി വിജയത്തിലെത്തിക്കുന്നതിന് മാറി മാറി അധികാരത്തിലെത്തിയ ഇരു മുന്നണികളും മാതൃകാപരമായ നിലപാടു സ്വീകരിച്ചതിന്റെ വിജയം കൂടിയാണിത്. രാജ്യത്തെ മറ്റ് ഏഴു മെട്രോകൾക്കുമില്ലാത്ത ഒട്ടനവധി സവിശേഷതകളുടെ പെരുമയുമായി കൊച്ചി മെട്രോയെ തങ്കത്തിളക്കത്തിലെത്തിക്കാൻ അതിനു പിന്നിൽ അഹോരാത്രം പ്രയത്നിച്ചവർക്കു സാധിച്ചു. ഹർത്താലും പണിമുടക്കും അവസാനമില്ലാത്ത തൊഴിൽത്തർക്കങ്ങളും ഏതു വികസന പദ്ധതിക്കും വലിയ വെല്ലുവിളിയാകാറുള്ള സംസ്ഥാനത്ത് കൊച്ചി മെട്രോ വലിയ പരിക്കൊന്നുമേൽക്കാതെ ഒന്നാം ഘട്ട ലക്ഷ്യത്തിലെത്തിയതിലൂടെ വലിയ സന്ദേശമാണു രാജ്യത്തിനു നൽകുന്നത്.
2004-ൽ ആലോചന തുടങ്ങിയ കൊച്ചി മെട്രോ 2010-ൽ പൂർത്തിയാക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത്. വിട്ടൊഴിയാത്ത തർക്കങ്ങളിലും സാങ്കേതികവും നയപരവുമായ തീരുമാനമെടുക്കുന്നതിലുണ്ടായ കാലതാമസവും കാരണം നീണ്ടു നീണ്ടു പോയി. 2012 സെപ്തംബർ 13-ന് പ്രധാനമന്ത്രി മൻമോഹൻസിംഗ് മെട്രോയുടെ ശിലാസ്ഥാപനം നിർവഹിച്ച വേളയിൽ ആദ്യഘട്ടം മൂന്നുവർഷം കൊണ്ടു പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. മെട്രോ നിർമ്മാണത്തെ ഒരുവിധ പണിമുടക്കും ബാധിക്കരുതെന്നും ധാരണ ഉണ്ടായിരുന്നു. എന്നാൽ പലവിധ തടസങ്ങൾ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. നിർമ്മാണ വസ്തുക്കളുടെ ക്ഷാമം മുതൽ തൊഴിലാളി പ്രശ്നം വരെ ഇടയ്ക്കിടെ തലപൊക്കി. തർക്ക പ്രശ്നങ്ങൾക്ക് അപ്പപ്പോൾ പരിഹാരമുണ്ടാക്കാൻ പദ്ധതിയുടെ സാരഥികൾക്കു കഴിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. സർക്കാരിന്റെ സന്ദർഭോചിതമായ ഇടപെടലുകളും വളരെ സഹായിച്ചിട്ടുണ്ട്.
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് പ്രധാനമന്ത്രി ഇന്നു ഗതാഗതത്തിനു തുറന്നുകൊടുക്കുന്നത്. മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള ഭാഗം ഓണത്തിനു മുമ്പു സജ്ജമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി നഗരത്തിലെ രൂക്ഷമായ യാത്രാക്ളേശം വച്ചു നോക്കുമ്പോൾ ആലുവ മുതൽ പാലാരിവട്ടം വരെ മാത്രം മെട്രോ ഓടിച്ചതുകൊണ്ട് വലിയ പ്രയോജനമില്ലെന്ന ആക്ഷേപം ശക്തമാണ്. മഹാരാജാസ് വരെയെങ്കിലും മെട്രോ എത്തുമ്പോഴേ കുറച്ചെങ്കിലും പ്രയോജനമുള്ളൂ എന്ന വാദത്തിൽ കഴമ്പുണ്ട്. മഹാരാജാസ് മുതൽ തൃപ്പൂണിത്തുറ പേട്ട വരെയുള്ള പാതയുടെ നിർമ്മാണം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. പൂർത്തിയാകാൻ മൂന്നു വർഷമെങ്കിലും വേണ്ടിവരും. കാക്കനാട് ഇൻഫോ പാർക്ക്, നെടുമ്പാശേരി, പശ്ചിമ കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കു പാത ചെന്നെത്താൻ കാലം ഏറെ കാത്തിരിക്കേണ്ടിവരും. യാത്രാക്ളേശം കൊണ്ടു നിത്യേന ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിനു നഗരവാസികളുടെ മോഹവും പ്രതീക്ഷയുമൊക്കെയാണിത്.
970 പേർക്കു സഞ്ചരിക്കാവുന്ന ആറു ട്രെയിനുകളാണ് തൽക്കാലം ആലുവാ - പാലാരിവട്ടം റൂട്ടിൽ ഓടുക. പിന്നീട് മൂന്നെണ്ണം കൂടി സർവീസിനിറക്കും. പാത പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ 25 മെട്രോ വണ്ടികൾ ദിവസേന ആലുവാ മുതൽ തൃപ്പൂണിത്തുറ വരെയും തിരിച്ചും ഓടിക്കൊണ്ടിരിക്കും. ആ ഘട്ടമെത്തുമ്പോൾ നഗരയാത്രയുടെ നല്ലൊരു പങ്ക് മെട്രോ വഹിക്കുമെന്നതിനാൽ റോഡുകളിലെ വാഹനത്തിരക്കിനും നല്ല അളവിൽ ശമനമുണ്ടാകും. മെട്രോകളുടെ ഏറ്റവും വലിയ നേട്ടമായി കരുതേണ്ടതും ഇതാണ്. പൊതുയാത്രാവാഹനങ്ങളെ ആശ്രയിക്കാൻ കൂടുതൽ പേർ എത്തുന്നത് സ്വകാര്യ വാഹനങ്ങളെ റോഡിൽ നിന്ന് അകറ്റാൻ സഹായിക്കും. കൊച്ചി മെട്രോയുമായി ബന്ധപ്പെടുത്തി പ്രത്യേക ബസ് - ഓട്ടോ സർവീസുകൾ തുടങ്ങാൻ പദ്ധതിയുണ്ട്. ജലാശയങ്ങളെ ബന്ധപ്പെടുത്തി തുടങ്ങാനിരിക്കുന്ന വാട്ടർ മെട്രോയാണ് മറ്റൊരു ആകർഷണം. ജർമ്മൻ സഹായത്തോടെ നടപ്പാക്കുന്ന വിപുലമായ വാട്ടർ മെട്രോ നാലുവർഷം കൊണ്ട് നടപ്പിലാകുമെന്നാണു പ്രതീക്ഷ. കൊച്ചിയുടെ ഗതാഗത വിപുലീകരണ പദ്ധതികൾ സംസ്ഥാനത്തെ മറ്റു നഗരങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. നിർഭാഗ്യവശാൽ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലൈറ്റ് മെട്രോ പദ്ധതികൾ ഇപ്പോഴും കടലാസിൽ കുരുങ്ങിക്കിടക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ താത്‌പര്യമെടുക്കാത്തതാണ് ഈ സ്ഥിതി സൃഷ്ടിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരെ നിലയ്ക്കുനിറുത്താനും ജോലി ചെയ്യിക്കാനും അവരുടെ മുകളിലുള്ള മന്ത്രിമാർക്കു കഴിയുന്നില്ലെന്നല്ലേ ഇതിനർത്ഥം. കൊച്ചി മെട്രോയുടെ മോഹിപ്പിക്കുന്ന മുഖം കാണുമ്പോഴെങ്കിലും ലൈറ്റ് മെട്രോയെക്കുറിച്ച് പുനർ ചിന്തനം ബന്ധപ്പെട്ടവരിൽ ഉണ്ടാകേണ്ടതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ