ആവാസ് ഇൻഷ്വറൻസ് പദ്ധതിക്ക് നവംബറിൽ തുടക്കം
June 19, 2017, 3:00 am
ശ്രീകുമാർപള്ളീലേത്ത്
 
തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികളുടെ പരിരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആവാസ് ഇൻഷ്വറൻസ് പദ്ധതിക്ക് നവംബറിൽ തുടക്കമാവും. രജിസ്ട്രേഷൻ ഉടൻ തുടങ്ങും.
തൊഴിലാളിക്ക് വർഷത്തിൽ 15,000 രൂപ വരെ ചികിത്സാ സഹായവും, അപകട മരണമുണ്ടായാൽ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കും. തൊഴിലാളികളുടെ പ്രീമിയം സർക്കാർ അടയ്ക്കും. കെൽട്രോണാണ് പദ്ധതിയുടെ സോഫ്ട് വെയർ തയ്യാറാക്കുന്നത്.
ജില്ലാ കളക്ടർ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ, ജില്ലാ ലേബർ ഓഫീസർ എന്നിവരുൾപ്പെട്ടതുമായ കമ്മിറ്റിക്കാണ് ഓരോ ജില്ലയിലും രജിസ്ട്രേഷന്റെ മേൽനോട്ടം. ആകെ തൊഴിലാളികളുടെ എണ്ണം കണ്ടെത്തിയ ശേഷമാവും ഇൻഷ്വറൻസ് കമ്പനിയെ തീരുമാനിക്കുക. 25 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് നിഗമനം.
കേരളത്തിലെത്തുന്ന തൊഴിലാളികളുടെ ആധാർ, തിരിച്ചറിയൽ കാർഡുകളെ അടിസ്ഥാനമാക്കിയാവും വിവര ശേഖരണം. ഇതിനായി റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ തൊഴിലിടങ്ങളിലെത്തിയും കരാറുകാരിൽ നിന്ന് വിവര ശേഖരണം നടത്തും. രജിസ്റ്റർ ചെയ്യുന്നവർക്ക് സ്മാർട്ട് കാർഡുകൾ നൽകും. തുടർന്ന് പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണം ഇവർക്കുമേലുണ്ടാവും.
രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. ആശാവർക്കർമാരെ ചെറിയ പ്രതിഫലം നൽകി ഫീൽഡ് കീ ഓഫീസർമാരായി നിയമിക്കും. തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചു രേഖപ്പെടുത്തേണ്ട ചുമതലയാണ് ഇവർക്ക്. ഇന്ത്യയിൽ ആദ്യമായാണ് കുടിയേറ്റ തൊഴിലാളികൾക്കായി ഒരു സംസ്ഥാന സർക്കാർ ഇൻഷ്വറൻസ് പദ്ധതി ആവിഷ്കരിക്കുന്നത്.
വി.എസ് സർക്കാരിന്റെ കാലത്ത് കുടിയേറ്റ തൊഴിലാളികൾക്കായി ക്ഷേമപദ്ധതി രൂപീകരിച്ചിരുന്നു. തൊഴിലാളിയോ കരാറുകാരനോ ഒരു വർഷം പദ്ധതിയിലേക്ക് 30 രൂപ അംശദായം അടയ്ക്കണം. ഓരോ വർഷവും 5000 രൂപയുടെ ചികിത്സാ സഹായവും മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സഹായവുമാണ് പദ്ധതിയിലുള്ളത്. 54,000 പേരാണ് ഇതിൽ ചേർന്നത്. ഈ പദ്ധതിയും നിലവിലുണ്ട്.
കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് സേവനങ്ങൾ നൽകാനും വിവരങ്ങൾ ശേഖരിക്കാനും എല്ലാ ജില്ലകളിലും ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുടങ്ങും. വിവിധ ഭാഷകൾ കൈകാര്യംചെയ്യാൻ പ്രാവീണ്യമുള്ളവരെ ഇതിന്റെ ചുമതലക്കാരായി നിയോഗിക്കും.


crrr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ