ബീനയ്ക്ക് റംസാൻ വ്രതം മതാതീത വരപ്രസാദം
June 19, 2017, 3:00 am
ആർ. സ്‌മിതാദേവി
തിരുവനന്തപുരം: ക്ളാപ്പന ജുമാ മസ്‌ജിദിൽ നിന്ന് നേർച്ചക്കഞ്ഞിവാങ്ങി അയൽപ്പക്കങ്ങളിൽ വിതരണം ചെയ്‌ത്‌ നോമ്പിന്റ സന്തോഷം പങ്കിടുകയാണ് ബീന. ജന്മംകൊണ്ട് ഹിന്ദുവായ ബീനയുടെ മതം മാനവികതയാണ്. 15 വർഷമായി റംസാൻ വ്രതം മുടങ്ങാതെ അനുഷ്ഠിക്കുന്നു. കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി. വിഭാഗം അദ്ധ്യാപികയാണ് ബീന. നോമ്പുകാലത്ത് മസ്‌ജിദിൽ ഒരു ദിവസത്തെ നേർച്ചക്കഞ്ഞി ക്ളാപ്പന പണ്ടകശാലത്തറയിൽ വീട്ടിൽ ബീനയുടെ വകയാണ്. കഴിഞ്ഞവർഷം ഇത് മുടങ്ങിപ്പോയതിന്റെ സങ്കടം ഈ വർഷം വീട്ടാനൊരുങ്ങുകയാണിവർ.
സ്‌കൂൾ പഠനകാലത്ത് മുസ്ലിം കൂട്ടുകാരികളിൽ നിന്നാണ് നോമ്പിന്റെ സന്തോഷമറിഞ്ഞത്. 2002 മുതൽ നോമ്പ് ജീവിതത്തിന്റെ ഭാഗമാക്കി. സൗഹാർദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും ഊർജ്ജമാണ് നോമ്പുകാലം തനിക്ക് സമ്മാനിക്കുന്നതെന്ന് ബീന സാക്ഷ്യപ്പെടുത്തുന്നു. പുലർച്ചെ ഇടയത്താഴത്തോടെ വീട്ടിൽ തുടങ്ങുന്ന നോമ്പ് വൈകിട്ട് ബാങ്കുവിളിക്കുമ്പോൾ ഏതെങ്കിലും മുസ്ളിം സുഹൃത്തിന്റെ വീട്ടിൽ വച്ചാവും മുറിക്കുന്നത്.
മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും നാടാണ് ക്ളാപ്പന. ഹിന്ദു മുസ്ളിം ക്രിസ്‌ത്യൻ വിഭാഗങ്ങളുടെ വിശേഷങ്ങൾ ഇവിടെ എല്ലാവർക്കും ആഘോഷമാണ്. ക്ളാപ്പന സി.പി.എം ഓഫീസായ അജയപ്രസാദ് മന്ദിരത്തിൽ പാർട്ടി വക ഇഫ്‌താർ സംഗമത്തിൽ കന്യാസ്‌ത്രീകളും പള്ളി വികാരിയും പങ്കെടുക്കുന്നു.
ബീന 1995-2000 ൽ ക്ളാപ്പന പഞ്ചായത്തംഗമായിരുന്നു. ഭർത്താവ് ക്ളാപ്പന സുരേഷ് സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്രിയംഗമാണ്. മക്കളുടെ പേരും മതങ്ങളുടെ കെട്ടുകൾക്കുള്ളിൽ പെട്ടുപോകരുതെന്ന് ഈ ദമ്പതികൾക്ക് നിർബന്‌ധമുണ്ടായിരുന്നു. പ്ളസ് ടു വിദ്യാർത്ഥിയായ മുസാഫിർ, ആറാംക്ളാസുകാരനായ ഹൈനസ് എന്നിവരാണ് മക്കൾ.
crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ