മാലിന്യക്കൂടയായി കേരളം
June 19, 2017, 12:20 am
ആർ.കിരൺ ബാബു
'തൽക്കാലം മനുഷ്യരെ കടിക്കുന്നത് നിർത്താൻ ഈഡിസ് കൊതുകുകളോട് അഭ്യർത്ഥിക്കുക മാത്രമേ ഇനി ഡെങ്കിപ്പനി നിയന്ത്രിക്കാൻ പോംവഴിയുളളു. തലസ്ഥാനത്തെ ഒരു ആശുപത്രി മേധാവിയാണ് ഇതു പറഞ്ഞത്. കൊതുക് പെരുകി, പനി പടർന്ന്, പനിക്കാരാൽ ആശുപത്രി നിറഞ്ഞു കവിഞ്ഞ്, സർക്കാർ പരിമിതികളിൽ നിന്ന് ഉളള ജീവനക്കാരെ വച്ച് എല്ലാവർക്കും ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും പഴി കേൾക്കേണ്ടിവന്നതിന്റെ നീരസം ഫലിതമാക്കിയതാണ് അദ്ദേഹം. എന്നാൽ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ ഏറെക്കുറെ ഇങ്ങനെയാണ്. കൊതുകു പടയുടെ താവളങ്ങളാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളും.
കൊതുകുകൾ പെരുകുന്നത് തടയാൻ വേണ്ടസമയത്ത് മുൻകരുതലും എടുത്തില്ല. സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിലെത്തി.
പനി പട‌രുമ്പോൾ ഒന്നാംപ്രതി സ്ഥാനം ആരോഗ്യ വകുപ്പിനാവുക സ്വാഭാവികം. എന്നാൽ കൊതുക് വളരാനുളള സാഹചര്യം ഒരുക്കിയതിലെ പ്രതിസ്ഥാനം ശുചീകരണ ചുമതലയുളള തദ്ദേശ സ്ഥാപനങ്ങൾക്കും വകുപ്പിനും റവന്യൂ, ജലവിഭവ വകുപ്പുകൾക്കും അവകാശപ്പെട്ടതാണ്. ഒപ്പം ജീവിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്ത ജനങ്ങളും പ്രതി സ്ഥാനത്തു തന്നെയാണ്. യഥാസമയം പണവും നിർദ്ദേശവും നൽകിയെന്ന് തദ്ദേശ മന്ത്രിയും അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികളും ന്യായീകരണം പറയുന്നുണ്ട്. രണ്ടിലും കുറേശെ ശരിയുണ്ട്. പക്ഷെ ശുചീകരണം നടന്നില്ല എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.
മാലിന്യ നിർമ്മാർജ്ജനത്തിന് പൊതുജന സഹകരണത്തോടെ സർക്കാർ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങൾ പൂർണ്ണമായി വിജയിച്ചില്ലെന്നും പനി പടരാനുളള സാഹചര്യം ഇതാണെന്നും മുഖ്യമന്ത്രിക്ക് തന്നെ പറയേണ്ടി വന്നതിന് കാരണവും മറ്റൊന്നല്ല.  ഇനി പ്രതിയെ അന്വേഷിച്ചതു കൊണ്ട് കാര്യമില്ല. മാലിന്യം നീക്കാനുളള മഹായജ്ഞത്തിന് നേതൃത്വം നൽകാൻ ഗ്രാമ പഞ്ചായത്ത് മുതൽ സംസ്ഥാന സർക്കാർ വരെയും അതിൽ പങ്കാളികളാവാൻ കേരളത്തിൽ ജീവിക്കുന്ന സർവ്വരും തയ്യാറായേലെ പനി നിയന്ത്രിക്കാനാവൂ.

 വീട്ടിലെ വാശിക്കാരി കൊതുകുകൾ.
വീടിനുളളിലും വീടിനോട് ചേർന്നും ജീവിക്കുന്ന കൊതുകുകളാണ് തിരുവനന്തപുരം ജില്ലയിലും നഗരത്തിലും ഡെങ്കിപ്പനി പരത്തുന്നത്. ഇവിടെ ഡെങ്കിപ്പനി കൂടാനുളള പ്രധാന കാരണവും ഇതാണ്. ഈഡിസ് വിഭാഗത്തിൽ പെടുന്ന പെൺ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയങ്ങളിൽ മാത്രമേ ഇവ കടിക്കൂ. ഈഡിസ് ആൽബോപിക്റ്റസ്, ഈഡിസ് ഈജിപ്ഷ്യ എന്നീ രണ്ടുതരം കൊതുകളാണുളളത്. ഇതിൽ ആൽബോപിക്റ്റസ് കൊതുകുകൾ പ്രധാനമായും പറമ്പിലും കാടു പിടിച്ച സ്ഥലങ്ങളിലുമാണ് കഴിയുന്നത്. ഈ കൊതുക് ഓരാളെ കടിച്ചാൽ പരമാവധി രക്തം എടുത്ത ശേഷം പറമ്പിൽ വിശ്രമിക്കും. ഈ കൊതുക് സാധാരണ ഒന്നിലേറെ പേരെ കടിക്കാറില്ല.
ഈഡിസ് ഈജിപ്ഷ്യ കൊതുകുകൾ വീടിനുളളിലും വീടിനോട് ചേർന്നുമാണ് ജീവിക്കുന്നത്.കടിക്കാൻ വരുമ്പോൾ ഓടിച്ചാലും വാശിയോടെ വീണ്ടും വന്ന് മറ്റൊരിടത്ത് കടിക്കും.ഇവ ഒരേ ദിവസം തന്നെ ഒന്നിലേറെ പേരെ കടിക്കും. ഈ വിഭാഗം കൊതുകുകളാണ് ഇപ്പോൾ പ്രധാനമായും ഡെങ്കി പരുത്തുന്നത്. റഫ്രിജറേറ്ററിന് പിന്നിൽ വെളളം വീഴുന്ന ഡ്രേ തന്നെ വേണമെന്നിൽ ചെറിയ കുപ്പിയുടെ അടപ്പിലെ വെളളത്തിൽ പോലും മുട്ടയിട്ട് പെരുകും.
.....................................................
 മാലിന്യം നീക്കം ചെയ്യൽ യജ്ഞം വേണം: പ്രതിപക്ഷ നേതാവ്
എല്ലാ രാഷ്ട്രീയ പാർട്ടികളുടെും സന്നദ്ധ സംഘടനകളുടെയും ബഹുജന സംഘടനകളുടെയും സഹായത്തോടെ മാലിന്യം നീക്കം ചെയ്യാനുള്ള യജ്ഞം സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാവിലെ ആവശ്യപ്പെട്ടിരുന്നു.യു.ഡി.എഫ് എം.എൽ.എമാർ തങ്ങളുടെ മണ്ഡലങ്ങളിൽ നേരിട്ടിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർദ്ദേശിച്ചു.
..................................
 പ്രക്ഷോഭമല്ല, ശുചീകരണമാണ് സമരം: എം.എം.ഹസൻ
മഴക്കാലപൂർവ്വ ശുചീകരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും ദയനീയമായി പരാജയപ്പെട്ട സർക്കാരിനെതിരെ പ്രക്ഷോഭത്തിനല്ല മറിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്രതിഷേധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞു. കേരളം ഒട്ടാകെ ഇന്നു മുതൽ കോൺഗ്രസ് പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

.............................
 ശുചീകരണത്തിന് ജനങ്ങളാകെ മുന്നിട്ടിറങ്ങണം - മുഖ്യമന്ത്രി
പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.
മാലിന്യ നിർമ്മാർജ്ജനത്തിന് പൊതുജന സഹകരണത്തോടെ സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി വരികയാണ്.എന്നാൽ അതിൽ പൂർണ്ണ വിജയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.ഈ സാഹചര്യമാണ് പകർച്ചപ്പനി വ്യാപിക്കാൻ ഇടയാക്കുന്നത്.മാലിന്യ നിർമ്മാർജ്ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളിൽ പനി വ്യാപിക്കുന്നതിൽ കുറവ് ഉണ്ടായിട്ടുണ്ട്.
പനി വ്യാപിക്കുന്നത് തടയാനും രോഗം ബാധിച്ചവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും ഡോക്ടമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മാലിന്യ നിർമാർജ്ജനം പൂർണ്ണമാക്കുകയും ശുചീകരണത്തിൽ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികളെ അകറ്റി നിർത്താൻ കഴിയില്ല. വ്യക്തി ശുചിത്വം മാത്രം പോരാ, വീടും പരിസരവും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ജനങ്ങളാകെ ഒറ്റ മനസ്സോടെ ശുചീകരണപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണം.
...............................................
നാളെ: പനി അറിയേണ്ടതെല്ലാം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ