Saturday, 24 June 2017 7.41 PM IST
പുതുവൈപ്പ് പ്രക്ഷോഭത്തിൽ വീണ്ടുവിചാരം ആവശ്യം
June 20, 2017, 2:00 am
ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത അമോണിയ സൂക്ഷിക്കാൻ കൊച്ചിയിൽ സ്ഥാപിച്ച സംഭരണി പൊട്ടിത്തെറിക്കുമെന്ന ഭീതി പരത്തി രണ്ടര പതിറ്റാണ്ടോളം മുമ്പ് നടന്ന പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്നതാണ് പുതുവൈപ്പിൽ നടക്കുന്ന എൽ.പി.ജി പ്ളാന്റ് വിരുദ്ധ സമരം. അശങ്ക പരത്തി ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഇളക്കിവിടാൻ പുതിയ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നവർക്ക് സാധിച്ചിട്ടുണ്ട്. എൽ.പി.ജി പ്ളാന്റ് ഒരു ഭീഷണിയായി മാറാൻ സാദ്ധ്യതയുണ്ടോ? പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ എത്ര പേർ ആലോചിച്ചിട്ടുണ്ട് , ഇക്കാര്യം? പൊലീസിനോട് ഏറ്റുമുട്ടുകയും തല്ലുവാങ്ങുകയും ചെയ്യുന്ന നിഷ്കളങ്കരായ സാധാരണക്കാർ, കൊച്ചിയിൽ അമോണിയ സംഭരണിക്കെതിരെ നടന്ന പ്രക്ഷോഭം എങ്ങനെയാണ് കലാശിച്ചതെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. വീണ്ടുവിചാരമാണ് ഈ പ്രശ്നത്തിൽ ആവശ്യം.
ആരും കേട്ടിട്ടില്ലാത്ത 'ഗാന്ധി യുവമണ്ഡലം' എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു അമോണിയ സംഭരണിക്കെതിരായ പ്രക്ഷോഭം. ദ്രവീകൃത അമോണിയ സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് കൊച്ചിയിൽ ഭോപ്പാൽ ദുരന്തം ആവർത്തിക്കുമെന്ന ആശങ്കാജനകമായ വ്യാജപ്രചാരണത്തിന്റെ ബാധയേറ്റ് ആയിരങ്ങൾ പ്രക്ഷോഭത്തിൽ പങ്കാളികളായി. സാംസ്കാരികനായകരിലും രാഷ്ട്രീയനേതാക്കളിലും ചിലർ പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ മത്സരിക്കുകയായിരുന്നു. പ്രക്ഷോഭം മൂർച്ഛിച്ചതോടെ സംഭരണി അടച്ചിട്ടു. പ്രക്ഷോഭത്തിന്റെ പക്ഷത്തായിരുന്നു കീഴ്‌കോടതികൾ. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത അമോണിയയെ ആശ്രയിച്ചിരുന്ന, പ്രമുഖ രാസവളം നിർമ്മാണശാലയായ 'ഫാക്ടി'ന് 450 കോടി രൂപ കടം വാങ്ങിയും 800 കോടി ചെലവഴിച്ചും പുതിയ പ്ളാന്റ് സ്ഥാപിച്ച് ഇരട്ടിച്ചെലവിൽ സ്വന്തമായി അമോണിയ ഉത്‌പാദിപ്പിക്കേണ്ടിവന്നു. അതോടെ, സാമ്പത്തികമായി ഫാക്ടിന്റെ നടുവൊടിഞ്ഞു. പ്രക്ഷോഭമാകട്ടെ, പത്ത് വർഷത്തോളം നീണ്ട നിയമയുദ്ധത്തിന് ഒടുവിൽ സുപ്രീംകോടതി വിധിയെ തുടർന്ന് കെട്ടടങ്ങി! പ്രക്ഷോഭത്തിൽ ഒരു കഴമ്പുമില്ലെന്നായിരുന്നു വിധി. അടച്ചിട്ടിരുന്ന അമോണിയ സംഭരണിക്ക് അതോടെ ശാപമോക്ഷമായി. സംഭരണി സുരക്ഷിതമായി ഇപ്പോഴും പ്രവർത്തിച്ചുവരുന്നു. പ്രക്ഷോഭം സംഘടിപ്പിച്ച ആൾ സ്വന്തം കാര്യം നോക്കി പോയി!
അമോണിയ സംഭരണിക്കെതിരെ കൊച്ചിയിൽ നടന്ന വ്യർത്ഥവും ഗൂഢലക്ഷ്യപ്രേരിതവുമായ പ്രക്ഷോഭത്തിന്റെ പരിണാമവും പരിണിതിയും പുതുവൈപ്പിനിലെ എൽ.പി.ജി പ്ളാന്റ് വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നവർ മനസിലാക്കേണ്ടതാണ്. പ്രക്ഷോഭത്തിൽ കഴമ്പുണ്ടോ? പുതുവൈപ്പിൽ വാതകസംഭരണികൾ നിർമ്മിക്കുന്നത് 4.5 സെന്റിമീറ്റർ കനമുള്ള ബോയ്‌ലർ ക്വാളിറ്റി ഉരുക്കുപാളി ഉപയോഗിച്ചാണ്. ഒരു സ്കെയിൽ എടുത്ത് 4.5 സെന്റിമീറ്റർ എത്ര വരുമെന്ന് നോക്കിയാൽ മനസിലാകും, സംഭരണി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സവിശേഷ ഉരുക്കുപാളിയുടെ കനം. സംഭരണികൾക്ക് രണ്ട് മീറ്റർ കനത്തിൽ മൺകവചവും ഒന്നേകാൽ മീറ്റർ കനത്തിൽ കോൺക്രീറ്റ് കവചവും കൂടിയുണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന, താരതമ്യേന നേർത്ത ഉരുക്കുപാളിയിൽ നിർമ്മിച്ച ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമാണെങ്കിൽ ഈ സംഭരണികൾ ഭീഷണിയാണെന്ന് കരുതുന്നതിൽ എന്താണ് യുക്തി?
മത്സ്യത്തൊഴിലാളികളുടെ തൊഴിൽ തടസപ്പെടുമെന്ന് വാദിച്ചുകൊണ്ടായിരുന്നു പുതുവൈപ്പിൽ നാല് മാസത്തോളം മുമ്പ് സമരം ആരംഭിച്ചത്. 'അപകടകരമായ' സംഭരണികൾ ജനജീവിതത്തിന് ഭീഷണിയാണെന്ന വാദം പൊന്തിവന്നത് പിന്നീടാണ്. കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന പ്രക്ഷോഭത്തെയാണ് ഈ വിഷയമാറ്റം ഓർമ്മിപ്പിക്കുന്നത്. പരിസ്ഥിതി സ്നേഹത്തിന്റെ ലേബലിൽ ആരംഭിച്ച കൂടംകുളം പ്രക്ഷോഭം പിന്നീട് ചെർണോബിൽ ദുരന്തത്തിന്റെ ഓർമ്മപ്പെരുന്നാളാക്കി മാറ്റി ആളിക്കത്തിക്കുകയായിരുന്നു. പ്രക്ഷോഭത്തിന് ഊർജ്ജം പകരുന്നത് ആണവനിലയപദ്ധതി അട്ടിമറിക്കാനായി വിദേശശക്തികൾ ഒഴുക്കുന്ന പണമാണെന്ന് കേന്ദ്രരഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതോടെയാണ് കഥ മാറിയത്. വിദേശപണം കോഴയായി കൈപ്പറ്റിയതിന് അഴി എണ്ണേണ്ടിവരുമെന്ന സ്ഥിതി വന്നതോടെ പ്രക്ഷോഭത്തിന്റെ കാർമ്മികർ രായ്ക്കുരാമാനം പിന്തിരിഞ്ഞു. പ്രക്ഷോഭത്തിന്റെ കാറ്റ് അതോടെ പോയി. കൂടുംകുളത്ത് രണ്ട് ആണവയൂണിറ്റുകൾ കൂടി സ്ഥാപിക്കാൻ പോവുകയാണ്. എതിർപ്പിന്റെ ഒരു ഞരക്കം പോലും ഇപ്പോൾ കേൾക്കാനില്ല. എവിടെപ്പോയി, അന്നത്തെ പ്രക്ഷോഭനേതാക്കളും അവരെ പിന്തുണച്ചരും?
എൽ.പി.ജി പ്ലാന്റിന്റെ പ്രയോജനവും, ആശങ്കകളുടെ നിരർത്ഥകതയും സമരക്കാരെ സർക്കാർ നേരത്തേ തന്നെ ബോദ്ധ്യപ്പെടുത്തേണ്ടതായിരുന്നു. ഇനിയും അത് ചെയ്യാവുന്നതേയുള്ളൂ. സമരക്കാരെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഉറങ്ങുന്നവരാണെങ്കിൽ തീർച്ചയായും വിളിച്ചുണർത്താൻ സാധിക്കും.
വികസനപദ്ധതികൾക്കെതിരായ ഏത് പ്രക്ഷോഭത്തെയും വീണ്ടുവിചാരത്തോടെ കാണേണ്ട കാലമായി. പ്രത്യേകിച്ച്, രാഷ്ട്രീയ നേതാക്കൾ. പുതുവൈപ്പിൽ നടക്കുന്ന പ്രക്ഷോഭത്തിൽ കഴമ്പുണ്ടോയെന്ന് ആലോചിച്ചിട്ട് വേണം രാഷ്ട്രീയപാർട്ടികളും നേതാക്കളും നിലപാട് സ്വീകരിക്കാൻ. പ്രക്ഷോഭം ഭരിക്കുന്ന പാർട്ടിക്കെതിരേ തിരിയുമെന്നും അപ്പോൾ രാഷ്ട്രീയമുതലെടുപ്പ് നടത്താമെന്നും കരുതുന്ന നേതാക്കൾ കേരളത്തിന്റെ വികസനമോ ജനങ്ങളുടെ ക്ഷേമമോ കാംക്ഷിക്കുന്നവരല്ല. 'വോട്ട് ബാങ്ക്' എന്ന ഉമ്മാക്കി കണ്ട് വെറുതേ പേടിക്കരുത്. ഒരു വികസനപദ്ധതി സാക്ഷാത്‌കരിക്കപ്പെടുമ്പോൾ മാത്രം പോരാ, അത് 'ഞമ്മളാണ്' എന്ന അവകാശവാദം. വികസന പദ്ധതിയുടെ തുടക്കം മുതൽ വേണം ജാഗ്രത. ഭരണവും ഭരിക്കുന്നവരും മാറാമെന്ന് എല്ലാ നേതാക്കളും ഓർക്കേണ്ടതാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ