Saturday, 24 June 2017 7.41 PM IST
റെയിൽപാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കും
June 20, 2017, 1:20 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം: സ്ഥലമെടുപ്പിൽ കുടുങ്ങി ഇഴയുന്ന റെയിൽപാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ സർക്കാർ ഇടപെടുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലാകളക്ടർമാരുടെ യോഗം ഉടൻ വിളിക്കും. കോട്ടയം വഴിയുള്ള പാതയിലും ആലപ്പുഴ തീരപാതയിലും പ്രാദേശിക എതിർപ്പാണ് സ്ഥലമേറ്റെടുക്കലിന് പ്രധാന തടസം.

കേന്ദ്ര -സംസ്ഥാന സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ) ഇരട്ടിപ്പിക്കൽ ജോലികൾക്ക് ആക്കംകൂട്ടാനുള്ള ഏകോപനച്ചുമതല നിർവഹിക്കും. തീരദേശ പാതയിൽ എറണാകുളം -കുമ്പളം (7.71 കി.മീ), കുമ്പളം - തുറവൂർ (15.59 കി.മീ) ഭാഗത്ത് ഭീമമായ ചെലവു വരുമെന്നതിനാൽ സ്ഥലം സൗജന്യമായി ഏറ്റെടുത്തു നൽകണമെന്നും നിർമാണച്ചെലവിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സർക്കാർ ഇത് നിരാകരിച്ചു. പണം അനുവദിച്ചാൽ സ്ഥലം ഏറ്റെടുത്തു നൽകുന്ന ഉത്തരവാദിത്വം നിറവേറ്റാമെന്ന് അറിയിക്കുകയും ചെയ്തു. തുറവൂർ - ആലപ്പുഴ - അമ്പലപ്പുഴ (45.86 കി.മീ) ഭാഗത്തെ നിർമാണത്തിന് 2015-16 ലെ റെയിൽവേ ബഡ്ജറ്റിൽ 1000 കോടി വകയിരുത്തിയിരുന്നു. ഇതിന്റെ നിർമാണം വേഗത്തിലാക്കാൻ നടപടിയെടുക്കും. അമ്പലപ്പുഴ-ഹരിപ്പാട് (18.13 കി.മീ) ഭാഗത്ത് 0.409 ഹെക്ടർ കൂടി ഏറ്റെടുക്കേണ്ടതുണ്ട്.

കോട്ടയം വഴിയുള്ള പാതയിലാണ് സ്ഥലമെടുപ്പ് മുടന്തുന്നത്. കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം (26.54 കി.മീ) ഭാഗത്ത് 16.529 ഹെക്ടർ ഏറ്റെടുക്കണം. എന്നാലിതുവരെ 6.58 ഹെക്ടർ മാത്രമാണ് ഏറ്റെടുക്കാൻ കഴിഞ്ഞത്. മീനച്ചൽ ആറിന് കുറുകെ നിർമിക്കേണ്ട പ്രധാന പാലത്തിന് കരാറായത് ആശ്വാസമാണ്. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തെ രണ്ടു ടണലുകളും കോടിമത മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള സ്ഥലത്തെ ജനസാന്ദ്രതയുമാണ് മറ്റു തടസങ്ങൾ. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകും.

7 പദ്ധതികൾ സമർപ്പിച്ചു; മൂന്നിന് അംഗീകാരം
കെ.ആർ.ഡി.സി.എല്ലിന്റെ ചുമതലയിൽ നടപ്പാക്കാനായി സമർപ്പിച്ച ഏഴ് പദ്ധതികളിൽ മൂന്നെണ്ണം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചു. ഈ പദ്ധതികൾക്ക് സംസ്ഥാന ബഡ്ജറ്റിൽ 50 കോടി അനുവദിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചവ:
1. തിരുവനന്തപുരം - ചെങ്ങന്നൂർ സബർബൻ സർവീസ്
2. അങ്കമാലി -ശബരി റെയിൽപാത നിർമാണം
3. തലശേരി-മൈസൂർ പാത

ഡി.പി.ആർ ഉടൻ
തലശേരി -മൈസൂർ ലൈനിന്റെ വിശദമായ റിപ്പോർട്ട് (ഡി.പി.ആർ) ഉടൻ തയ്യാറാക്കാൻ കഴിഞ്ഞ 16ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കേന്ദ്ര സർക്കാർ ഏജൻസിയായ 'റൈറ്റ്സ് ' (റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവീസ് ) ഇതിന്റെ ചുമതല ഏറ്റെടുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ