Saturday, 24 June 2017 7.41 PM IST
ജേക്കബ് തോമസിനെതിരെ ഐ.പി.എസ് ഉന്നതരുടെ പടയൊരുക്കം
June 20, 2017, 12:33 am
എം.എച്ച് വിഷ്‌ണു
തിരുവനന്തപുരം: ടി.പി.സെൻ കുമാർ ജൂൺ 30ന് വിരമിക്കുമ്പോൾ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയാവുന്ന ജേക്കബ് തോമസ് പൊലീസ് മേധാവിയാകുന്നത് തടയാൻ ഐ.പി.എസ് ഉന്നതരുടെ പടയൊരുക്കം. നേരത്തേ, വിജിലൻസ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് കണ്ടെത്തിയ തമിഴ്നാട് വിരുദുനഗറിലെ മാവിൻതോട്ടവുമായി ബന്ധപ്പെട്ട പരാതി വീണ്ടും കുത്തിപ്പൊക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്.

രണ്ടര മാസത്തെ അവധിക്ക് ശേഷം ജേക്കബ് തോമസ് മടങ്ങിയെത്തുന്നതിന് തൊട്ടുമുൻപാണ് കണ്ണൂർ ഡി.സി.സി സെക്രട്ടറി സത്യൻനരവൂർ ഇത് സംബന്ധിച്ച പരാതി വിജിലൻസ് ഡയറക്ടർ ലോക് നാഥ് ബെഹ്റയ്ക്ക് നൽകിയത്. രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിൽ 50ഏക്കറിലെ അൽഫോൺസോ മാവിൻതോട്ടം വാങ്ങിയത് സ്വത്ത് വിവരത്തിൽ മറച്ചു വച്ചെന്നായിരുന്നു നേരത്തേയുള്ള ആരോപണം. പുതിയ പരാതിയിൽ അത് 100 ഏക്കറെന്നാക്കിയിട്ടുണ്ട്.

ഡി.സി.സി സെക്രട്ടറിയുടെ പരാതി തനിക്ക് കിട്ടാൻ വൈകിയതിന് വിജിലൻസ് ആസ്ഥാനത്തെ എസ്‌റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരെ ഡയറക്ടർ ലോക് നാഥ് ബെഹ്റ വിളിച്ചുവരുത്തി ശാസിച്ചു. തൊട്ടു പിന്നാലെ, അഡി.ഡി.ജി.പി ഷേഖ്ദർവേഷ് സാബിഹ് എസ്‌റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലെത്തി പരിശോധന നടത്തി. അന്ന് വൈകിട്ടാണ് പരാതി വിജിലൻസ് ആസ്ഥാനത്ത് കിട്ടിയത്. പിന്നാലെ, എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ക്ലാർക്കുമാരെ ഒഴിവാക്കി പരാതികളുടെ ചുമതല പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയവർക്ക് കൈമാറി. ജീവനക്കാരിൽ ചിലരെ സെക്ഷൻ മാറ്റുകയും ചെയ്തു. തുടർന്ന് വിജിലൻസ് ആസ്ഥാനത്തെ മാനേജർ ശ്രീകുമാരിയും എസ്റ്റാബ്ലിഷ്‌‌മെന്റ് സെക്ഷനിലെ സൂപ്രണ്ട് ജോയി സുനിലും അവധിയിൽ പ്രവേശിച്ചു. ഡി.സി.സി സെക്രട്ടറിയുടെ പരാതിയിൽ പ്രാഥമിക പരിശോധന പോലും നടത്താതെ എ.ഡി.ജി.പി അനിൽകാന്തിന്റെ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പോ അറിയാതെയായിരുന്നു ഉന്നതരുടെ നീക്കങ്ങൾ .

2001 നവംബറിലാണ് ജേക്കബ്തോമസിന്റെ പേരിൽ രാജപാളയത്ത് 50ഏക്കർ മാവിൻതോട്ടം വാങ്ങിയത്. അഗ്രോടെക് കമ്പനിയുടെ ഉടമസ്ഥന്മാർ വിദേശത്തായിരുന്നതിനാൽ അവരുടെ പണമുപയോഗിച്ച് സ്വന്തം പേരിൽ ജേക്കബ്തോമസ് ഭൂമി രജിസ്റ്റർചെയ്യുകയായിരുന്നുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 1997മുതൽ 2007വരെ കാലയളവിലെ ജേക്കബ് തോമസിന്റെ സ്വത്തുക്കൾ വിജിലൻസ് പരിശോധിച്ച് ക്ലീൻചിറ്റ് നൽകി. കേന്ദ്ര സർക്കാരും അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു. കൊച്ചിയിലെ ട്രാവൽഏജൻസി വഴി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയെന്നും ഇസ്രായേലി പൗരന്മാരെ ബിനാമികളാക്കി സ്വത്ത് സമ്പാദിച്ചെന്നുമൊക്കെയാണ് പുതിയ പരാതിയിലുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ