പനി: ശ്രദ്ധിക്കുക മാത്രമാണ് പോംവഴി
June 20, 2017, 12:10 am
ആർ.കിരൺ ബാബു
കേരളത്തിൽ ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ മരണം വിതച്ചത് എച്ച് 1 എൻ1 ആണെങ്കിലും കേരളം ഭയപ്പെടുന്നത് ഡെങ്കിപ്പനിയെയാണ്. എച്ച് 1 എൻ 1 ബാധിച്ച് ഇതുവരെ 53 പേർ മരിച്ചപ്പോൾ ഡെങ്കിപ്പനി മരണം 13 മാത്രമാണ്. ഇപ്പോഴും ഇടയ്‌ക്കിടെ റിപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും എച്ച് 1 എൻ 1 രോഗവും മരണവും ഏറെക്കുറെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കൊതുക് പരത്തുന്ന ഡെങ്കിപ്പനി അങ്ങനെയല്ല, ആർക്കുമില്ലൊരു നിശ്ചയവും എന്നമട്ടിൽ പെരുകുകയാണ്. പകൽ നേരത്തൊരു കൊതുകു കടി കൊണ്ടാൽ ഡെങ്കിപ്പനി വരില്ലെന്ന് ഒരുറപ്പുമില്ലാത്ത അവസ്ഥയിലാണ് കേരളത്തിൽ ജീവിക്കുന്നവർ. കൊതുകിനാണെങ്കിൽ കേരളത്തിൽ എവിടെയുമില്ലൊരു ക്ഷാമവും. അത്രത്തോളമുണ്ട് കൊതുക് പടയുടെ ആധിപത്യം ഈ നാട്ടിൽ. മഴയും വെയിലും മാറിമാറി വരുന്ന ഇപ്പോഴത്തെ കാലാവസ്ഥ കൊതുകുകൾക്ക് ഏറ്റവും അനുയോജ്യമായതിനാൽ ഡെങ്കി നിരക്ക് ഇനിയും ഉയരാം.
 ഡെങ്കിപ്പനി
ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്ഷള, ഈഡിസ് അൽബോപിക്റ്റസ് എന്നീ വിഭാഗം കൊതുകളാണ് നമ്മുടെ നാട്ടിൽ ഡെങ്കി പരത്തുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന വരയൻ കൊതുകുകൾ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ടു വളരുന്നത്. പകൽ സമയത്ത് കടിക്കുന്ന പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്.
നാല് തരത്തിലുളള വൈറസുകളാണ് ഡെങ്കിക്ക് കാരണം. ഒരിക്കൽ രോഗം വന്നിട്ടുളളവർക്ക് വീണ്ടും മറ്റൊരു തരം വൈറസ് ബാധിച്ച് രോഗം വരുന്നത് ഗുരുതരാവസ്ഥയ്‌ക്ക് കാരണമാകും. ഒരാൾക്ക് തന്നെ വീണ്ടും രോഗം വന്നാൽ ഡെങ്കി ഹെമറാജിക് ഫീവർ ആവാൻ സാധ്യതയുണ്ട്. ആന്തരിക രക്തസ്രാവം, രക്തസമ്മർദ്ദം കുറയുക തുടങ്ങിയ അവസ്ഥകളോടെ ഡെങ്കി ഷോക് സിൻഡ്രോം ആകാനും സാധ്യതയുണ്ട്.
മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കു ന്ന രോഗമാണ്. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങളായതിനാൽ പലപ്പോഴും തിരിച്ചറിയാൻ വൈകും.
 രോഗ ലക്ഷണങ്ങൾ
വൈറസ് ബാധിച്ചാൽ ആറു മുതൽ 10 ദിവസത്തിനുളളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന,പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന. പനി തുടങ്ങി നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാനും സാധ്യതയുണ്ട്. മറ്റ് പനികളെ പോലെ കഫക്കെട്ട്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകണമെന്നില്ല.
 പ്‌ളേറ്റ്ലെറ്റുകൾ പൊടുന്നനെ താഴും.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങുന്നതാണ് ഡെങ്കിപ്പനിയുട‌െ ഏറ്റവും വലിയ അപകട സാദ്ധ്യത. കടുത്ത രോഗമുളളവരിൽ (ഡെങ്കി ഷോക് സിൻഡ്രോം) രക്തത്തിലെ പ്ലേറ്റ്‌ലറ്റുക
ളുടെ എണ്ണം കുറഞ്ഞ് മൂക്ക്, മലദ്വാരം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കു ഹെമറാജിക് ഫീവർ).
പ്രതിരോധം:
കൊതുക് കടിയിലൂടെ മാത്രം പകരുന്ന ഡെങ്കി തടയാൻ കൊതുക് നശീകരണമാണ് പ്രധാന വഴി. വീടിനും പരിസരത്തുമുളള ശുദ്ധജലത്തിലാണ് ഈഡിസ് കൊതുക് മുട്ടയിടുന്നത്. പറമ്പിൽ കിടക്കുന്ന പ്‌ളാസ്റ്റിക് കവറിൽ കെട്ടികിടക്കുന്ന ഏതാനും തുളളി വെളളത്തിൽ പോലും കൊതുക് മുട്ടയിടും. കൊതുക് മുട്ടയിടാനുളള സാഹചര്യം ഒഴിവാക്കുകയാണ് ഏറ്റവും പ്രധാന പ്രതിരോധം. വീടും പരിസരവും മാലിന്യം നീക്കി വൃത്തിയായി സൂക്ഷിക്കണം.
കിണറു കൾ ക്ലോറിനേറ്റു ചെയ്യണം. കുട്ടികളെ കൊതുകു വലയ്ക്കുള്ളിൽ തന്നെ കിടത്തണം. കൈകാലുകൾ നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകു തിരികൾ, തൊലിപ്പു റത്ത് പുരട്ടുന്ന ലേപനങ്ങൾ, ഈതൈൽ ടൊളുവാമൈഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്നും ഒരുപരിധി വരെ സംരക്ഷണം നൽകും.
 പനി വന്നാൽ
ധാരാളം വെളളം കുടിക്കണം. പനി കുറയാനുളള മരുന്ന് കൊടുത്ത ശേഷം ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടണം.
..........................
എച്ച് 1 എൻ 1
2009 മുതൽ കേരളത്തിൽ പടർന്നു പിടിക്കാൻ തുടങ്ങിയ എച്ച് 1 എൻ 1 മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന വൈറസ് രോഗമാണ്. തുമ്മലിലൂടെയും ചുമയിലൂടെയുമാണ് പകരുന്നത്.
രോഗലക്ഷണങ്ങൾ
പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടൽ, ചിലരിൽ ഛർദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങൾ നീണ്ടാൽ ഡോക്ടറുടെ സേവനം തേടണം. ഗർഭിണികൾ, വയോധികർ, പ്രമേഹം, ആസ്ത്മ, ഹൃദ്രോഹം, കരൾരോഗം, വൃക്കരോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുളളവർ ലക്ഷണം കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.
 പകരാതെ തടയാം.
രോഗ ബാധിതർ പ്രത്യേകിച്ച് കുട്ടികൾ വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും പോകരുത്.
 ശ്രദ്ധിക്കുക
1. ആവശ്യത്തിന് വിശ്രമം എടുക്കുക
2. രോഗിക്കായി പ്രത്യകം മുറിഒരുക്കുക.
3. മുറിയില്‍ വായു സമ്പർക്കം ഉറപ്പുവരുത്തുക
4. ഒരാൾ മാത്രം രോഗിയെ പരിചരിക്കുക
5. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചെറിയ ടവൽ കൊണ്ട് വായും മൂക്കും മൂടുക
6. സന്ദർശകരെ ഒഴിവാക്കുക
7. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക
8. പോഷകാഹഹാരവും കഞ്ഞിവെളളവും ചൂടു പാനീയങ്ങളും ധാരളമായി കഴിക്കുക
....................................................
എലിപ്പനി
ലെപ്‌ടോസ്‌പൈറ ജനുസ്സിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. എലി, കന്നുകാലികൾ, നായ, പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയാണ് പ്രധാന രോഗവഹകർ.
രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ ലെപ്‌ടോസ്‌പൈറ അനുകൂലസാഹചര്യങ്ങളിൽ ഏറെനാൾ ജീവിച്ചിരിക്കും. നല്ല സൂര്യപ്രകാശവും ഒഴുക്കുമുളള സാഹചര്യങ്ങളിൽ ഇവ നശിക്കും. എലികളും മറ്റും സന്ദർശിക്കാറുള്ള ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ വേണ്ടത്ര മുൻകരുതൽ ഇല്ലാതെ ഇറങ്ങുകയോ, ജോലിചെയ്യുകയോ, കുളിക്കുകയോ ചെയ്യുമ്പോൾ രോഗാണു മനുഷ്യശരീരത്തിൽ എത്താം. കൈകാലുകളിലെ പോറലുകൾ, മുറിവുകൾ , കണ്ണ്, മൂക്ക്, വായ് എന്നിവയിലൂടെയും രോഗാണു മനുഷ്യരിൽ പ്രവേശിക്കാം.
 രോഗലക്ഷണങ്ങൾ
ലെപ്‌ടോസ്‌പൈറ ശരീരത്തില്‍ കടന്നു 7 മുതൽ 10 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച, ശരീരവേദന, തലവേദന, ഛർദ്ദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. കണ്ണിനുചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങളും ഉണ്ടാകും.
തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ശരീരവേദന പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികൾക്കാണ് ഉണ്ടാകുന്നത്.
 കുറഞ്ഞെന്ന് തോന്നാം പക്ഷെ...
8-9 ദിവസമാകുമ്പോള്‍ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ പെട്ടെന്ന് കൂടും. രണ്ടാം ഘട്ടത്തിൽ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണ്. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികൾ വലിഞ്ഞു മുറുകി പോട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം എന്നിവയുണ്ടാകും. വിശപ്പില്ലായ്മ, മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, നെഞ്ചു വേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലർ മാനസിക വിഭ്രമം പ്രകടിപ്പിക്കും. ശ്വാസകോശ തകരാറിനാലുള്ള മരണ സാധ്യത 60 മുതൽ 70ശതമാനമാണ്.
 രോഗപ്രതിരോധം
എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗം.മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. മലിന ജലം കെട്ടി കിടക്കുന്നത് ഒഴിവാകുക. മൃഗപരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക, കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക. തിളച്ചവെള്ളം മാത്രം കുടിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയാത്തവർ പ്രതിരോധമരുന്ന് ഉപയോഗിക്കണം. (അവസാനിച്ചു)
വിവരങ്ങൾക്ക് കടപ്പാട്: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ